മിനി മോഹൻ
അനധികൃത കുടിയേറ്റക്കാരെ അതീവ അപകടകാരികളായ കുറ്റവാളികളെ അനുസ്മരിപ്പിക്കും വിധം വിലങ്ങണിയിച്ച് സൈനികവിമാനത്തിൽ ഇവിടെയെത്തിച്ച അമേരിക്കൻ നടപടി, ഇനിയെഴുതപ്പെടുന്ന ഇന്ത്യയുടെ വിദേശനയതന്ത്ര ചരിത്രത്തിൽ ഇരുണ്ട മഷിയിൽ മാത്രം രേഖപ്പെടുത്താനാകുന്ന സംഭവമായിരിക്കും. മതിയായ രേഖകളില്ലെന്നതിനപ്പുറം ഗുരുതരമായ യാതൊരു ക്രിമിനൽകുറ്റവും ആരോപിക്കപ്പെടാത്തവരെയാണ് ആ രാജ്യത്ത് നിലവിലുള്ള നീതിന്യായ സംവിധാനത്തിന്റെ ന്യായമായ വിചാരണയ്ക്ക് പോലും ഹാജരാക്കാതെ അമേരിക്കയിൽ നിന്ന് പുറന്തള്ളിയിരിക്കുന്നത്.
കുടിയേറ്റം, അതധികൃതമാണെങ്കിലും അനധികൃതമാണെങ്കിലും, ഒരു രാജ്യത്തിന്റെയും ആഭ്യന്തരവിഷയം മാത്രമല്ലാത്തതിനാൽ അതിനെ സംബന്ധിച്ച വ്യക്തമായ അന്താരാഷ്ട്ര ധാരണകൾ ഇന്ന് നിലവിലുണ്ട്. അവയെല്ലാം തന്നെ അമേരിക്കയും ഇന്ത്യയും ഉൾപ്പെടെയുള്ള മിക്ക രാജ്യങ്ങളും അംഗീകരിച്ചവയും അനുബന്ധമായ ആഭ്യന്തര നിയമങ്ങളും ചട്ടങ്ങളും സൃഷ്ടിച്ചവയുമാണ്.
ഏതൊരു രാജ്യത്തിനകത്തും ഉണ്ടാകാവുന്ന എങ്ങനെയുള്ളൊരു സംഭവവും അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കാവുന്ന സാഹചര്യങ്ങൾ ഇന്ന് സുലഭമായിരിക്കെ, പ്രബലവും ദുർബലവുമായ രാഷ്ട്രങ്ങളെല്ലാം ഒരുമിച്ചു കൂടുന്ന അന്താരാഷ്ട്ര വേദികളിൽ ക്രമേണ രൂപപ്പെട്ടു വരുന്ന ധാരണകൾ പരസ്പരവിശ്വാസവും സഹകരണവും കൊണ്ട് സമാധാനത്തോടെ മുന്നോട്ട് പോകേണ്ട ലോകത്തിന് തീർച്ചയായും അനിവാര്യമാണ്. അതുകൊണ്ടാണ് കുടിയേറ്റത്തെ സംബന്ധിച്ച് യുഎൻഎച്ച്സിആറും (UNHCR) ഐഎൽഒയും (ILO) നേതൃത്വം കൊടുത്ത് രൂപീകരിച്ച ധാരണകൾ പ്രസക്തമാകുന്നത്. അല്ലാതെ സൈനികശക്തി കൊണ്ടോ സാമ്പത്തികശേഷി കൊണ്ടോ മുന്നിൽ നിൽക്കുന്ന ഏതെങ്കിലും രാജ്യങ്ങളുടെ ഏകപക്ഷീയമായ നടപടികൾ അങ്ങേയറ്റം അരക്ഷിതവും അസ്ഥിരവുമായ ഒരു അവസ്ഥാവിശേഷമായിരിക്കും ഇവിടെ സൃഷ്ടിക്കുക. ഇന്നും അവിടെവിടെ ചില പൊട്ടലും ചീറ്റലുമൊക്കെയുണ്ടെങ്കിലും, ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിലുള്ള അനിശ്ചിതാവസ്ഥയൊന്നും ഭൂമിയിലില്ലാത്തത് മേൽപ്പറഞ്ഞ അന്താരാഷ്ട്ര വേദികളുടെ സ്വാധീനവും സമ്മർദ്ദവും