ചായയുടെ സുഗന്ധത്തിന് അടിയിൽ മറഞ്ഞിരിക്കുന്ന രക്തവും നിശ്ശബ്ദതയും

ജാർഖണ്ഡിലെ ചാഹ ഗ്രാമത്തിൽ നിന്നുള്ള 23-കാരി പൂനം അശോക് പറയുന്നു: “ഇവിടെ ജീവിക്കുന്നത് കഷ്ടമാണ്. പക്ഷേ വേറെ വഴിയില്ല.” ജോലിയുടെ അഭാവവും കുറഞ്ഞ വേതനവും അവരെ കുടിയേറ്റത്തിന് നിർബന്ധിച്ചു. “ഇല കൊയ്യുമ്പോഴും എന്റെ മനസ്സ് കുട്ടികളോടൊപ്പമാണ്—അവർ സുരക്ഷിതരാണോ?”

അസമിൽ നിന്നുള്ള മസിത അൽത്താഫും അതേ ഭയമാണ് പറയുന്നത്. “ഓരോ നിമിഷവും പേടിയാണ്.” കടബാധ്യതകളാണ് മടങ്ങിപ്പോകാൻ അനുവദിക്കാത്തത്.19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ഇന്നത്തെ Anamalai Tiger Reserve-നോട് ചേർന്ന കുന്നൻ ഷോളവനങ്ങൾ ചായ–കാപ്പി തോട്ടങ്ങളാക്കി മാറ്റി. ആദ്യം തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികളെ കൊണ്ടുവന്നു. തലമുറകളോളം എസ്റ്റേറ്റ് ജോലി ഒരു സ്ഥിരത നൽകി. പക്ഷേ വിദ്യാഭ്യാസവും ഗതാഗതവും മെച്ചപ്പെട്ടതോടെ നാട്ടുകാരായ യുവാക്കൾ പലരും പീഠഭൂമികളിലേക്ക് മാറി. അതാണ് കുടിയേറ്റ തൊഴിലാളികൾക്ക് വാതിൽ തുറന്നത്.

ഏകദേശം 30 എസ്റ്റേറ്റുകളിലായി 15,000 തൊഴിലാളികളുണ്ടെന്നും, അവരിൽ 5,100 പേർ വടക്കൻ, കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റരാണെന്നും യൂണിയനുകൾ പറയുന്നു. ജാർഖണ്ഡ്, അസം, ബിഹാർ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ളവർ കൂടുതലാണ്.

ഇവർ താമസിക്കുന്നത് ഇടുങ്ങിയ മുറികളിലാണ്; വെള്ളവും ശൗചാലയവും 200–350 മീറ്റർ അകലെയായി. താമസസ്ഥലങ്ങൾ വനമേഖലയോട് തുറന്നതാണ്; മൃഗങ്ങൾ സ്വേച്ഛയായി സഞ്ചരിക്കുന്നു,

വാൽപരൈയിൽ ഒരു കുടിയേറ്റ തൊഴിലാളിയുടെ കുഞ്ഞ് പുലിയുടെ വായിൽ അപ്രത്യക്ഷമാകുന്ന നിമിഷം, അത് ഒരു ശരീരത്തിന്റെ അവസാനമല്ല; അത് ഇന്ത്യയുടെ മനസ്സാക്ഷി വീണ്ടും മണ്ണിൽ അടക്കപ്പെടുന്ന ഒരു ചടങ്ങാണ്. കുഞ്ഞിന്റെ നിലവിളി കാടിനുള്ളിൽ അലിഞ്ഞു പോകുമ്പോൾ, ഭരണകൂടത്തിന്റെ ഭാഷ ആരംഭിക്കുന്നു“അപകടം”, “ദൗർഭാഗ്യം”, “വന്യമൃഗ സംഘർഷം”. ഈ വാക്കുകൾ എല്ലാം ചേർന്ന് ഒരൊറ്റ കാര്യമാണ് ചെയ്യുന്നത്: കുഞ്ഞിന്റെ മരണം രാഷ്ട്രീയത്തിൽ നിന്ന് മാറ്റി പ്രകൃതിയുടെ അക്കൗണ്ടിലേക്ക് എഴുതുന്നു. അതോടെ ഉത്തരവാദിത്തം ഇല്ലാതാകുന്നു.

