“സ്ത്രീ സംസാരിക്കുമ്പോൾ അതെന്തിന് ക്രൈമാകുന്നു?”

സ്ത്രീകളെക്കുറിച്ചുള്ള നമ്മുടെ സാമൂഹിക സങ്കൽപ്പങ്ങൾ ഒരിക്കലും മനുഷ്യകേന്ദ്രിതമായിരുന്നിട്ടില്ല. അവൾ ഒരു ചിഹ്നമാണ്, ഒരു ധാരണയാണ്, ഒരു പ്രതീക്ഷയാണ്. സഹിക്കേണ്ടവൾ, പൊറുക്കേണ്ടവൾ, മൗനം പാലിക്കേണ്ടവൾ. ആ പരിധിക്കുള്ളിൽ അവൾ “നല്ല സ്ത്രീ”യാണ്. ആ പരിധി അവൾ ലംഘിച്ച നിമിഷം , സംസാരിച്ചാൽ, ആരോപിച്ചാൽ, എതിർത്താൽ അവൾ “അസ്വാഭാവിക”യായി മാറുന്നു. സ്ത്രീകൾ ചെയ്യുന്ന കുറ്റകൃത്യങ്ങളെ സമൂഹം ഇത്ര അസ്വസ്ഥതയോടെ നോക്കുന്നതിന്റെ അടിത്തറ ഇതാണ്. കുറ്റകൃത്യം നടന്നതുകൊണ്ടല്ല, സ്ത്രീ എന്ന പ്രതീകം തകർന്നതുകൊണ്ടാണ് ആ അസ്വസ്ഥത.

പുരുഷൻ ക്രൈം ചെയ്താൽ സമൂഹം അതിനെ വ്യക്തിയുടെ സ്വഭാവത്തിലേക്ക് ഒതുക്കുന്നു. അവൻ ദുഷ്ടനാണ്, ക്രിമിനലാണ്, തെറ്റിപ്പോയ മനുഷ്യനാണ്. സ്ത്രീ ക്രൈം ചെയ്താൽ അതൊരു വ്യക്തിഗത സംഭവമായി നിൽക്കില്ല. അത് ഒരു സാമൂഹിക ഭീതിയായി മാറും. “ഇവൾ എങ്ങനെയൊരു സ്ത്രീയാണ്?” എന്ന ചോദ്യം അവിടെയാണ് ഉയരുന്നത്. സ്ത്രീയുടെ ക്രൈം നിയമലംഘനം മാത്രമല്ല, അത് സാമൂഹിക സങ്കൽപ്പ ലംഘനമാണ്. അതുകൊണ്ടുതന്നെയാണ് സ്ത്രീകളിലെ ക്രൈമിനെ വിശദീകരിക്കാൻ “വാസന” പോലുള്ള പദങ്ങൾ വീണ്ടും വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത്. സ്ത്രീയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ദുഷ്ടത, കപടത, പ്രതികാര മനസ്സ്   ഈ ഭാഷ ശാസ്ത്രീയമല്ല, രാഷ്ട്രീയമാണ്. സ്ത്രീയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു പദാവലിയാണ് അത്.

കുറ്റകൃത്യം ജൈവിക പ്രവണതയല്ല. ലിംഗപരമായ സ്വഭാവവുമല്ല. സ്ത്രീകൾക്ക് ക്രൈമിനുള്ള പ്രത്യേക വാസനയുണ്ടെന്ന വാദം ശാസ്ത്രവും മനശാസ്ത്രവും സമൂഹശാസ്ത്രവും ഒരുപോലെ തള്ളിക്കളഞ്ഞതാണ്. എന്നാൽ ഈ വാദം നിലനിൽക്കുന്നത് അതിന്റെ ശാസ്ത്രീയ മൂല്യത്തിനല്ല, അതിന്റെ സാമൂഹിക പ്രയോജനത്തിനാണ്. സ്ത്രീയെ സംശയിക്കാനും ഭയപ്പെടുത്താനും ശിക്ഷിക്കാനും “വാസന” എന്ന വാക്ക് ഏറെ ഉപകരിക്കുന്നു. അത് സ്ത്രീയുടെ പ്രവൃത്തിയെ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വേർപെടുത്തി, അവളുടെ ഉള്ളിലേക്ക് തള്ളിവയ്ക്കുന്നു. അവളുടെ ക്രൈം സാമൂഹിക പരാജയത്തിന്റെ ലക്ഷണമല്ലാതാക്കി, അവളുടെ സ്വഭാവദോഷമാക്കി മാറ്റുന്നു.

സ്ത്രീകൾ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവം പരിശോധിച്ചാൽ ഈ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാകും. അവ അധികാര പ്രദർശനങ്ങളല്ല. പൊതു ഇടങ്ങളിൽ ഭീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങളല്ല. ഭൂരിഭാഗവും അടച്ചിടങ്ങളിലാണ് നടക്കുന്നത്  വീടിനുള്ളിൽ, ബന്ധങ്ങളുടെ ഉള്ളിൽ, ആശ്രിതത്വത്തിന്റെ ചങ്ങലയിൽ. ദാരിദ്ര്യം, സാമ്പത്തിക ആശ്രയം, ദീർഘകാല ഗൃഹപീഡനം, മാനസിക ചൂഷണം  ഇതൊക്കെയാണ് സ്ത്രീകളിലെ ക്രൈമിന്റെ പശ്ചാത്തലം. അവിടെയൊരിടത്തും “സ്വാഭാവിക ദുഷ്ടത”യില്ല. അവിടെയുണ്ട് അതിജീവനത്തിന്റെ അടിയന്തരാവസ്ഥ.

