സംസ്ഥാനത്തിന്റെ വാതിൽ ആര്‍ക്ക് തുറക്കും?

ഒരു സർക്കാരിന് ഒരേസമയം കരുണയും നിയമവും സംസാരിക്കേണ്ടി വരും. വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സംരക്ഷിക്കണമെന്ന മനുഷ്യാവകാശ വാദം ഭരണത്തിന് ഒഴിവാക്കാനാവില്ല. അതേ സമയം, പൊതുജോലി എല്ലാ പൗരന്മാർക്കും തുല്യമായി ലഭിക്കേണ്ട അവകാശമാണെന്ന ഭരണഘടനാ നിർദ്ദേശവും അവഗണിക്കാനാവില്ല. ഈ രണ്ടു സത്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ജനാധിപത്യത്തിന്റെ യഥാർത്ഥ സ്വഭാവം പുറത്തുവരുന്നു.

സുപ്രീം കോടതി Bholanath v. State of Jharkhand കേസിൽ സർക്കാർ ഒരു “മാതൃക തൊഴിലുടമ” ആയിരിക്കണമെന്ന് ഓർമ്മിപ്പിച്ചു.

അംഗീകൃത തസ്തികകളിൽ നിയമാനുസൃതമായി പ്രവേശിച്ച് ദീർഘകാലം സേവനം ചെയ്ത ആളുകളെ സ്ഥിരപ്പെടുത്തൽ ആനുകൂല്യങ്ങളിൽ നിന്ന് അകറ്റാൻ വേണ്ടി മാത്രം അനന്തമായ കരാർ നീട്ടുന്നത് നീതിയല്ല. ജീവിതസുരക്ഷയെന്നത് ഒരു ആഡംബരമല്ല; അത് ഒരു അടിസ്ഥാന പ്രതീക്ഷയാണ്. പെട്ടെന്നുള്ള പുറത്താക്കൽ തുല്യനീതിയുടെ ആത്മാവിനെ ബാധിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ നിരീക്ഷണം മാനുഷികമായി ശക്തമാണ്. എന്നാൽ, അതേ നിമിഷം മറ്റൊരു നിശബ്ദ വേദന ഉയരുന്നു  മത്സരപരീക്ഷ വിജയിച്ചിട്ടും നിയമനത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് യുവാക്കളുടെ വേദന. അവരുടെ ചോദ്യവും Article 14 തന്നെയാണ്: ഞങ്ങൾക്കുള്ള സമത്വം എവിടെ?

ഈ ചോദ്യം നമ്മെ തിരിച്ചു കൊണ്ടുപോകുന്നത് Secretary, State of Karnataka v. Umadevi എന്ന നിർണായക വിധിയിലേക്കാണ്. പൊതുസേവനത്തിലേക്കുള്ള പ്രവേശനം തുറന്ന മത്സരത്തിലൂടെ മാത്രമേ ന്യായീകരിക്കാവൂ; പിൻവാതിൽ നിയമനങ്ങൾ ഭരണഘടനാ തത്വത്തെ തകർക്കുമെന്ന് അവിടെ കോടതി പറഞ്ഞിരുന്നു. അത് ഒരു മുന്നറിയിപ്പായിരുന്നു സർക്കാർ ഒരു വ്യക്തിയുടെ രക്ഷകനായി മാറുമ്പോൾ, മറ്റൊരാളുടെ അവകാശം നഷ്ടപ്പെടാം.

ഇന്നത്തെ പ്രശ്നം ഈ രണ്ട് വിധികൾ തമ്മിലുള്ള നിയമവിരോധമല്ല; ഭരണത്തിന്റെ രാഷ്ട്രീയ പ്രയോഗമാണ്. കരാർ നിയമനങ്ങൾ ആദ്യം ഉണ്ടാകുന്നു. തുടർന്ന് വർഷങ്ങളോളം നീട്ടുന്നു. പിന്നെ ആ ദീർഘകാല സേവനം തന്നെ സ്ഥിരപ്പെടുത്തലിന്റെ നൈതിക അടിസ്ഥാനം ആക്കുന്നു. ഈ ചക്രം ആവർത്തിക്കുമ്പോൾ recruitment എന്ന പ്രക്രിയയുടെ ആദ്യം നൽകിയ വാഗ്ദാനം  എല്ലാവർക്കും തുല്യമായ പ്രവേശനം  നിസ്സാരമാവുന്നു.