കൊണ്ടാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ലോകത്തിലെ ഏറ്റവും പുരാതനവും ശക്തവുമായ ജനാധിപത്യരാജ്യത്ത് നിന്നുമുള്ള സൈനിക വിമാനം ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൽ വന്നിറങ്ങിയപ്പോൾ ലംഘിക്കപ്പെട്ടതും ഈ അന്താരാഷ്ട്രമര്യാദകളാണ്. പൊതുജനാവിൽ നിന്ന് ഗണ്യമായ ഭാഗം മുടക്കി നിരന്തരമായി പരിഷ്കരിക്കപ്പെടുന്ന സൈനികസംവിധാനങ്ങളെ നിലനിർത്താൻ എല്ലാ രാജ്യങ്ങളും പരിശ്രമിക്കുന്ന ഇക്കാലത്ത് ഏതെങ്കിലുമൊരു രാജ്യത്തിന്റെ ഭാഗത്തു നിന്നുള്ള അന്യായമോ അഥവാ എടുത്തുചാട്ടമോ പ്രവചനാതീതമായ പ്രത്യാഘാതങ്ങളിലേക്കായിരിക്കും സമീപഭാവിയിൽ തന്നെ ലോകത്തെ നയിക്കുക. അതിനാൽ വട്ടമേശ ചർച്ചകളിൽ ഉരുത്തിരിയുന്ന ധാരണകൾക്കനുസരിച്ച് രാജ്യങ്ങൾ പരസ്പരം പ്രതികരിക്കുന്നതായിരിക്കും അഹങ്കാരം തലക്ക് പിടിച്ച് എന്തെങ്കിലും ചെയ്യുന്നതിനേക്കാൾ ഹിതകരമാവുക.
ട്രമ്പ് അധികാരത്തിലെത്തിയതിന് ശേഷം ഒരുത്തരം ഉന്മാദോവസ്ഥയിലേക്ക് പോകാനാകുന്ന സാഹചര്യമാണ് അമേരിക്കൻ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. അനധികൃതമായി കുടിയേറിയവരെ പുറത്താക്കാൻ വ്യക്തമായ വ്യവസ്ഥകളുണ്ടെന്നിരിക്കെ, സൈനികവിമാനത്തിൽ അവരെ അവരുടെ സ്വന്തം രാജ്യത്തെത്തിക്കുന്നത് വ്യക്തമായ കണക്കുകൂട്ടലുകളുടെ ഭാഗമായിട്ടാണ്. വ്യവസ്ഥാപിതമായ ആകാശപാതകളുണ്ടായിട്ടു പോലും, അസാധാരണമായ ഒരു ദീർഘപാതയിലൂടെ അവരെ ഇന്ത്യയിലെത്തിക്കുന്നതിന് അതിവിപുലമായ ആലോചനകളും തയ്യാറെടുപ്പുകളും നടത്തേണ്ടതുണ്ട്. എന്തെന്നാൽ പരമാധികാര റിപ്പബ്ലിക്കുകളായ രാജ്യങ്ങളിലേക്ക് ഏകപക്ഷീയമായി സൈനികവിമാനങ്ങളയക്കുന്നത് അങ്ങേയറ്റം പ്രതിലോമകരവും പ്രകോപനകരവുമാണെന്ന വസ്തുത അറിയാത്തവരൊന്നുമല്ലല്ലോ അമേരിക്കൻ ഭരണകൂടത്തിലുള്ളത്. അമേരിക്കയുമായി ദീർഘകാല സൗഹൃദം സൂക്ഷിക്കുന്നവരോ തക്കതായ തിരിച്ചടി കൊടുക്കാനുള്ള ശേഷിയില്ലാത്തതോ ആയ രാജ്യങ്ങൾ അതിനോട് അതേ മുറയിൽ പ്രതികരിക്കാത്തതിനാൽ ഒരു യുദ്ധസമാന സാഹചര്യം തൽക്കാലം ഒഴിവായെന്ന് പറയാം. എന്നാലിതേ മാതൃകയിൽ ഒരു സൈനികവിമാനം ചൈനയിലേക്കോ റഷ്യയിലേക്കോ പോവുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതം എന്തായിരിക്കും?