സ്ത്രീ മനശാസ്ത്രം ഈ പശ്ചാത്തലത്തിൽ വായിക്കപ്പെടണം. സ്ത്രീയുടെ മൗനം ഒരു സ്വഭാവമല്ല. അത് പഠിപ്പിക്കപ്പെട്ടതാണ്. ബാല്യം മുതൽ സ്ത്രീ പഠിക്കുന്ന പാഠം ഇതാണ്: സംസാരിച്ചാൽ പ്രശ്നമാകും, ചോദിച്ചാൽ സംശയമാകും, എതിർത്താൽ നീ ഒറ്റപ്പെടും. ഈ നിരന്തര മുന്നറിയിപ്പുകൾ സ്ത്രീയുടെ മനസ്സിൽ രൂപപ്പെടുത്തുന്നത് conflict-avoidant ആയ, guilt-prone ആയ, hyper-vigilant ആയ ഒരു മാനസിക ഘടനയാണ്. ഇത് ബലഹീനതയല്ല. പീഡനത്തിന് അനുയോജ്യമാക്കപ്പെട്ട ഒരു അതിജീവന മനശാസ്ത്രമാണ്.

ഇത്തരമൊരു മനസ്സിൽ ക്രൈം പിറക്കുമ്പോൾ അത് പെട്ടെന്ന് ഉണ്ടാകുന്നതായി തോന്നും. എന്നാൽ യാഥാർത്ഥ്യത്തിൽ അത് വർഷങ്ങളോളം അടിഞ്ഞുകൂടിയ കോപത്തിന്റെ, അപമാനത്തിന്റെ, ഭീതിയുടെ അവസാന പൊട്ടിത്തെറിയാണ്. “ഇനിയും സഹിക്കാനാവില്ല” എന്ന ബോധം ഒരു നിമിഷത്തിൽ പിറക്കുന്നതല്ല. അത് പതുക്കെ പതുക്കെ രൂപപ്പെടുന്നു. ഓരോ അവഗണനയിലും, ഓരോ അപമാനത്തിലും, ഓരോ നിഷേധത്തിലും. സ്ത്രീകളിലെ sudden violence എന്നത് യഥാർത്ഥത്തിൽ long-term psychological suffocation ന്റെ അവസാനഘട്ടമാണ്.

ഇവിടെയാണ് ലൈംഗിക അതിക്രമ ആരോപണങ്ങളുടെ കാര്യത്തിൽ സമൂഹത്തിന്റെ ഏറ്റവും ക്രൂരമായ മുഖം പുറത്തുവരുന്നത്. ഒരു സ്ത്രീ ലൈംഗിക അതിക്രമം ആരോപിച്ച നിമിഷം അവൾ ഇരയാണോ എന്ന ചോദ്യം പിന്നിലേക്ക് നീങ്ങുന്നു. അവൾ “കേസ് കൊടുക്കുന്നവൾ” ആയി മാറുന്നു. ആരോപണം തന്നെ ഒരു സാമൂഹിക കുറ്റകൃത്യമായി ചിത്രീകരിക്കപ്പെടുന്നു. അവൾ നീതി തേടുന്നവളല്ല, സമാധാനം തകർക്കുന്നവളായി മാറുന്നു. ശക്തരായ പുരുഷന്മാർക്കെതിരായ ആരോപണങ്ങൾ ആയാൽ ഈ പ്രതികാരം ഇരട്ടിയാകും.

ആരോപണം ഉന്നയിക്കുന്നത് ഒരു ലഘു തീരുമാനം അല്ല. ഒരു സ്ത്രീ അത് ചെയ്യുമ്പോൾ അവൾ അറിഞ്ഞുതന്നെയാണ് സാമൂഹിക അപമാനം, വ്യക്തിഹത്യ, തൊഴിൽ നഷ്ടം, കുടുംബ ഒറ്റപ്പെടുത്തൽ, നീണ്ട നിയമയാത്ര എല്ലാം ഏറ്റെടുക്കുന്നത്. എന്നിട്ടും അവൾ സംസാരിക്കുന്നു എന്നത് അവളുടെ മനസ്സിൽ ഒരു നിർണായകമായ മാറ്റം സംഭവിച്ചതിന്റെ തെളിവാണ്. ഭയം ഭരിച്ചിരുന്ന മനസ്സ് ഇനി മൗനം ജീവൻ രക്ഷിക്കുന്നില്ലെന്ന് തിരിച്ചറിയുന്ന നിമിഷം. എന്നാൽ സമൂഹം ഈ മാനസിക യാത്ര മനസ്സിലാക്കുന്നില്ല. പകരം ചോദിക്കുന്നു: “എന്തിന് അന്ന് പറഞ്ഞില്ല?” ഈ ചോദ്യം ഒരു അന്വേഷണം അല്ല. അത് ഒരു ശിക്ഷയാണ്.

സ്ത്രീയുടെ ശബ്ദമാണ് ഏറ്റവും അപകടകരമായത്. കാരണം അത് വ്യക്തിയെ മാത്രമല്ല ചോദ്യം ചെയ്യുന്നത്. അത് കുടുംബങ്ങളെ, സ്ഥാപനങ്ങളെ, അധികാര ഘടനകളെ ചോദ്യം ചെയ്യുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ മൊഴി എല്ലായ്പ്പോഴും സംശയിക്കപ്പെടുന്നത്. നിയമത്തിന്റെ ഭാഷയിൽ മാത്രമല്ല, സാമൂഹിക ബോധത്തിലും. ഇവിടെ പ്രശ്നം നീതിയല്ല. അധികാരത്തിന്റെ ഭീതിയാണ്. സ്ത്രീ സംസാരിച്ചാൽ എല്ലാം തകരുമെന്ന് സമൂഹം പേടിക്കുന്നു.