സർക്കാർ ഔദ്യോഗികമായി സമ്മതിക്കാത്ത ഒരു recruitment trend ഇവിടെ വ്യക്തമാണ്. സ്ഥിരം ഒഴിവുകൾ നികത്താതെ വയ്ക്കുന്നു. PSC റാങ്ക് ലിസ്റ്റുകൾ കാലാവധി കഴിഞ്ഞ് അവസാനിക്കുന്നു. അതേ സമയം കരാർ നിയമനങ്ങൾ കൂട്ടംകൂടുന്നു. പിന്നീട് അതേ ആളുകളെ പുറത്താക്കുന്നത് അന്യായമെന്ന് സർക്കാർ തന്നെ പ്രഖ്യാപിക്കുന്നു. ഇതൊരു യാദൃച്ഛികതയല്ല; ഇത് ഭരണരീതിയായി മാറുന്ന മാതൃകയാണ്.

ഈ മാതൃക meritocracy-യ്ക്ക് നൽകുന്ന സന്ദേശം ദാരുണമാണ്. പരീക്ഷ പാസാകുന്നത് വിജയത്തിന്റെ ഉറപ്പല്ല; സിസ്റ്റത്തിൽ പ്രവേശിക്കുക മാത്രമാണ് നിർണായകം എന്ന ബോധം വ്യാപിക്കുന്നു. ഇതോടെ തുറന്ന മത്സരം വിശ്വാസം നഷ്ടപ്പെടുന്നു. വിദ്യാഭ്യാസവും പരിശ്രമവും രാഷ്ട്രീയ ബന്ധങ്ങളോട് മത്സരിക്കാൻ കഴിയാത്ത സാഹചര്യമാണ് രൂപപ്പെടുന്നത്.

ഇവിടെ സംസ്ഥാനത്തിന്റെ നൈതിക അധികാരം ക്ഷയിക്കുന്നു. കാരണം, നീതി എല്ലാർക്കും ഒരുപോലെ ലഭിക്കണമെന്ന ഭരണഘടനാ വാഗ്ദാനം, പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം കരുണയായി വിതരണം ചെയ്യപ്പെടുന്നു. regularisation ഒരു ക്ഷേമനടപടി എന്നതിലുപരി patronage സിസ്റ്റത്തെ പുനർനിർമ്മിക്കുന്ന രാഷ്ട്രീയ ഉപകരണമായി മാറുന്നു. ആദ്യം നിയമനം അനൗപചാരികമാക്കുക, തുടർന്ന് ആശ്രിതത്വം വളർത്തുക, ഒടുവിൽ രക്ഷകനായി പ്രത്യക്ഷപ്പെടുക അധികാരത്തിന്റെ ഈ രീതി ജനാധിപത്യത്തെ ഉള്ളിൽ നിന്ന് മാറ്റുന്നു.ഇവിടെയാണ് സംസ്ഥാനത്തിന്റെ നൈതിക അധികാരം ചോദ്യം ചെയ്യപ്പെടുന്നത്. selective compassion ഭരണഘടനാ നീതിയല്ല; അത് രാഷ്ട്രീയ തിരഞ്ഞെടുപ്പാണ്.