അമേരിക്കയുടെ സൈനികവിമാനങ്ങൾ ഇതുവരെ പറന്നു ചെന്നത് കൊളംബിയയിലേക്കും മെക്സിക്കോയിലേക്കും ഗ്വാട്ടിമാലയിലേക്കും ഇന്ത്യയിലേക്കുമാണ്. അതിൽ ആദ്യത്തെ രണ്ടു പേരും അമേരിക്കൻ ധാർഷ്ട്യത്തെ തങ്ങളുടെ മണ്ണിലിറങ്ങാൻ അനുവദിച്ചില്ല. ഗ്വാട്ടിമാലയുടെ നിവൃത്തിക്കേട് മനസ്സിലാക്കാം. എന്നാൽ സൈനികമായോ സാമ്പത്തികമായോ നയതന്ത്രപരമായോ അങ്ങനെ എല്ലാറ്റിലും മുമ്പിൽ നിൽക്കുന്നതും അമേരിക്കയുടെ ഉറ്റസുഹൃത്തായും മാറി കഴിഞ്ഞ ഇന്ത്യയുടെ നടപടി എത്രമാത്രം മാതൃകാപരമാണ്? ബുധനാഴ്ച്ച ഉച്ചയോടെ അമൃത്‌സറിലെത്തിയ വിമാനത്തെ തടഞ്ഞില്ലെന്ന് മാത്രമല്ല, ആയൊരു നടപടിയെ ന്യായീകരിക്കുന്ന പ്രസ്താവന വിദേശകാര്യമന്ത്രി രാജ്യസഭയിൽ നടത്തുകയും ചെയ്തു. ഇവിടെ എടുത്തു പറയേണ്ട കാര്യമെന്താണെന്ന് വെച്ചാൽ, തങ്ങളുടെ നടപടികളെ ചോദ്യം ചെയ്യാതെ അനുസരിക്കണമെന്നുള്ള അമേരിക്കയുടെ നിർബന്ധബുദ്ധി അംഗീകരിക്കുന്നത് ഇന്ത്യൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വൈദേശിക വിധേയത്വമല്ലാതെ മറ്റൊന്നുമല്ല.
എത്ര സങ്കുചിതമായ ദേശീയതയുടെ ആധാരത്തിൽ അധികാരത്തിൽ എത്തിയതായാലും, അന്യരാജ്യങ്ങളിലെ പൗരന്മാരെ സംബന്ധിച്ച നിലപാടുകൾ ട്രമ്പ് ഓഫീസ് മുറിയിൽ ഒറ്റക്കിരുന്നെടുത്തുവെന്ന് കരുതേണ്ടതില്ല. കാലിക്കൂട്ടത്തെ ആട്ടിത്തളിക്കുന്ന പോലെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചാൽ എന്തൊക്കെ സംഭവിക്കാമെന്നും അതിന്റെ സാധ്യതകളെന്തൊക്കെയാണെന്നും വിശദമായ കണക്കുകൂട്ടലുകൾ നടത്താതെ പെന്റഗണിൽ നിന്നോ വൈറ്റ്ഹൗസിൽ നിന്നോ ഒരു ഫയലും നീങ്ങുകയില്ല. ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രതികരണം പോലും അളന്നുകുറിച്ചിട്ടായിരിക്കും ആ വിമാനം അവിടെ നിന്ന് പൊങ്ങുക.