വയനാട്, വാൽപ്പാര മുതൽ ,ആസാം നോർത്ത് ബംഗാൾ , വരെ ഒരേ നിശ്ശബ്ദതയാണ് പടർന്നിരിക്കുന്നത്. ഇവയെ ബന്ധിപ്പിക്കുന്നത് കാടല്ല; തോട്ടമല്ല; വന്യമൃഗങ്ങളുമല്ല. ബന്ധിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ മരണത്തോടുള്ള ഭരണകൂടത്തിന്റെ പരിശീലിത അനാസ്ഥയാണ്. ഈ പ്രദേശങ്ങൾ ഇന്ത്യയുടെ ടൂറിസം പോസ്റ്ററുകളിൽ പച്ചപ്പിന്റെ പ്രതീകങ്ങളാണ്. പക്ഷേ ഈ പച്ചയുടെ അടിയിൽ, ആരും എണ്ണാത്ത കുഞ്ഞുങ്ങളുടെ ശവക്കുഴികളുണ്ട്.

കുടിയേറ്റ തൊഴിലാളി കുഞ്ഞുങ്ങൾ ജനിക്കുന്ന നിമിഷം മുതൽ “അപകടസാധ്യത” എന്ന വിഭാഗത്തിലേക്കാണ് തള്ളപ്പെടുന്നത്. അവരുടെ വീടുകൾ കാടിനോടു ചേർന്നതാണ്; ശൗചാലയങ്ങൾ വീടിന് പുറത്താണ്; വെള്ളം കൊണ്ടുവരാൻ കാട്ടുപാത കടക്കണം; അമ്മയും അച്ഛനും ദിവസത്തിൽ പത്ത് മണിക്കൂറിലധികം തോട്ടത്തിലായതിനാൽ കുഞ്ഞ് പലപ്പോഴും ഒറ്റയ്ക്കാണ്. ഇതൊന്നും ദുരന്തമല്ലെന്ന് സർക്കാർ കരുതുന്നു. ഇത് ‘നോർമൽ’ ആണ്. അതുകൊണ്ടാണ് കുഞ്ഞ് മരിക്കുമ്പോൾ പോലും ‘അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത’ ഒരു അടിയന്തരാവസ്ഥയായി മാറാത്തത്.വയനാട്. കേരളത്തിന്റെ പച്ചപ്പിന്റെ പരസ്യചിത്രം. പക്ഷേ ഇവിടെ കാടും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതൽ ക്രൂരമാണ്. കബനി, പനമരം, വന്യജീവി സങ്കേതങ്ങൾ എല്ലാം മനുഷ്യവാസത്തിനുള്ളിലാണ്. ആദിവാസികളും കുടിയേറ്റ കർഷകരും കാപ്പിത്തോട്ട തൊഴിലാളികളും വന്യമൃഗങ്ങളോടൊപ്പം ജീവിക്കുന്നു എന്നതാണ് ഔദ്യോഗിക ഭാഷ. യാഥാർത്ഥ്യം മറ്റൊന്നാണ്: ആനയാൽ ചവിട്ടപ്പെട്ട വീടുകൾ, പുലിയാൽ കൊലചെയ്യപ്പെട്ട കുട്ടികൾ, കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ച കർഷകർ.