അതിനാലാണ് സ്ത്രീകളിലെ ക്രൈമിനെ, പ്രത്യേകിച്ച് ലൈംഗിക അതിക്രമ ആരോപണങ്ങളെ, “വാസന”, “പ്രതികാരം”, “വ്യാജം” എന്നീ വാക്കുകളിൽ പൊതിയുന്നത്. സ്ത്രീയെ ഒരേസമയം ഇരയും കുറ്റവാളിയും ആക്കുന്ന ഈ വൈരുദ്ധ്യം സമൂഹത്തിന്റെ തന്നെ നൈതിക പരാജയമാണ്. സ്ത്രീയുടെ ക്രൈം അവളുടെ ഉള്ളിലെ ഇരുട്ടല്ല. അത് സമൂഹത്തിന്റെ അടച്ചുവെച്ച മുറിവുകളാണ് പുറത്തുവരുന്നത്.

സ്ത്രീ മനശാസ്ത്രത്തെ ട്രോമയുടെ ഭാഷയിൽ വായിക്കാതെ സ്ത്രീകളിലെ ക്രൈമിനെയോ ലൈംഗിക അതിക്രമ ആരോപണങ്ങളെയോ മനസ്സിലാക്കാൻ കഴിയില്ല. ട്രോമ ഒരു നിമിഷത്തിന്റെ ഓർമ്മമാത്രമല്ല; അത് ശരീരത്തിലും ഭാഷയിലും തീരുമാനങ്ങളിലും പതിയുന്ന ദീർഘകാല അവസ്ഥയാണ്. പീഡനം അനുഭവിക്കുന്ന സ്ത്രീയുടെ മനസ്സ് പലപ്പോഴും “ഫൈറ്റ്” അല്ലെങ്കിൽ “ഫ്ലൈറ്റ്” എന്ന ക്ലാസിക് പ്രതികരണങ്ങളിൽ കുടുങ്ങുന്നില്ല. അവൾ “ഫ്രീസ്” ചെയ്യുന്നു. മൗനം, അനങ്ങാതിരിക്കൽ, സംഭവത്തെ തന്നെ മനസ്സിൽ നിന്ന് മായ്ച്ചുകളയൽ  ഇവ എല്ലാം അതിജീവനത്തിന്റെ ഭാഗങ്ങളാണ്. ഈ അവസ്ഥയിൽ ജീവിക്കുന്ന സ്ത്രീയോട് “എന്തിന് അന്ന് പറഞ്ഞില്ല?” എന്ന് ചോദിക്കുന്നത് ട്രോമയെ തന്നെ നിഷേധിക്കുന്നതിനു തുല്യമാണ്. കാരണം ട്രോമ അനുഭവിക്കുന്ന നിമിഷത്തിൽ ഭാഷ തകരുന്നു; ഓർമ്മകൾ തകർന്നു കിടക്കുന്നു; സ്വയം കുറ്റപ്പെടുത്തൽ മനസ്സിനെ കീഴടക്കുന്നു.

ഇവിടെയാണ് dissociation എന്ന മനശാസ്ത്രാവസ്ഥയുടെ പ്രസക്തി. ദീർഘകാല ലൈംഗികമോ മാനസികമോ ആയ പീഡനം അനുഭവിക്കുന്ന പല സ്ത്രീകളും സംഭവത്തെ “തനിക്കു പുറത്തുള്ള ഒരു കാര്യമായി” അനുഭവിക്കാൻ പഠിക്കുന്നു. ശരീരം അവിടെയുണ്ട്, പക്ഷേ മനസ്സ് അവിടെ ഇല്ല. ഈ dissociation അവരെ ജീവനോടെ നിലനിർത്തുന്നു. എന്നാൽ പിന്നീട്, വർഷങ്ങൾക്കുശേഷം പോലും, സുരക്ഷിതമെന്ന തോന്നൽ ലഭിക്കുന്ന ഒരു നിമിഷത്തിൽ  വിവാഹം, ജോലി, കുട്ടികൾ, സാമ്പത്തിക സ്വാതന്ത്ര്യം, അല്ലെങ്കിൽ മറ്റൊരു സ്ത്രീയുടെ ശബ്ദം  ട്രോമ തിരിച്ചുവരുന്നു. അപ്പോഴാണ് ആരോപണം വരുന്നത്. ഇത് വൈകിയ നീതിയല്ല; വൈകിയ സുരക്ഷയാണ്.

സമൂഹം ഇതെല്ലാം കാണാൻ തയ്യാറാകുന്നില്ല. പകരം, സ്ത്രീയുടെ പ്രതികരണത്തെ “അസ്ഥിരത”യായി ലേബൽ ചെയ്യുന്നു. കരഞ്ഞാൽ അവൾ വികാരാധീന. മിണ്ടാതിരുന്നാൽ അവൾ കപട. വൈകി സംസാരിച്ചാൽ അവൾ വ്യാജ. ഏത് വഴിയെടുത്താലും സ്ത്രീ തെറ്റുകാരിയാണ്. ഇതൊരു മാനസിക കുടുക്കാണ്. സ്ത്രീയെ കുറ്റവാളിയാക്കാനുള്ള ഭാഷ എപ്പോഴും തയ്യാറായിരിക്കുന്നു. അതുകൊണ്ടുതന്നെ സ്ത്രീകളിലെ ക്രൈം ചർച്ചയിൽ മനശാസ്ത്രം ഉപയോഗിക്കപ്പെടുന്നത് പോലും പലപ്പോഴും സ്ത്രീക്കെതിരായ ആയുധമായി മാറുന്നു. “അവൾ മാനസികമായി അസ്ഥിരയാണ്” എന്ന വാചകം നീതി നിഷേധിക്കാൻ മതിയാകും.