മാത്രമല്ല, ഡീഗോ ഗാർഷ്യയിൽ നിന്ന് അമൃത്സറിലേക്ക് എത്താനായി ദീർഘദൂരം ഇന്ത്യൻ വ്യോമാതിർത്തിയിലൂടെ പോകേണ്ടതുണ്ടല്ലോ! അതൊരു സൈനികവിമാനമായതിനാലും അമേരിക്കയുടേതായതിനാലും അനുവാദം കൊടുക്കണോ വേണ്ടന്നോ ഉള്ള തീരുമാനം എടുക്കുന്നത് എയർ ട്രാഫിക് കൺട്രോളർ ഓഫീസിൽ നിന്നാവില്ല. പ്രതിരോധമന്ത്രാലയം ഉൾപ്പെടെ ഉന്നതതലത്തിൽ കൂടിയാലോചിച്ചു അനുവാദം കൊടുത്താൽ മാത്രമേ പ്രസ്തുത വിമാനത്തിന് രാജ്യാതിർത്തിയിൽ പ്രവേശിക്കാൻ പോലുമാകൂ. ഒന്നു കൂടെ തെളിച്ചു പറഞ്ഞാൽ, വരുന്ന വിമാനത്തിനകത്തെ സാധനസാമഗ്രികളെ കുറിച്ചും ആളുകളെ കുറിച്ചുമൊക്കെ പൂർണ്ണ വിവരങ്ങൾ കൈമാറേണ്ടതു പോലുമുണ്ട്. അതിനാൽ അമേരിക്കയിൽ നിന്ന് ഇങ്ങനെയൊരു നീക്കം നടക്കുന്ന കാര്യം ഇന്ത്യൻ അധികൃതർക്ക് അജ്ഞാതമായിരുന്നെന്ന വാദവും അംഗീകരിക്കാനാവില്ല. ഇനിയംഗീകരിച്ചാൽ ഇന്ത്യൻ ഭരണകൂടത്തിന് അതെത്ര മാത്രം അപമാനകരമായിരിക്കും!
2009 മുതൽ രേഖകളില്ലാത്ത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് അയക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ അവയെല്ലാം സൈനികവാഹനങ്ങളിലായിരുന്നോ എന്നതിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. എന്നാൽ അതിന് വ്യക്തമായ ഒരുത്തരം ഇനി മന്ത്രിയോടോ ഭരണകൂടത്തോടോ അന്വേഷിക്കുന്നതിൽ അർത്ഥമില്ല. മറിച്ച് വിട്ടുപോയത് എന്തു കാരണങ്ങൾ കൊണ്ടാണെങ്കിലും ഭൂമിയിലെവിടെയും ഇന്ത്യൻ പൗരത്വത്തിന്റെ അന്തസ്സും ഇന്ത്യക്കാരനേയും കാത്തുസൂക്ഷിക്കാൻ ഇവിടുത്തെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണോ എന്നറിയുന്നതാണ് ഇപ്പോൾ അനിവാര്യമായിരിക്കുന്നത്. സ്വദേശപൗരത്വം ഉപേക്ഷിക്കാതെ തന്നെ മറ്റൊരു പൗരത്വം നേടാൻ അനുവദിക്കുന്ന ഇരട്ടപൗരത്വമൊക്കെ നിലവിൽ വന്ന സ്ഥിതിക്ക് മറ്റൊരു നാട്ടിലേക്ക് മതിയായ യാത്രാരേഖകൾ ഒന്നുമില്ലാതെ കുടിയേറിയ സ്വന്തം പൗരന്മാരോട് അങ്ങേയറ്റം പ്രതികാരമനോഭാവത്തോടെ പെരുമാറാൻ സ്വന്തം ഭരണകൂടത്തിന് കഴിയുമെങ്കിൽ അത് തീർത്തും വിഭജനാശയങ്ങൾ ഉൾക്കൊള്ളുന്ന ഒന്നായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
ലോകമെങ്ങും വൻതോതിൽ കുടിയേറ്റങ്ങൾ നടക്കുന്ന ഇക്കാലത്ത് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് സംഭവിക്കുന്ന തെറ്റുകൾ കുടിയേറ്റക്കാരെ ഗുരുതരമായി ബാധിക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. റിക്രൂട്ടിങ്ങിനിടെ പറ്റുന്ന വളരെ ചെറിയ അക്ഷരത്തെറ്റുകളിൽ തുടങ്ങി ബോധപൂർവ്വം നടത്തുന്ന നിയമലംഘനങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. വിദേശത്തു