regularisation ഒരു ക്ഷേമനടപടി മാത്രമല്ലാതെ patronage സിസ്റ്റത്തെ സ്ഥിരപ്പെടുത്തുന്ന സാങ്കേതിക വിദ്യയായി മാറുമ്പോൾ, ഭരണസംവിധാനം തന്നെ പുനർനിർമ്മിക്കപ്പെടുന്നു. ആദ്യം നിയമന നിയന്ത്രണം രാഷ്ട്രീയ സ്വാധീനത്തിലാക്കുക, പിന്നീട് ആശ്രിതത്വം വളർത്തുക, ഒടുവിൽ രക്ഷകനായി പ്രത്യക്ഷപ്പെടുക  അധികാരത്തിന്റെ ഈ നാടകത്തിൽ merit പിന്നിലാകും.ഇതുകൊണ്ടുതന്നെ കരാർ തൊഴിലാളികളുടെ വേദനയും PSC ഉദ്യോഗാർത്ഥികളുടെ വേദനയും തമ്മിൽ ഏറ്റുമുട്ടുന്നുവെന്ന തോന്നൽ തെറ്റിദ്ധാരണയാണ്. യഥാർത്ഥത്തിൽ ഏറ്റുമുട്ടുന്നത് രണ്ട് പൗരാവകാശങ്ങളാണ്. ഒരു വിഭാഗത്തിന്റെ സുരക്ഷ മറ്റൊരാളുടെ അവസരത്തെ വിഴുങ്ങുന്ന രീതിയിലാണെങ്കിൽ, അത് സമത്വമല്ല.അതുകൊണ്ട് തന്നെ പുതിയ കോടതിവിധികളെ തൊഴിലാളി സംരക്ഷണത്തിന്റെ വിജയമെന്ന ഒറ്റവാചകത്തിൽ ഒതുക്കുന്നത് അപകടകരമാണ്. അവ മുന്നറിയിപ്പും കൂടിയാണ്: സർക്കാർ അനന്തമായ കരാർ നിയമനങ്ങൾ സൃഷ്ടിച്ച് പിന്നീടവരെ സ്ഥിരപ്പെടുത്തുന്ന വഴിയിലൂടെ നീതി സ്ഥാപിക്കാനാവില്ല. അതൊരു പരിഹാരമല്ല; ഭാവിയിലെ അസമത്വത്തിന് അടിസ്ഥാനം പാകുന്ന രാഷ്ട്രീയ രീതിയാണ്. പ്രവേശനത്തിൽ സുതാര്യത ഇല്ലാതെ, ഭാവിയിൽ കരാർ നിയമനങ്ങൾക്ക് കർശന നിയന്ത്രണം ഇല്ലാതെ, ഏതൊരു സ്ഥിരപ്പെടുത്തലും സമത്വത്തിന്റെ ഭാഷ സംസാരിച്ചാലും, അതിന്റെ ഫലം തുല്യാവകാശത്തിന്റെ ചുരുങ്ങലായിരിക്കും.

പരിഹാരം മനുഷ്യപരമായ പരിഗണന നിഷേധിക്കുന്നതല്ല. മറിച്ച് പ്രവേശനത്തിൽ സുതാര്യത ഉറപ്പാക്കുകയും ഭാവിയിലെ കരാർ നിയമനങ്ങൾക്ക് കർശന നിയന്ത്രണം കൊണ്ടുവരുകയും ചെയ്യുകയാണ്. അല്ലെങ്കിൽ ഇന്നത്തെ സ്ഥിരപ്പെടുത്തൽ നാളത്തെ പിൻവാതിൽ നിയമനങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകും.

Read more

അവസാനം, ഒരു രാജ്യം തന്റെ യുവാക്കളോട് എന്താണ് പറയുന്നത് എന്നതാണ് നിർണായകം. പഠിക്കുക, മത്സരിക്കുക, കാത്തിരിക്കുക  അവസരം ലഭിക്കും എന്നാണ്ോ? അല്ലെങ്കിൽ ആദ്യം അകത്ത് കടക്കൂ, പിന്നെ രാഷ്ട്രീയം നിങ്ങളെ സംരക്ഷിക്കും എന്നാണോ? ഈ മറുപടി തന്നെയാണ് ജനാധിപത്യത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്നത്.