ഇവിടെയാണ് കോപത്തിന്റെ രാഷ്ട്രീയം. സ്ത്രീയുടെ കോപം സമൂഹത്തിന് ഏറ്റവും അസഹ്യമായ ഒന്നാണ്. പുരുഷന്റെ കോപം ശക്തിയെന്നും അധികാരമെന്നും വായിക്കപ്പെടുമ്പോൾ, സ്ത്രീയുടെ കോപം ഭ്രാന്തായും അസഭ്യമായും ചിത്രീകരിക്കപ്പെടുന്നു. എന്നാൽ സ്ത്രീകളിലെ പല കുറ്റകൃത്യങ്ങളും ഈ അടിച്ചമർത്തപ്പെട്ട കോപത്തിന്റെ ഫലമാണ്. വർഷങ്ങളോളം മൗനമായി ജീവിച്ച മനസ്സ് ഒരിടത്ത് പൊട്ടുന്നു. ആ പൊട്ടിത്തെറി നിയമപരമായി കുറ്റകൃത്യമാകാം. എന്നാൽ അതിന്റെ മാനസിക വേരുകൾ പരിശോധിക്കാതെ, അതിനെ “സ്ത്രീ സ്വഭാവത്തിലെ ഇരുണ്ട വശം” എന്ന് വിളിക്കുന്നത് ക്രൂരതയാണ്.

ലൈംഗിക അതിക്രമ ആരോപണങ്ങളിൽ ഈ കോപം മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. അത് അക്രമമായി പുറത്തുവരുന്നില്ല; ഭാഷയായി, ആരോപണമായി, മൊഴിയായി പുറത്തുവരുന്നു. പക്ഷേ സമൂഹം അതിനെയും കോപത്തിന്റെ അക്രമമായി തന്നെ വായിക്കുന്നു. “പ്രതികാരം തീർക്കാനാണ്”, “പേര് നശിപ്പിക്കാനാണ്”  ഈ വാക്കുകൾ സ്ത്രീയുടെ ശബ്ദത്തെ വീണ്ടും അക്രമമായി തന്നെ പുനർനിർവചിക്കുന്നു. ഇവിടെ സ്ത്രീക്ക് ഒരിക്കലും നീതി തേടുന്ന വിഷയമാകാൻ അനുവാദമില്ല. അവൾ എപ്പോഴും ഒരു ഉദ്ദേശമുള്ള പ്രതിയാകണം.

മാധ്യമങ്ങൾ ഈ പ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്നു. ലൈംഗിക അതിക്രമ ആരോപണങ്ങൾ വാർത്തയാകുമ്പോൾ, അന്വേഷണം സംഭവത്തിൽ നിന്ന് സ്ത്രീയുടെ ജീവിതത്തിലേക്ക് മാറുന്നു. അവളുടെ വസ്ത്രം, ബന്ധങ്ങൾ, പഴയ തീരുമാനങ്ങൾ, സോഷ്യൽ മീഡിയ  എല്ലാം വിചാരണക്കിരയാകുന്നു. ഇത് നിയമപരമായ അന്വേഷണത്തിന്റെ ഭാഗമല്ല. ഇത് ഒരു സാംസ്കാരിക ശിക്ഷാ സംവിധാനമാണ്. സ്ത്രീയെ മറ്റുള്ളവർക്ക് മുന്നിൽ അഴിച്ചുകാട്ടി, “ഇനി സംസാരിക്കരുത്” എന്ന മുന്നറിയിപ്പ് നൽകുന്ന സംവിധാനം.

നിയമവ്യവസ്ഥയും ഈ സാമൂഹിക ബോധത്തിൽ നിന്ന് പൂർണ്ണമായും മുക്തമല്ല. നിയമം പുസ്തകങ്ങളിൽ ലിംഗനിരപേക്ഷമാണെന്ന് പറയുമ്പോഴും, പ്രായോഗികമായി സ്ത്രീയുടെ മൊഴി എപ്പോഴും “പരിശോധനയ്ക്ക്” വിധേയമാകുന്നു. വൈകിയ പരാതി സംശയമാണ്. വികാരഭരിതമായ മൊഴി വിശ്വസനീയമല്ല. ശാന്തമായ മൊഴി സംശയാസ്പദമാണ്. ഇവിടെ സ്ത്രീയ്ക്ക് ശരിയായ ഒരു മാനസിക നിലയില്ല. അവൾ എങ്ങനെ പെരുമാറിയാലും, അത് അവൾക്കെതിരായ തെളിവായി മാറുന്നു.

ഇതിന്റെ ഫലമായി, സ്ത്രീകളിൽ ക്രൈം ചെയ്യാനുള്ള “വാസന” എന്ന വാദം വീണ്ടും ശക്തിപ്പെടുന്നു. സ്ത്രീയുടെ പ്രവൃത്തിയെ സാമൂഹിക ഘടനകളിൽ നിന്ന് വേർപെടുത്തി, അവളുടെ മനസ്സിന്റെ അകത്തളത്തിലേക്ക് തള്ളിവയ്ക്കുന്ന ഈ വാദം അധികാരത്തിന് സൗകര്യപ്രദമാണ്. കാരണം അപ്പോൾ സമൂഹത്തിന് ഉത്തരവാദിത്വമില്ല. കുടുംബത്തിന് ഉത്തരവാദിത്വമില്ല. സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വമില്ല. എല്ലാം സ്ത്രീയുടെ “സ്വഭാവത്തിലേക്ക്” ഒതുക്കാം.

പക്ഷേ സ്ത്രീകളിലെ ക്രൈമും ആരോപണങ്ങളും നമ്മോട് പറയുന്നത് മറ്റൊന്നാണ്. അത് സമൂഹത്തിന്റെ തന്നെ പരാജയത്തിന്റെ കഥയാണ്. സാമ്പത്തിക ആശ്രിതത്വം, ലൈംഗിക നിയന്ത്രണം, മാനസിക പീഡനം, നീതിയിലേക്കുള്ള പ്രവേശനമില്ലായ്മ — ഇവയെല്ലാം ചേർന്നാണ് സ്ത്രീയുടെ മനസ്സ് രൂപപ്പെടുന്നത്. അവിടെ ക്രൈം ഒരു ആകസ്മിക തിന്മയല്ല. അത് അടച്ചുവെച്ച ജീവിതങ്ങളുടെ ശബ്ദമാണ്.