നിന്നുള്ളവർക്ക് പ്രവേശനാനുവാദമില്ലാത്ത പ്രദേശങ്ങളും തൊഴിലുകളുമുണ്ട്. ഉദാഹരണത്തിന് യുദ്ധമേഖലയിൽ പ്രത്യേക അനുവാദമില്ലാതെ പോകുവാൻ വിദേശികളെ അനുവദിക്കാറില്ല. അതുപോലെ യുദ്ധമേഖലകളിലെ ഏതെങ്കിലും തൊഴിലുകൾ ചെയ്യാൻ വിദേശികൾക്ക് പറ്റില്ല. പക്ഷേ, ഇവിടെ യുദ്ധമേഖലകളിൽ മലയാളി തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പണ്ടുകാലത്ത് വിദേശത്ത് പരിപാടികൾ അവതരിപ്പിക്കാൻ പോകുന്ന കലാസംഘങ്ങളിൽ നിന്ന് ഓടിപ്പോകുന്നവരെ കുറിച്ചുള്ള വാർത്തകൾ കേൾക്കാറുണ്ട്. ഇന്ന് കർശനമായ നടപടികളെടുത്ത് ഈ പ്രവണത തടഞ്ഞിട്ടുണ്ട്. തൊണ്ണൂറുകൾക്ക് ശേഷം ഐടി പോലുള്ള തൊഴിൽ സ്ഥാപനങ്ങളിൽ നിന്ന് വിദേശത്തുള്ള സഹോദരസ്ഥാപനങ്ങളിൽ ജോലിയുടെ ഭാഗമായി തന്നെ എത്തി, അവിടെ നിന്ന് മറ്റു തൊഴിലുകൾ കണ്ടുപിടിച്ച് ക്രമേണ ആ നാട്ടിൽ സ്ഥിരമാകുന്നവർ വ്യാപകമായി. ഇത് ഇന്നും തുടരുന്നു. ഇതിൽ പലതും അനധികൃത കുടിയേറ്റത്തിന്റെ പരിധിയിൽ വരും. അതായത് റിക്രൂട്ടിംഗ് സ്ഥാപനത്തിന്റെ ഒത്താശയോടെ നടക്കുന്ന നിയമലംഘന സ്വഭാവമുള്ള കുടിയേറ്റങ്ങൾ ആണിവ.
അഭയാർത്ഥി ക്യാമ്പിൽ നിന്ന് പുറത്തു കടന്ന് ജോലികൾ ചെയ്ത് ജീവിക്കുന്നവരെ കുറിച്ച് ഇപ്പോഴും കേൾക്കാറുണ്ട്. പണ്ട് ജാഫ്‌നയിൽ നിന്നെത്തിയ ശ്രീലങ്കൻ അഭയാർത്ഥികളും ഈയടുത്ത് ബർമ്മയിൽ നിന്നെത്തിയ റോഹിൻഗ്യൻ അഭയാർത്ഥികളും ഒക്കെ ക്യാമ്പിന് പുറത്തു പോയി ജോലി ചെയ്ത് ജീവിക്കുന്നത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സാമ്പത്തികമായി അങ്ങേയറ്റം ഞെരുക്കപ്പെട്ട്, ഒരു പ്രതീക്ഷയും ഇല്ലാതിരിക്കുമ്പോൾ നിയമലംഘനം ആണെങ്കിലും ഏതെങ്കിലും സമ്പന്നദേശത്തേക്ക് നേരല്ലാത്ത വഴികളിലൂടെ കടക്കുന്നത് ഒരു പ്രതീക്ഷയായിരിക്കും. സ്ഥാപനങ്ങളുടെ സാമർത്ഥ്യം ഇവിടെ വലിയൊരു പ്രേരണയാണ്.
സാമ്പത്തികമായി തകർന്ന ബംഗ്ലാദേശിൽ നിന്ന് മതിയായ രേഖകളില്ലാതെ ഇന്ത്യയിലെത്തിയ ലക്ഷത്തിലധികം പേരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതിപ്പോഴും തുടരുന്നുണ്ട്. പുറത്തു നിന്ന് കൃത്യമായ സഹായം കിട്ടാതെ ആർക്കുമൊന്നും ഒറ്റയ്ക്കിത് ചെയ്യാനാകില്ല. വേശ്യാവൃത്തിക്കായി നേപ്പാളിൽ നിന്നുമൊക്കെ ആയിരക്കണക്കിന് പെൺകുട്ടികളെ ഇന്ത്യയിൽ എത്തിക്കുന്നതും, കാലം കഴിയവേ അവരെല്ലാം വേലക്കാരികളോ മറ്റു കൂലിപ്പണിക്കാരോ ആയി മാറുന്നതുമെല്ലാം മതിയായ രേഖകളില്ലാതെയാണ്. തെരഞ്ഞെടുപ്പടുക്കുമ്പോൾ ഇവർക്ക് വോട്ടർ കാർഡൊക്കെ കിട്ടാറുണ്ട്. അതുവച്ച് ചിലർ റേഷൻകാർഡും മറ്റും സംഘടിപ്പിച്ച് മുന്നോട്ടു പോകാറുണ്ടെങ്കിലും എല്ലാവർക്കും അത് സാധിക്കില്ല.