വയനാട്ടിൽ ആന മനുഷ്യനെ കൊല്ലുമ്പോൾ അത് “അപകടം” എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഒരേ പ്രദേശത്ത് വർഷംതോറും ഒരേ രീതിയിൽ മരണങ്ങൾ ആവർത്തിക്കുമ്പോൾ അത് അപകടമല്ല; അത് ഭരണകൂടത്തിന്റെ പരാജയമാണ്.10 മണിക്കൂർ ജോലിക്ക് 444 രൂപ വേതനം ലഭിക്കുന്ന ആനന്ദിയുടെ വാക്കുകൾ: “എട്ട് അടി വീതിയും 14 അടി നീളവുമുള്ള, മഴയിൽ ചോരുന്ന ആസ്ബസ്റ്റോസ് മേൽക്കൂരയുള്ള വീടാണ്. നാല് ലൈനുകൾക്ക് ഒരൊറ്റ ടോയ്ലറ്റ് ബ്ലോക്ക്. വെള്ളത്തിനും ശൗചാലയത്തിനും 200–350 മീറ്റർ നടക്കണം.”വൈദ്യുതി വേലി? അപര്യാപ്തം.വനപാതകളുടെ ശാസ്ത്രീയ അടയാളപ്പെടുത്തൽ? ഇല്ല.ആദിവാസികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും ഭാഷാനുസൃത പരിശീലനം? ഇല്ല.പക്ഷേ വയനാട് “ടൂറിസം ഡെസ്റ്റിനേഷൻ” ആണ്. മരിച്ചവരുടെ പേരുകൾ റിസോർട്ട് ബ്രോഷറുകളിൽ ഇടം പിടിക്കില്ല.

വാൽപരൈയിൽ ഒരു പുലി നാലുവയസ്സുകാരി റോഷ്നിയെ വലിച്ചുകൊണ്ടുപോയത് ഒരു നിമിഷത്തിനുള്ളിൽ ആയിരുന്നു. പക്ഷേ ആ നിമിഷത്തിന് പിന്നിൽ 150 വർഷം പഴക്കമുള്ള ഒരു ചരിത്രമുണ്ട്  വനം വെട്ടിമാറ്റി, തോട്ടമാക്കി, മനുഷ്യരെ കെട്ടിയിട്ട്, പിന്നെ അവരെ “സഹവാസം” പഠിക്കാതെ ഉപേക്ഷിച്ച ഒരു ചരിത്രം. ബ്രിട്ടീഷ് കോളനിപരമ്പരയിൽ തുടങ്ങിയ ഈ തോട്ടസംസ്‌കാരം ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും മാറ്റമില്ലാതെ തുടർന്നു. ഉടമകൾ മാറി. ഭാഷ മാറി. ഭരണകൂടം മാറി. മരണത്തിന്റെ ഘടന മാത്രം മാറിയില്ല.വാൽപരൈയിലെ ചായത്തോട്ടങ്ങൾ Anamalai Tiger Reserve-ന്റെ ബഫർ സോണിലാണ്. അതായത്, വനം അവിടെയുണ്ട്. പുലികളും ആനകളും കരടികളും അവിടെയുണ്ട്. പക്ഷേ അവിടെയുണ്ടാകരുതെന്ന് കരുതുന്നത് മനുഷ്യരാണ് പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികൾ. ജാർഖണ്ഡ്, അസം, ബിഹാർ, ഛത്തീസ്ഗഢ് ഇവിടങ്ങളിൽ നിന്ന് വിശപ്പും കടവും ഒഴിവാക്കാൻ വന്ന മനുഷ്യർ. അവർക്ക് നൽകുന്നത് ചായ ഇല കൊയ്യാനുള്ള കത്തി, ചോർന്ന വീടുകൾ, 300 മീറ്റർ അകലെയുള്ള ശൗചാലയങ്ങൾ, പിന്നെ ഒരു പുലി വന്നാൽ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ.