സ്ത്രീ സംസാരിക്കുമ്പോൾ സമൂഹം പേടിക്കുന്നത് അതുകൊണ്ടാണ്. കാരണം അവളുടെ ശബ്ദം ഒരു വ്യക്തിയുടെ കഥയല്ല. അത് ഒരു ഘടനയുടെ കുറ്റപത്രമാണ്. അതുകൊണ്ടുതന്നെ സ്ത്രീയെ മൗനം പാലിപ്പിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗം അവളെ “കുറ്റവാളി” ആക്കുക എന്നതാണ്. ക്രൈം ചെയ്തതുകൊണ്ടല്ല, സംസാരിച്ചതുകൊണ്ട്.

ഈ ഘട്ടത്തിൽ നാം ചോദിക്കേണ്ട ചോദ്യം ലളിതമാണ്, പക്ഷേ അസൗകര്യകരവുമാണ്. സ്ത്രീകളിലെ ക്രൈമിനെ നാം പഠിക്കുന്നത് അവരെ മനസ്സിലാക്കാനാണോ, അതോ അവരെ നിയന്ത്രിക്കാനാണോ? ലൈംഗിക അതിക്രമ ആരോപണങ്ങളെ നാം കേൾക്കുന്നത് നീതി ഉറപ്പാക്കാനാണോ, അതോ അധികാരം സംരക്ഷിക്കാനാണോ? ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായ ഉത്തരമില്ലാതെ, “വാസന”, “വ്യാജം”, “അസ്ഥിരത” എന്നീ വാക്കുകൾ തുടർന്നും സ്ത്രീകളുടെ ജീവിതങ്ങൾ തകർക്കും.

സ്ത്രീകളിലെ ക്രൈം സ്ത്രീയുടെ ഉള്ളിലെ ഇരുട്ടല്ല. അത് സമൂഹത്തിന്റെ തന്നെ അന്ധകാരമാണ്. സ്ത്രീ സംസാരിക്കുമ്പോൾ, അത് ക്രൈമല്ല. അത് നമ്മൾ കേൾക്കാൻ തയ്യാറാകാത്ത സത്യമാണ്.

“വ്യാജ ആരോപണം” എന്ന വാക്ക് ഒരു നിയമപരമായ വിഭാഗം മാത്രമല്ല; അത് ഒരു സാമൂഹിക ആയുധമാണ്. ഈ ആയുധം എവിടെ എപ്പോഴാണ് ഉപയോഗിക്കപ്പെടുന്നത് എന്നത് ശ്രദ്ധിച്ചാൽ തന്നെ അതിന്റെ രാഷ്ട്രീയം വ്യക്തമാണ്. ശക്തരായ പുരുഷന്മാർ, സ്ഥാപനങ്ങൾ, രാഷ്ട്രീയ–സാംസ്കാരിക അധികാര കേന്ദ്രങ്ങൾ — ഇവ ചോദ്യം ചെയ്യപ്പെടുമ്പോഴാണ് “വ്യാജം” എന്ന മുദ്ര പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത്. ഇത് തെളിവുകളുടെ ഭാഷയിൽ നിന്നുള്ള നിഗമനമല്ല; അധികാരത്തിന്റെ സ്വയംരക്ഷാ പ്രതികരണമാണ്. സ്ത്രീയുടെ ശബ്ദം ഉയരുന്ന നിമിഷം തന്നെ അത് സംശയാസ്പദമാക്കപ്പെടണം എന്നത് ഒരു അനൗപചാരിക സാമൂഹിക ധാരണയായി മാറിയിരിക്കുന്നു.

ഇവിടെ ഒരു കപടത പ്രവർത്തിക്കുന്നു. നിയമം പറയുന്നു — അന്വേഷണം നടക്കട്ടെ, സത്യം പുറത്തുവരട്ടെ. സമൂഹം പറയുന്നു — സ്ത്രീയെ ആദ്യം തന്നെ സംശയിക്കൂ. ഈ സംശയം ഒരു നിഷ്പക്ഷ അവസ്ഥയല്ല. അത് സ്ത്രീയെ ശിക്ഷിക്കുന്ന ആദ്യഘട്ടമാണ്. “വ്യാജം” എന്ന സംശയം ഉയരുന്ന നിമിഷം മുതൽ അവൾക്ക് നഷ്ടപ്പെടുന്നത് സാമൂഹിക വിശ്വാസമാണ്. കേസ് കോടതി തീർപ്പാകുന്നതിന് മുമ്പേ അവൾ സാമൂഹികമായി തോറ്റുകഴിഞ്ഞിരിക്കും. ഇതാണ് ഈ നറേറ്റീവിന്റെ ഏറ്റവും അപകടകരമായ ഫലം.

മാധ്യമങ്ങൾ ഈ പ്രക്രിയയെ വേഗത്തിലാക്കുന്നു. വാർത്തകളുടെ ഭാഷയിൽ തന്നെ ഒരു മുൻവിധി ഒളിഞ്ഞിരിക്കുന്നു. “ആരോപിക്കുന്നു” എന്ന വാക്ക് ആവർത്തിച്ച് ഉപയോഗിച്ച്, അതിന്റെ കൂടെ സംശയം ചേർക്കുന്ന തലക്കെട്ടുകൾ, “വ്യക്തിപരമായ ബന്ധങ്ങൾ”, “പഴയ തർക്കങ്ങൾ”, “സമയക്രമത്തിലെ സംശയം” — ഇതെല്ലാം ചേർന്ന് ഒരു സൂചനാപരമായ കുറ്റപത്രം സ്ത്രീക്കെതിരെ നിർമ്മിക്കുന്നു. ഇത് അന്വേഷണ റിപ്പോർട്ടിങ് അല്ല; ഇത് സാമൂഹിക വിചാരണയാണ്. സ്ത്രീയുടെ ജീവിതം പൊതുജന വിനോദമാകുന്നു. അവളുടെ വേദന content ആകുന്നു. ഇതിലൂടെ മാധ്യമങ്ങൾ പറയുന്നത് ലളിതമാണ്: സംസാരിച്ചാൽ നിന്റെ ജീവിതം ഇതായിരിക്കും.