മേൽപ്പറഞ്ഞതെല്ലാം റിക്രൂട്ടിംഗ് സ്ഥാപനങ്ങൾ കൂടി നേരിട്ട് ഉത്തരവാദികളായ മനുഷ്യകടത്തിന്റെ വിവിധ വശങ്ങളാണ്. ഇതിനെ നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ തൽക്കാലം നമുക്ക് കഴിയുന്നില്ല. പ്രസക്തമായ നിയമങ്ങളുടെ അഭാവമോ ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയോ ഇരകളുടെ ഭാഗ്യമോ ഒക്കെ കൊണ്ട് ഇതെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ തുടരാനാണ് എല്ലാ സാധ്യതകളും.
‘നിയമവിരുദ്ധ കുടിയേറ്റം’ എന്ന പ്രയോഗം പോലും ഔദ്യോഗികമായി ഇല്ലാതായിട്ടുണ്ടെങ്കിലും, മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ ‘മൃഗങ്ങൾ’ എന്ന് വിശേഷിപ്പിക്കുന്ന ട്രമ്പ് കാലങ്ങൾക്ക് മുമ്പേ ഉപേക്ഷിച്ച അധോഗമനത്തിന്റെ വഴികൾ അന്തസ്സായി സ്വീകരിച്ചിരിക്കുന്നു. 1798ലെ ഫ്രഞ്ച്-അമേരിക്കൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ചതും ഒന്നാം-രണ്ടാം ലോകമഹായുദ്ധകാലമുൾപ്പെടെ ആകെ നാലു വട്ടം മാത്രം ഉപയോഗിക്കപ്പെട്ടതുമായ ഏലിയൻസ് നിയമമനുസരിച്ച് പ്രസിഡന്റിന് വിദേശബന്ധമുള്ള ഏതൊരാളെയും കരുതൽ തടങ്കിൽ സൂക്ഷിക്കാനോ അല്ലെങ്കിൽ രാജ്യത്തിൽ നിന്ന് പുറത്താക്കാനോ അധികാരമുണ്ട്. ഇതിനെ കുറിച്ച് ട്രമ്പ് വാചാലനാണ്. ഈ നിയമം ഏഴു ദശകത്തിലേറെയായി ഉപയോഗപ്പെടുത്തിയിട്ടില്ല. ഈ നിയമം ഭേദഗതി ചെയ്തു നടപ്പിലാക്കാൻ ട്രമ്പ് ഉത്സാഹിച്ചാൽ അത് 2.40 ദശലക്ഷം ആളുകളെയാണ് പ്രത്യക്ഷത്തിൽ ബാധിക്കുക.
സൈനികവിമാനത്തിന്റെ വരവ് അമേരിക്കയോ ബ്രിട്ടനോ പോലുള്ള രാജ്യങ്ങളിലേക്ക് ഇന്നും തുടരുന്ന സാഹസികകുടിയേറ്റത്തെ സംബന്ധിച്ച വാർത്തകളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. മഞ്ഞും വെയിലും പാമ്പും ചതുപ്പും വേട്ടക്കാരും അതിർത്തിസേനയേയും ഒക്കെ അതിജീവിച്ച് സമ്പന്നതയുടെ കാനാൻ ദേശങ്ങളിലേക്ക് കുടിയേറുന്നവരുണ്ട്. ആഴ്ചകളോ മാസങ്ങളോ കടലിൽ അലഞ്ഞുതിരിഞ്ഞാലും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമെന്ന് ഒരു ഉറപ്പുമില്ലാത്ത യാത്രബോട്ടുകൾ കേരളത്തിൽ നിന്നും പോകുന്നുണ്ട്. സുരക്ഷിതത്വമോ സൗകര്യങ്ങളോ ഇല്ലാത്ത ആ ബോട്ടുകളിൽ സ്ത്രീകളും കുട്ടികളുമടക്കം എത്രയോ പേർ ഉണ്ടാവും. ലക്ഷ്യസ്ഥാനത്ത് ജീവനോടെ എത്തുമെന്ന് ഒരു ഉറപ്പുമില്ല എന്ന് മാത്രമല്ല; എത്തിച്ചേർന്നാൽ തന്നെ പിടിക്കപ്പെട്ടില്ലായെങ്കിൽ പോലീസിനെ പേടിച്ച് ആശുപത്രിയിലൊന്നും പോകാനാവാതെ പാത്തും പതുങ്ങിയും എത്രയോ കാലം കഴിച്ചു കൂട്ടണം. എന്നാൽ ഇത്തരം കടത്തുകൾ ഏജൻസികൾക്ക് ചാകരയാണ്. മെക്സിക്കോ അതിർത്തിയിലെ ക്രിമിനൽ സംഘങ്ങൾ ഈയിടെയായി മയക്കുമരുന്ന് വിട്ട് കൂടുതൽ ലാഭം കിട്ടുന്ന അമേരിക്കയിലേക്കുള്ള മനുഷ്യകടത്തിലേക്ക് ചുവട് മാറിയതായി റിപ്പോർട്ടുകളുണ്ട്.