വാൽപരൈയിൽ ഒരു കുഞ്ഞ് കൊല്ലപ്പെടുമ്പോൾ, അത് “പുലി ആക്രമണം” എന്നാണ് രേഖപ്പെടുത്തുന്നത്. വയനാട്ടിൽ അത് “ആന ശല്യം”. മൂന്നാറിൽ “കാട്ടുപോത്ത് ഇറങ്ങി”. അസമിലും നോർത്ത് ബംഗാളിലും “മനുഷ്യ–ആന സംഘർഷം”. ഓരോ സ്ഥലത്തും മൃഗത്തിന്റെ പേര് മാറുന്നു; കുഞ്ഞിന്റെ അവസ്ഥ മാറുന്നില്ല. എല്ലായിടത്തും കുഞ്ഞ് കൊല്ലപ്പെടുന്നത് ഒരേ കാരണത്താൽ ആണ് അവൾ ജീവിക്കുന്നത് ഒരു സംവിധാനത്തിന്റെ അറ്റത്താണ്; അവളുടെ ജീവൻ ആ സംവിധാനത്തിന് അനാവശ്യമാണ്.

ഈ കുഞ്ഞുങ്ങൾക്ക് ബാല്യം എന്നത് ഒരു സംരക്ഷിത കാലഘട്ടമല്ല. അത് ഭീഷണികളോട് പൊരുത്തപ്പെടാനുള്ള പരിശീലനമാണ്. “രാത്രി പുറത്തിറങ്ങരുത്”, “ചെടിച്ചൂടിനടുത്ത് കളിക്കരുത്”, “ആനയുടെ ശബ്ദം കേട്ടാൽ ഓടരുത്”ഇവയാണ് ഇവർ പഠിക്കുന്ന ആദ്യ പാഠങ്ങൾ. സ്കൂളിൽ പോകുംമുമ്പേ ഇവർ പഠിക്കുന്നത് ജീവനോടെ നിലനിൽക്കാനുള്ള പാഠങ്ങളാണ്. പക്ഷേ ഒരു കുഞ്ഞിനോട് ഇങ്ങനെ പഠിപ്പിക്കേണ്ടി വരുന്നത് തന്നെ ഒരു സമൂഹത്തിന്റെ പരാജയമാണ്. ഇവിടെയാണ് കുഞ്ഞുങ്ങളുടെ ജീവിതം ഏറ്റവും നിശ്ശബ്ദമായി തകർക്കപ്പെടുന്നത്. അമ്മയും അച്ഛനും രാവിലെ ഏഴുമണിക്ക് ഇല കൊയ്യാൻ പോകണം. കുഞ്ഞിനെ വിടാൻ ഒരിടം വേണം. അതിനാണ് ക്രെച്ച്. പക്ഷേ ഈ ക്രെച്ചുകൾ പലപ്പോഴും Eravikulam National Park-നോട് ചേർന്ന വന്യജീവി പാതകളുടെ അരികിലാണ്. ക്രെച്ച് എന്ന വാക്ക് ഇവിടങ്ങളിൽ ഒരു വ്യാജ ആശ്വാസമാണ്. ഒരു മുറി. പത്ത് പതിനഞ്ച് കുഞ്ഞുങ്ങൾ. ഒരാൾ നോക്കാൻ. ചുറ്റും കാട്. വേലി ഇല്ല. കാവൽ ഇല്ല. പുലി വന്നാൽ എന്ത് ചെയ്യണം എന്നറിയാത്ത കുഞ്ഞുങ്ങൾ. മൃഗങ്ങൾ കടന്നുപോകുന്ന പാതയുടെ നടുവിൽ കുട്ടികളെ കൂട്ടിയിട്ട് അതിന് “ശിശുസംരക്ഷണം” എന്ന പേര് നൽകുന്നു. ഇത് സംരക്ഷണമല്ല; ഇത് അപകടത്തിന്റെ ഔദ്യോഗിക അംഗീകാരമാണ്.

മൂന്നാറിലെ ചായത്തോട്ടങ്ങൾ Eravikulam National Park-നോട് ചേർന്നാണ്. ആനകൾ ഇറങ്ങിവരും. കാട്ടുപോത്തുകൾ വരും. ചിലപ്പോൾ പുലികളും. തൊഴിലാളികൾക്ക് അറിയാം രാത്രി പുറത്തിറങ്ങരുത്, കുട്ടികളെ ഒറ്റയ്ക്ക് വിടരുത്. പക്ഷേ അവർക്ക് വേറെ വഴിയില്ല. ശൗചാലയം പുറത്താണ്. വെള്ളം പുറത്താണ്. കുട്ടികളുടെ കളിസ്ഥലം ഇല്ല.