നിയമവ്യവസ്ഥയുടെ സമീപനവും ഈ സാമൂഹിക ബോധത്തിൽ നിന്ന് പൂർണ്ണമായി വേർപെട്ടിട്ടില്ല. ട്രോമ–സെൻസിറ്റീവ് നീതി എന്ന ആശയം ഇപ്പോഴും പ്രായോഗികമായി വളരെ ദൂരെയാണ്. കോടതിമുറികളിൽ സ്ത്രീയുടെ മൊഴി എങ്ങനെ അവതരിപ്പിക്കണം, എങ്ങനെ ചോദ്യം ചെയ്യണം, എങ്ങനെ വായിക്കണം എന്നതിൽ പഴയ പിതൃസത്താധിഷ്ഠിത സംശയങ്ങൾ തന്നെ ആധിപത്യം പുലർത്തുന്നു. വികാരപ്രകടനം അവിശ്വാസമാണ്. വികാരരഹിതത്വം കപടതയാണ്. സ്ത്രീയ്ക്ക് “ശരിയായ” പ്രതികരണം എന്നൊരു മാനദണ്ഡം അവിടെ ഉണ്ടെങ്കിലും, അത് യാഥാർത്ഥ്യ സ്ത്രീ മനശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്തതാണ്.

ഇതിന്റെ ഫലമായി, സ്ത്രീകളിലെ ക്രൈം എന്ന ചർച്ച വീണ്ടും വീണ്ടും വ്യക്തിയുടെ മനസ്സിലേക്ക് ചുരുങ്ങുന്നു. “അവൾ അസ്ഥിരയാണ്”, “അവൾ പ്രതികാരബുദ്ധിയുള്ളവളാണ്”, “അവൾക്ക് ശ്രദ്ധ വേണം”  ഈ വാചകങ്ങൾ സാമൂഹിക ഘടനകളെ മുഴുവൻ മറയ്ക്കുന്നു. കുടുംബം എവിടെയാണ്? തൊഴിൽസ്ഥലത്തിന്റെ അധികാരബന്ധങ്ങൾ എവിടെയാണ്? സാമ്പത്തിക ആശ്രിതത്വം എവിടെയാണ്? നിയമത്തിലേക്കുള്ള പ്രവേശനത്തിന്റെ അസമത്വം എവിടെയാണ്? ഇവയെല്ലാം മറച്ചുവെച്ച്, സ്ത്രീയുടെ മനസ്സിനെ തന്നെ കുറ്റകൃത്യത്തിന്റെ ഉറവിടമായി പ്രഖ്യാപിക്കുന്നതാണ് ഈ discourse.

പക്ഷേ സ്ത്രീ മനശാസ്ത്രം അത്ര ലളിതമല്ല. സ്ത്രീയുടെ മനസ്സ് രൂപപ്പെടുന്നത് നിരന്തര നിയന്ത്രണങ്ങളിലൂടെയാണ്. അവളുടെ ശരീരത്തിന് മേൽ, സമയത്തിന് മേൽ, ആഗ്രഹങ്ങൾക്ക് മേൽ, ഭാഷയ്ക്ക് മേൽ. ഈ നിയന്ത്രണങ്ങൾ ഒരുമിച്ച് ചേർന്നാണ് സ്ത്രീയുടെ “അനുസരണശീലം” എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന സ്വഭാവം ഉണ്ടാകുന്നത്. എന്നാൽ ഈ അനുസരണം തകരുമ്പോൾ  അത് ക്രൈമായി ആയാലും, ആരോപണമായി ആയാലും  സമൂഹം അതിനെ ഭ്രാന്തായും അപകടകരമായും ചിത്രീകരിക്കുന്നു. കാരണം അനുസരണം തകരുന്നത് അധികാരത്തിന്റെ നിയന്ത്രണം തകരുന്നതിന് തുല്യമാണ്.

സ്ത്രീകളിലെ ക്രൈമിനെ ശരിക്കും കുറയ്ക്കണമെങ്കിൽ, സ്ത്രീകളുടെ ശബ്ദത്തെ അടിച്ചമർത്തുന്ന ഈ മുഴുവൻ ഘടനയും ചോദ്യം ചെയ്യേണ്ടിവരും. അത് അസൗകര്യകരമാണ്. കാരണം അപ്പോൾ പ്രശ്നം ചില “തെറ്റിപ്പോയ സ്ത്രീകളിൽ” ഒതുങ്ങില്ല. പ്രശ്നം കുടുംബങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും നിയമങ്ങളിലേക്കും മാധ്യമങ്ങളിലേക്കും വ്യാപിക്കും. അതുകൊണ്ടാണ് “വാസന” പോലുള്ള ലളിതീകരണങ്ങൾ ഇത്ര ജനപ്രിയമാകുന്നത്. അവ സമൂഹത്തെ കുറ്റവിമുക്തമാക്കുന്നു.

