കുംഭമേള എന്ന ആശയം കേരളത്തിലേക്ക് കടന്നുവരുന്നത് തന്നെ വെല്ലുവിളിയുടെ രൂപത്തിലാകുന്നതില്‍ അത്ഭുതമില്ല. കാരണം, അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളും അവര്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും അടിസ്ഥാനപരമായി മനുഷ്യരെ വിഭജിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. അതിന് അവര്‍ കണ്ടെത്തുന്ന വഴികളിലൊന്ന് സാധാരണ മനുഷ്യരുടെ വിശ്വാസാചാരങ്ങളെ മുതലെടുക്കുക എന്നതും. കുംഭമേളകള്‍ക്ക് പിന്നിലെ മിത്തുകള്‍, ആചാരപരമായ കാര്യങ്ങള്‍ ഇതൊന്നും സംഘപരിവാരങ്ങള്‍ക്ക് പ്രശ്‌നമേയല്ല. പുതുതായി കഥകള്‍ മെനഞ്ഞും തെറ്റിദ്ധരിപ്പിച്ചും അവര്‍ മുന്നോട്ടുപോകും. ചരിത്രവസ്തുതകളോ യുക്തിയോ ഒന്നും തന്നെ അവര്‍ക്ക് ബാധകമായിരിക്കില്ല. തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് വിഘാതമാണെന്ന് കണ്ടാല്‍ ശങ്കരാചാര്യരെ വരെ എടുത്ത് തോട്ടിലെറിയാന്‍ സംഘപരിവാരങ്ങള്‍ക്ക് യാതൊരു വൈമനസ്യവുമില്ല. ഗംഗാ സ്‌നാനം ചെയ്യാനെത്തിയ ശങ്കരാചാര്യ സ്വാമി അവിമുക്താനന്ദയെയും സംഘത്തെയും അജയ് ബിഷ്ടിന്റെ പോലീസ് കൈകാര്യം ചെയ്തത് നാം കണ്ടതാണല്ലോ.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന മതപരമായ ആചാരങ്ങള്‍ സാമൂഹികമായ പല പ്രതിസന്ധികള്‍ക്കും ഇടവരുത്തുമെന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്, അതോടൊപ്പം തികച്ചും ഭൗതികമായ പല പ്രശ്‌നങ്ങള്‍ക്കും അത് കാരണമാകുമെന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തജന പ്രവാഹം നടക്കുന്ന ശബരിമലയിലെ പമ്പയാറിലെ സ്ഥിതിവിശേഷം നമുക്കെല്ലാവര്‍ക്കും അറിയാവുന്ന സംഗതിയാണ്. ”പമ്പയാറിന്‍ പൊന്‍പുളിനത്തില്‍” ”തീട്ടക്കണ്ടിയാണ് നിറഞ്ഞുകിടക്കുന്നതെന്ന്” പറയുന്നത് യുക്തിവാദികളല്ല, മറിച്ച് ഭക്തവത്സലന്മാരായ ശശികലയും എന്‍എസ്എസ്സിന്റെ സുകുമാരന്‍ നായരും ഒക്കെത്തന്നെയാണ്. പമ്പയെ ഒരു നദിയെന്ന മനസ്സിലാക്കുകയും അതിന്റൈ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ മുൂല്യങ്ങളെ തിരിച്ചറിയുന്ന ആളുകല്ല ഈ കെടുതിക്കുത്തരവാദികള്‍. മറിച്ച്, അതിനെ ‘മാതാവാ’യും, ‘പുണ്യസ്ഥല’മായും കാണുന്ന ഭക്തജനങ്ങളും അതിന് കൂട്ടുനില്‍ക്കുന്ന ഭരണസംവിധാനങ്ങളും തന്നെയാണ്. നിളാ നദിയുടെ തീരത്തേക്ക് കുംഭമേളയുടെ പേരില്‍ ജനലക്ഷങ്ങളെ ക്ഷണിച്ചു വരുത്തുമ്പോഴും സംഭവിക്കാനിരിക്കുന്നത് മറ്റൊന്നായിരിക്കില്ല.