ഇത്തരം മനുഷ്യകടത്തിനായി ഇപ്പോൾ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത് കാനഡയിലെ കോളേജുകളെയാണ്. കോളേജിൽ ചേരാനുള്ള രേഖകളുമായി കാനഡയിലെത്തി തുറന്നു കിടക്കുന്ന അതിർത്തിയിലൂടെ വേഗം അമേരിക്കയിലേക്ക് വരാം. കാനഡയിലെ 260 കോളേജുകൾ കേന്ദ്രീകരിച്ചാണ് ഇത് നടക്കുന്നത്. ചികിത്സാ രേഖകൾ ഉണ്ടാക്കിയും രോഗികളുടെ സഹായികളായി കൂടെ ചെന്ന് മുങ്ങുന്നവരും ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ എത്തുന്നുണ്ട്. പിടിക്കപ്പെട്ടാൽ അഭയാർത്ഥിത്വത്തിന് അപേക്ഷിക്കാം എന്ന സൗകര്യം ഉപയോഗപ്പെടുത്താൻ ഏജൻസികൾ ഉപദേശിക്കും. എന്നാൽ, ഇനിയതൊന്നും ട്രമ്പിന്റെ അമേരിക്കയിൽ സാധ്യമാകില്ല.
മതിയായ യാത്രാരേഖകളില്ലാതെ അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നവരിൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. അവരിൽ 2023ൽ മാത്രം പിടികൂടിയത് 96,917 പേരെയാണ്. 2009 മുതൽ ഇതുവരെ 15756 പേരെ പിടികൂടി ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പേരെയെത്തിച്ച 2019ൽ മാത്രം 2042 പേർ വിമാനമിറങ്ങിയിട്ടുണ്ട്. ഇന്ന് ഏഴ് ലക്ഷത്തിലധികം ഇന്ത്യക്കാർ മതിയായ രേഖകളില്ലാതെ അമേരിക്കയിലുണ്ടെന്ന് കരുതപ്പെടുന്നു.
Read more
ആത്യന്തികമായി അനധികൃതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കുടിയേറ്റങ്ങൾക്കുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതാണ് കാലാന്തരത്തിൽ ഏറ്റവും നല്ലത്. സ്വദേശത്ത് തന്നെ അന്തസ്സായി ജീവിക്കാനാകുന്ന തൊഴിലും സാഹചര്യങ്ങളും ഒരുക്കുന്നത് തന്നെയാണ് അതിനാദ്യം വേണ്ടത്. യുദ്ധങ്ങളും അധിനിവേശങ്ങളും ഇല്ലാതാക്കിയാൽ പാലായനങ്ങളും കുടിയേറ്റങ്ങളും വലിയൊരു പരിധി വരെ ഇല്ലാതാകും. പക്ഷെ, അങ്ങനെയൊക്കെ സംഭവിക്കാനുള്ള സാധ്യതകൾ വളരെ കുറവായതിനാലും സാമ്പത്തികമായും അധികാരപരവുമായുള്ള അസമത്വങ്ങൾ വർദ്ധിക്കുമെന്നതിനാലും ആളുകൾ ഏത് വഴിയും സ്വീകരിച്ച് കുടിയേറുന്നത് ഇനിയും തുടരുവാനാണ് സാധ്യത.