മൂന്നാറിൽ തോട്ടം തൊഴിലാളികൾ സമരം ചെയ്തപ്പോൾ രാജ്യം കണ്ടു. പക്ഷേ സമരം കഴിഞ്ഞാൽ വീണ്ടും പഴയ ജീവിതം. വന്യജീവി ഭീഷണി തൊഴിലാളികളുടെ പ്രശ്നമായി മാത്രം തുടരുന്നു; അത് ഒരിക്കലും വികസന നയത്തിന്റെ പ്രശ്നമാകുന്നില്ല.

മഞ്ഞുമൂടിയ മലനിരകളും ചായപ്പാടങ്ങളും ഹണിമൂൺ ഫോട്ടോകളും മറയ്ക്കുന്നത്, തലമുറകളായി തൊഴിലാളി കുഞ്ഞുങ്ങളെ വിഴുങ്ങുന്ന ഒരു സാമൂഹിക ഘടനയെയാണ്. ഇവിടെ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് ഇന്നലെയുടെ കഥയല്ല. ഇത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കാലത്ത് ആരംഭിച്ച് ഇന്ത്യൻ രാഷ്ട്രം തുടർന്നുകൊണ്ടിരിക്കുന്ന ഒരു ക്രമബദ്ധമായ അവഗണനയുടെ ഫലമാണ്.മൂന്നാർഇന്നത്തെ കേരളത്തിന്റെ അഭിമാനം 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ “കണ്ടെത്തിയ” ഭൂമിയാണ്. കണ്ടെടുത്തത് മലനിരകളെയല്ല; ലാഭസാധ്യതയെയാണ്. കാടുകൾ വെട്ടിമാറ്റി, തണുപ്പും മഴയും ചായയ്ക്ക് അനുയോജ്യമെന്ന് കണക്കാക്കി, ഇവിടം മുഴുവൻ ഒരു പരീക്ഷണശാലയായി മാറ്റി. പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു: ഇവിടെ ഈ മലകളിൽ കൂലിപ്പണിക്ക് ആളില്ല. അങ്ങനെയാണ് മനുഷ്യരെ കൊണ്ടുവരേണ്ടി വന്നത്.തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ നിന്ന്, പിന്നീട് ശ്രീലങ്കൻ തമിഴ് മേഖലകളിൽ നിന്ന്, തൊഴിലാളികളെ കൊണ്ടുവന്നു. ഇത് സ്വമേധയാ കുടിയേറ്റമായിരുന്നില്ല. കടബാധ്യതയും വഞ്ചനയും ബലപ്രയോഗവും ചേർന്ന ഒരു ലേബർ സിസ്റ്റമായിരുന്നു. മലേറിയയും തണുപ്പും കാട്ടുമൃഗങ്ങളും നിറഞ്ഞ ഈ മലകളിൽ, തൊഴിലാളികൾക്ക് തിരിച്ചു പോകാൻ വഴിയില്ലായിരുന്നു. വന്നാൽ ജീവിക്കണം; പോയാൽ മരണം. ഇതായിരുന്നു മൂന്നാറിലെ തൊഴിലാളി ജീവിതത്തിന്റെ ആദ്യ നിയമം.മൂന്നാറിലെ ലൈൻവീടുകൾ ഇന്ന് ഫോട്ടോ എടുക്കുന്നവർ പോലും കാണാതെ കടന്നുപോകുന്ന ഈ ഇടുങ്ങിയ വീടുകൾ ഒരു സാമൂഹിക നിയന്ത്രണ സംവിധാനമായിരുന്നു. ഓരോ കുടുംബവും ഒരു നമ്പർ. ഒരു മുറി. ചോർന്ന മേൽക്കൂര. ശൗചാലയം പുറത്തു. വെള്ളം പുറത്തു. കുഞ്ഞുങ്ങൾ ജനിക്കുന്നത് തന്നെ കാടിനോട് ചേർന്നാണ്. ബാല്യം എന്നത് ഇവിടെ ഒരിക്കലും സുരക്ഷിതമായിരുന്നില്ല. പുലികളും കാട്ടുപോത്തുകളും ആനകളും മനുഷ്യജീവിതത്തിന്റെ “സ്വാഭാവിക ഭാഗം” ആണെന്ന് തൊഴിലാളികൾക്ക് പഠിപ്പിക്കപ്പെട്ടു.