ഇവിടെ അവസാനമായി പറയേണ്ടത് ഇതാണ്. സ്ത്രീകളിലെ ക്രൈമോ, ലൈംഗിക അതിക്രമ ആരോപണങ്ങളോ, സ്ത്രീയുടെ ഉള്ളിലെ ഇരുണ്ട വശത്തിന്റെ തെളിവുകളല്ല. അവ സമൂഹം സ്ത്രീക്ക് അനുവദിച്ച ജീവിതത്തിന്റെ പരിധികൾ എത്ര ശ്വാസംമുട്ടിക്കുന്നതാണെന്നതിന്റെ തെളിവുകളാണ്. സ്ത്രീ സംസാരിക്കുമ്പോൾ, അവൾ ഒരു നിയമലംഘനം ചെയ്യുന്നില്ല. അവൾ ഒരു സാമൂഹിക കരാർ ലംഘിക്കുന്നു — മൗനം പാലിക്കണമെന്ന കരാർ. അതുകൊണ്ടാണ് അവൾക്ക് ഇത്ര വില കൊടുക്കേണ്ടിവരുന്നത്.

സ്ത്രീയുടെ ശബ്ദത്തെ ക്രൈമാക്കി മാറ്റുന്ന ഒരു സമൂഹത്തിൽ, യഥാർത്ഥ കുറ്റവാളി ആരാണ് എന്ന ചോദ്യം നമ്മൾ തുടർച്ചയായി മാറ്റിവയ്ക്കുന്നു. ആ ചോദ്യം നേരിട്ട് ചോദിക്കാനുള്ള ധൈര്യം ഇല്ലാതെ, നീതി, നിയമം, മനശാസ്ത്രം എന്നൊക്കെ പറയുന്നത് വെറും അലങ്കാരമാണ്. സ്ത്രീകളിലെ ക്രൈം നമ്മെ പഠിപ്പിക്കുന്നത് സ്ത്രീയെക്കുറിച്ചല്ല. അത് നമ്മളെക്കുറിച്ചാണ്   നമ്മുടെ ഭീതികളെക്കുറിച്ച്, നമ്മുടെ അധികാരങ്ങളെക്കുറിച്ച്, നമ്മുടെ മൗനങ്ങളെക്കുറിച്ച്.

ഇവിടെ നാം എത്തിനിൽക്കുമ്പോൾ ഒരു അസൗകര്യകരമായ സത്യം നേരിടേണ്ടിവരും. സ്ത്രീകളിലെ ക്രൈമിനെക്കുറിച്ചുള്ള നമ്മുടെ ചർച്ചകൾ യഥാർത്ഥത്തിൽ സ്ത്രീകളെക്കുറിച്ചല്ല; അവ സമൂഹം സ്വയം രക്ഷിക്കാൻ സൃഷ്ടിച്ച കഥകളെക്കുറിച്ചാണ്. “വാസന”, “അസ്ഥിരത”, “വ്യാജ ആരോപണം”, “പ്രതികാര മനസ്സ്”  ഈ വാക്കുകളെല്ലാം സ്ത്രീയുടെ പ്രവർത്തിയെ വിശദീകരിക്കാൻ ഉള്ളവയല്ല, മറിച്ച് സമൂഹത്തിന്റെ ഉത്തരവാദിത്വം ഒഴിവാക്കാൻ ഉള്ളവയാണ്. സ്ത്രീയുടെ ജീവിതത്തിൽ ക്രൈമോ ആരോപണമോ പ്രത്യക്ഷപ്പെടുന്ന നിമിഷം മുതൽ, അവൾ ജീവിച്ച സാമൂഹിക സാഹചര്യങ്ങൾ അദൃശ്യമാക്കപ്പെടുന്നു. അവളുടെ കഥ ഒറ്റ മനസ്സിലേക്ക് ചുരുക്കപ്പെടുന്നു. അത് സൗകര്യപ്രദമാണ്. കാരണം അപ്പോൾ നമ്മൾ ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിക്കേണ്ടതില്ല.

സ്ത്രീകളിലെ ക്രൈം കുറയ്ക്കണമെന്ന് നാം സത്യസന്ധമായി ആഗ്രഹിക്കുന്നുവെങ്കിൽ, സ്ത്രീകളെ “ശരിയാക്കാൻ” ശ്രമിക്കുന്നത് അവസാനിപ്പിക്കണം. അവളുടെ മനസ്സിനെ ചികിൽസിക്കേണ്ട ഒരു തകരാറായി മാത്രം കാണുന്ന സമീപനം പരാജയപ്പെടും. കാരണം പ്രശ്നം അവളുടെ മനസ്സിൽ ആരംഭിക്കുന്നതല്ല. അത് ആരംഭിക്കുന്നത് അവളുടെ ജീവിതത്തിലാണ് — അവൾക്കു ലഭിക്കാത്ത സാമ്പത്തിക സുരക്ഷയിൽ, അവൾക്ക് പറയാൻ അനുവദിക്കാത്ത “ഇല്ല” എന്ന വാക്കിൽ, അവൾക്ക് വിശ്വസിക്കാനാവാത്ത നീതി സംവിധാനത്തിൽ. ഇവ മാറാതെ സ്ത്രീയുടെ മനശാസ്ത്രത്തെ മാത്രം പരിശോധിക്കുന്നത് ഇരയെ വീണ്ടും വീണ്ടും കുറ്റവാളിയാക്കുന്ന പ്രക്രിയ തന്നെയാണ്.