നിലനില്‍പ്പ് ഭീഷണി നേരിടുന്ന ഭാരതപ്പുഴ നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത്, കുംഭമേള സൃഷ്ടിക്കാന്‍ പോകുന്ന പ്രതിസന്ധികളുടെ ആഴം മനസ്സിലാക്കാന്‍ സഹായിക്കും.
കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണ് ഭാരതപ്പുഴ എന്ന് നമുക്കറിയാം. മനുഷ്യ ഇടപെടലുകളുടെയും (anthropogenic) പാരിസ്ഥിതിക മാറ്റങ്ങളുടെയും ഫലമായി ഭാരതപ്പുഴ ഗുരുതരമായ അസ്തിത്വ ഭീഷണികള്‍ നേരിടുന്നുണ്ടെന്ന് ഭാരതപ്പുഴയുമായി ബന്ധപ്പെട്ട് നടത്തിയ നിരവധി പഠനങ്ങള്‍ തെളിവു നല്‍കുന്നു. ആവാസവ്യവസ്ഥയുടെ തകര്‍ച്ച, ജലപ്രവാഹത്തിലെ കുറവ്, ജൈവവൈവിധ്യ നഷ്ടം, നദീതടത്തിലെ വരള്‍ച്ച എന്നിവയാണ് പ്രധാന ഭീഷണികള്‍.
അമിതമായ മണല്‍ ഖനനം (ഇത് നദീതടത്തെയും ജലപ്രവാഹത്തെയും ഗുരുതരമായി ബാധിച്ചു), വ്യാവസായിക മലിനീകരണം, അമിത ജലവിനിയോഗം, വനനശീകരണം, നദീതീര സസ്യജാലങ്ങളുടെ നഷ്ടം, അണക്കെട്ടുകളുടെ നിര്‍മ്മാണം, തദ്ദേശീയമല്ലാത്ത ജീവിവര്‍ഗങ്ങളുടെ സാന്നിദ്ധ്യം, മഴയുടെ രീതികളില്‍ മാറ്റം അടക്കമുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍, ഗാര്‍ഹിക മാലിന്യങ്ങള്‍ എന്നിവയും നദിയുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഈ ഘടകങ്ങള്‍ നദിയുടെ ജലശാസ്ത്രപരമായ സമഗ്രത, ജലഗുണത, ജൈവവൈവിധ്യം എന്നിവയ്ക്ക് മേല്‍ പൊതുവായ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഭാരതപ്പുഴയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങളെ അവഗണിച്ചുകൊണ്ട് നടക്കുന്ന ഏത് തരത്തിലുള്ള ഇടപെടലുകളും ഭാരതപ്പുഴയുടെ മരണമണിയായി മാറുമെന്നതില്‍ സംശയമൊന്നുമില്ല.
ഭാരതപ്പുഴ നദിയിലെ മത്സ്യ വൈവിധ്യത്തെക്കുറിച്ചുള്ള 2013-ലെ ഒരു പഠനത്തില്‍ 116 ഇനങ്ങളെ തിരിച്ചറിയുകയുണ്ടായി. അതില്‍ 11% IUCN റെഡ് ലിസ്റ്റില്‍ വംശനാശ ഭീഷണി നേരിടുന്നതായി പട്ടികപ്പെടുത്തിയിട്ടുണ്ട്. മലിനീകരണം, വനനശീകരണം, അണക്കെട്ടുകള്‍, തദ്ദേശീയമല്ലാത്ത ജീവിവര്‍ഗങ്ങള്‍, വിനാശകരമായ മത്സ്യബന്ധനം എന്നിവയ്ക്കൊപ്പം മണല്‍ ഖനനവും ഈ ജീവി വര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്നതായി പഠനം രേഖപ്പെടുത്തുന്നു.
Read more
നദീതടത്തിലെ 27 സ്ഥലങ്ങളിലായി 2022-ല്‍ നടത്തിയ ജലരസതന്ത്രത്തെയും ജല ഗുണനിലവാരത്തെയും സംബന്ധിച്ച വിലയിരുത്തലില്‍ സംസ്‌കരിക്കാത്ത മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നത് നദീ ജലത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതായി കണ്ടെത്തി. നദീജലം കുടിവെള്ള ഉപയോഗത്തിന് അനുയോജ്യമല്ലാതായതായും പഠനം വിലയിരുത്തി.