സ്വാതന്ത്ര്യത്തിന് ശേഷം ബ്രിട്ടീഷുകാർ പോയി. പക്ഷേ മൂന്നാർ മാറിയില്ല. ഉടമസ്ഥത മാറി; പേരുകൾ മാറി; പക്ഷേ ലൈനുകളും നിയമങ്ങളും മാറിയില്ല. തൊഴിലാളികൾക്ക് ഭൂമി അവകാശം ലഭിച്ചില്ല. വീടിന്റെ ഉടമസ്ഥത ലഭിച്ചില്ല. മൂന്നാർ ഒരു തുറന്ന തടവറയായി തുടരുകയായിരുന്നു. തലമുറകളായി തൊഴിലാളികൾ അവിടെ ജനിച്ചു, ജോലി ചെയ്തു, മരിച്ചു.

മൂന്നാറിൽ വന്യജീവി സംഘർഷം ഒരു അപവാദമല്ല. അത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. രാത്രി പുറത്തിറങ്ങരുത്, കുട്ടികളെ ഒറ്റയ്ക്ക് വിടരുത്, ശബ്ദം കേട്ടാൽ ഓടരുത്—ഇവയാണ് കുഞ്ഞുങ്ങൾ പഠിക്കുന്ന ആദ്യ പാഠങ്ങൾ. സ്കൂളിൽ പോകുംമുമ്പേ ഇവർ പഠിക്കുന്നത് ജീവനോടെ നിലനിൽക്കാനുള്ള ശാസ്ത്രമാണ്. പക്ഷേ ഒരു കുഞ്ഞിനോട് ഇങ്ങനെ പഠിപ്പിക്കേണ്ടി വരുന്നത് തന്നെ ഒരു സമൂഹത്തിന്റെ പരാജയമാണ്.

മൂന്നാർ ടൂറിസം പരസ്യങ്ങളിൽ ഒരിക്കലും പറയാത്ത ഒരു സത്യമുണ്ട്: ഇവിടെ തൊഴിലാളി കുഞ്ഞുങ്ങൾക്ക് കളിസ്ഥലം ഇല്ല. ചായപ്പാടങ്ങൾ കളിസ്ഥലമല്ല; അത് കാട്ടുപോത്തുകളുടെ പാതയാണ്. കാട് കളിസ്ഥലമല്ല; അത് പുലികളുടെ വേട്ടഭൂമിയാണ്. റോഡ് കളിസ്ഥലമല്ല; അത് ടൂറിസ്റ്റ് വാഹനങ്ങളുടെ പാച്ചിലാണ്. കുഞ്ഞുങ്ങൾക്ക് ഇടമില്ലാത്ത ഒരു ഭൂമിയാണ് മൂന്നാർ.

ഒരു കുഞ്ഞ് കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചാൽ, അത് “അപകടം”. ഒരു കുഞ്ഞ് ആനയുടെ കാൽക്കീഴിൽ മരിച്ചാൽ, അത് “ദൗർഭാഗ്യം”. ഒരു കുഞ്ഞ് പുലിയുടെ ഇരയായാൽ, അത് “വന്യമൃഗ ആക്രമണം”. എവിടെയും ചോദിക്കപ്പെടാത്ത ചോദ്യം എന്തുകൊണ്ട് ഒരു കുഞ്ഞ് ഇങ്ങനെ ജീവിക്കേണ്ടി വന്നു?