ട്രോമയെ മനസ്സിലാക്കുന്ന ഒരു സമൂഹം സ്ത്രീയുടെ മൊഴിയെ വ്യത്യസ്തമായി കേൾക്കും. വൈകിയ പരാതിയെ സംശയമായി അല്ല, സുരക്ഷയുടെ അടയാളമായി വായിക്കും. വികാരങ്ങളെ അവിശ്വാസത്തിന്റെ തെളിവായി അല്ല, പീഡനത്തിന്റെ ഭാഷയായി കാണും. സ്ത്രീയുടെ കോപത്തെ ഭ്രാന്തായി അല്ല, അടിച്ചമർത്തലിന്റെ രാഷ്ട്രീയ പ്രതികരണമായി മനസ്സിലാക്കും. എന്നാൽ ഇതൊന്നും സംഭവിക്കാൻ എളുപ്പമല്ല. കാരണം അതിന് അധികാരത്തിന്റെ പല തലങ്ങളും ചോദ്യം ചെയ്യേണ്ടിവരും കുടുംബത്തിനുള്ളിലെ അധികാരം, തൊഴിൽസ്ഥലങ്ങളിലെ അധികാരം, നിയമത്തിന്റെ പ്രയോഗത്തിലെ അധികാരം, മാധ്യമങ്ങളുടെ നൈതിക അധികാരം.

ഇവിടെയാണ് മാധ്യമങ്ങളുടെ ഉത്തരവാദിത്വം നിർണായകമാകുന്നത്. സ്ത്രീയുടെ ആരോപണം ഒരു spectacle ആയി മാറ്റുന്നത് നിർത്താതെ, “വ്യാജം” എന്ന സംശയം headline ആക്കി വിൽക്കുന്നത് അവസാനിപ്പിക്കാതെ, സ്ത്രീകളുടെ ശബ്ദം സുരക്ഷിതമാകില്ല. നിയമവ്യവസ്ഥയും അതുപോലെ തന്നെ. ട്രോമ–സെൻസിറ്റീവ് നീതി ഒരു പരിശീലന പരിപാടിയിലോ മാർഗനിർദേശങ്ങളിലോ ഒതുങ്ങുന്ന ആശയമല്ല. അത് സ്ത്രീയുടെ മൊഴിയെ ആദ്യം മനുഷ്യാനുഭവമായി അംഗീകരിക്കുന്ന ഒരു മാനസിക മാറ്റമാണ്. ആ മാറ്റമില്ലാതെ നിയമം സ്ത്രീക്ക് ഒരിക്കലും പൂർണ്ണമായും നീതിയാകില്ല.

പിതൃസത്തയെക്കുറിച്ച് സംസാരിക്കുമ്പോൾ പലർക്കും അത് ഒരു സിദ്ധാന്തപരമായ വാക്കായി തോന്നും. എന്നാൽ സ്ത്രീകളിലെ ക്രൈമിനെയും ലൈംഗിക അതിക്രമ ആരോപണങ്ങളെയും ചുറ്റിപ്പറ്റിയുള്ള ഓരോ സംശയവും, ഓരോ പരിഹാസവും, ഓരോ മൗനവും  ഇവയെല്ലാം പിതൃസത്തയുടെ ദൈനംദിന പ്രവർത്തനങ്ങളാണ്. അത് ഒരു വലിയ പ്രഖ്യാപനമായി വരില്ല. അത് ചെറു ചോദ്യങ്ങളായി വരും: “ഇവൾ എന്തിന് അപ്പോൾ പോയി?”, “ഇപ്പോൾ പറഞ്ഞതെന്തിന്?”, “ഇവൾക്കും കുറച്ച് ഉത്തരവാദിത്വമില്ലേ?” ഈ ചോദ്യങ്ങളാണ് സ്ത്രീയുടെ മനസ്സിനെ വീണ്ടും വീണ്ടും ഒറ്റപ്പെടുത്തുന്നത്.

അതിനാൽ, സ്ത്രീകളിലെ ക്രൈമിനെക്കുറിച്ചുള്ള സത്യസന്ധമായ സംവാദം ഒരു നൈതിക പാഠത്തിൽ അവസാനിക്കരുത്. അത് ഒരു രാഷ്ട്രീയ നിലപാടായി മാറണം. സ്ത്രീയെ സംശയിക്കാനുള്ള സാമൂഹിക സ്വഭാവത്തെ ചോദ്യം ചെയ്യുന്ന നിലപാട്. സ്ത്രീയുടെ ശബ്ദത്തെ അപകടമായി കാണുന്ന ഭീതിയെ തുറന്നുകാട്ടുന്ന നിലപാട്. സ്ത്രീ സംസാരിക്കുമ്പോൾ തകരുന്ന ഘടനകളെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാട്.

സ്ത്രീയുടെ ശബ്ദം സമൂഹത്തിന് അപകടകരമാകുന്നത് അത് കള്ളമായതിനാൽ അല്ല. അത് സത്യം പറയുന്നതിനാലാണ്. ആ സത്യം അസൗകര്യകരമാണ്. അത് നമ്മളെ നമ്മളോടുതന്നെ ചോദ്യം ചെയ്യാൻ നിർബന്ധിക്കുന്നു. സ്ത്രീകളിലെ ക്രൈം, ലൈംഗിക അതിക്രമ ആരോപണങ്ങൾ ഇവ സ്ത്രീയുടെ ഉള്ളിലെ ഇരുട്ടല്ല. അവ നമ്മുടെ സാമൂഹിക ഘടനകളിലെ ഇരുട്ടിലേക്കുള്ള ജനാലകളാണ്.

Read more

അവസാനം ചോദിക്കേണ്ടത് ഇതാണ്: സ്ത്രീ സംസാരിക്കുന്ന ഒരു സമൂഹത്തെ നാം നിർമ്മിക്കുമോ, അതോ സംസാരിക്കുന്ന ഓരോ സ്ത്രീയെയും കുറ്റവാളിയാക്കി മാറ്റുന്ന ഈ സംസ്കാരത്തെ തുടരുമോ? ആ ചോദ്യത്തിനുള്ള ഉത്തരത്തിലാണ് നീതിയും ക്രൈമും തമ്മിലുള്ള യഥാർത്ഥ വ്യത്യാസം ഒളിഞ്ഞിരിക്കുന്നത്.