നഷ്ടപരിഹാരം നൽകപ്പെടും. അഞ്ചോ പത്തോ ലക്ഷം. അത് ഒരു കുഞ്ഞിന്റെ ജീവന്റെ വിലയല്ല. അത് മൗനത്തിന്റെ വിലയാണ്. സമരം ചെയ്യരുത്, ചോദിക്കരുത്, ചരിത്രം തുറക്കരുത് എന്ന വ്യവസ്ഥയോടെയുള്ള തുക. അതിന് ശേഷം മൂന്നാർ വീണ്ടും മഞ്ഞിൽ മറയും. ടൂറിസ്റ്റുകൾ വരും. ഫോട്ടോകൾ എടുക്കും. കുഞ്ഞിന്റെ പേര് മറക്കപ്പെടും. മൂന്നാർ പഠിപ്പിക്കുന്നത് ഒരേയൊരു പാഠമാണ്: കോളനിപരമായ ചൂഷണം അവസാനിച്ചിട്ടില്ല; അത് സൗന്ദര്യവത്കരിക്കപ്പെട്ടിരിക്കുന്നു. ചായത്തോട്ടത്തിന്റെ പച്ച, മലനിരകളുടെ മഞ്ഞ്, ടൂറിസത്തിന്റെ ഗ്ലാമർ ഇവയെല്ലാം ചേർന്ന് മറയ്ക്കുന്നത്, കുടിയേറ്റ തൊഴിലാളി കുഞ്ഞുങ്ങൾക്ക് ബാല്യം നിഷേധിക്കുന്ന ഒരു സംവിധാനമാണ്.

ഒരു മലയുടെ മുകളിൽ നിന്ന് നോക്കിയാൽ മൂന്നാർ സ്വർഗ്ഗമാണ്. ഒരു ലൈൻവീട്ടിന്റെ ഉള്ളിൽ നിന്ന് നോക്കിയാൽ മൂന്നാർ ഒരു അടച്ചുപൂട്ടിയ ചരിത്രമാണ്.

അസമിൽ ഈ ക്രൂരതക്ക് കൂടുതൽ ചരിത്രമുണ്ട്.അസമിലെ കുടിയേറ്റ തൊഴിലാളി കുഞ്ഞുങ്ങളുടെ കഥ മനസ്സിലാക്കാൻ, ഒരു നൂറ്റാണ്ടിലധികം പിന്നിലേക്ക് പോകാതെ വഴിയില്ല. ഇത് ഇന്നലെ തുടങ്ങിയ ദുരന്തമല്ല; ഇത് ഇന്ത്യയിലെ ഏറ്റവും ദീർഘകാലം നീണ്ടുനിൽക്കുന്ന, നിയമപരമായി സാധൂകരിക്കപ്പെട്ട മനുഷ്യപീഡനത്തിന്റെ ചരിത്രമാണ്. അസമിലെ ചായത്തോട്ടങ്ങൾ വെറും കാർഷിക സ്ഥാപനങ്ങളല്ല; അവ ഒരു സാമൂഹിക തടവറയാണ് തലമുറകളെ അകത്തടച്ചുവെച്ച ഒരു സംവിധാനം.19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, ബ്രിട്ടീഷ് സാമ്രാജ്യം അസമിനെ കണ്ടെത്തിയത് ഒരു മനുഷ്യഭൂപടമായല്ല, ലാഭത്തിനുള്ള ഭൂമിയായിട്ടാണ്. യാൻഡബൂ ഉടമ്പടിക്ക് ശേഷം അസം ബ്രിട്ടീഷ് ഭരണത്തിലായപ്പോൾ, അവിടത്തെ കാടുകളും നദികളും ജനതയും എല്ലാം “ഉപയോഗയോഗ്യമായ വിഭവങ്ങൾ” ആയി പുനർവ്യാഖ്യാനിക്കപ്പെട്ടു. ചായ എന്ന ഒറ്റ വിളയാണ് ഈ ഭൂമിയുടെ വിധി മാറ്റിയത്. പക്ഷേ ആ മാറ്റം അസമിലെ മനുഷ്യർക്കുവേണ്ടിയായിരുന്നില്ല.

ബ്രിട്ടീഷുകാർക്ക് ഉടൻ തന്നെ ഒരു പ്രശ്നം നേരിട്ടു അസമിലെ തദ്ദേശീയ ജനത ചായത്തോട്ടങ്ങളിൽ കൂലിയായി ജോലി ചെയ്യാൻ തയ്യാറായില്ല. കാട് വെട്ടി, ഈർപ്പമുള്ള മലകളിൽ, മലേറിയയും കാട്ടുമൃഗങ്ങളും നിറഞ്ഞ പ്രദേശങ്ങളിൽ, കുറഞ്ഞ വേതനത്തിന് അടിമകളെപ്പോലെ ജോലി ചെയ്യാൻ ആരും തയ്യാറായിരുന്നില്ല. അങ്ങനെയാണ് ഇന്ത്യയിലെ ഏറ്റവും ക്രൂരമായ “ലേബർ സപ്ലൈ സിസ്റ്റം” രൂപപ്പെട്ടത്.

ഛോട്ടാനാഗ്പൂർ പീഠഭൂമി ഇന്നത്തെ ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, മധ്യപ്രദേശ് ഇവിടങ്ങളിൽ നിന്നാണ് മനുഷ്യരെ പിടിച്ചുകൊണ്ടുപോയത്. ഇത് കുടിയേറ്റമല്ല. ഇത് ബലപ്രയോഗം, വഞ്ചന, മനുഷ്യക്കച്ചവടം ആയിരുന്നു. “നല്ല ശമ്പളം”, “സുഖജീവിതം”, “ഭൂമി” എന്ന വാഗ്ദാനങ്ങളോടെ ആദിവാസി സമൂഹങ്ങളെ കപ്പലുകളിലും കാളവണ്ടികളിലും കയറ്റി അസമിലേക്ക് കൊണ്ടുവന്നു. യാത്രയിൽ തന്നെ ആയിരങ്ങൾ മരിച്ചു. രോഗം, വിശപ്പ്, പീഡനം എല്ലാം സ്വാഭാവികമായി സ്വീകരിക്കപ്പെട്ടു. കാരണം അവർ ബ്രിട്ടീഷുകാർക്ക് മനുഷ്യരല്ല; തൊഴിൽശക്തിയായിരുന്നു.

അസമിലെ ചായത്തോട്ടങ്ങളിൽ എത്തിയ മനുഷ്യർക്ക് തിരിച്ചു പോകാനുള്ള വഴിയില്ലായിരുന്നു. ഇൻഡെൻചേഡ് ലേബർ സിസ്റ്റം എന്ന പേരിൽ, നിയമപരമായി തന്നെ അവരെ തോട്ടങ്ങളിൽ ബന്ധിച്ചു. ജോലി വിട്ടാൽ ശിക്ഷ. ഓടിപ്പോയാൽ പിടിച്ച് കൊണ്ടുവന്ന് മർദനം. സ്ത്രീകൾക്ക് ലൈംഗിക പീഡനം. കുട്ടികൾക്ക് ബാലവേല. മരണം വരെ ഈ “തൊഴിൽബന്ധം” നിലനിന്നു. ഇതാണ് ഇന്നത്തെ അസമിലെ ചായത്തോട്ട തൊഴിലാളികളുടെ സാമൂഹിക ഡിഎൻഎ.ഈ അടിമത്തത്തിന്റെ ഏറ്റവും ഭീകരമായ ഇരകൾ കുഞ്ഞുങ്ങളായിരുന്നു. അവർ ജനിക്കുന്നത് തന്നെ തോട്ടത്തിന്റെ പരിധിക്കുള്ളിലാണ്. അവരുടെ ജനനസർട്ടിഫിക്കറ്റിനേക്കാൾ ശക്തമായ ഒരു രേഖ അവർക്കുണ്ടായിരുന്നു തോട്ടത്തിന്റെ രജിസ്റ്റർ. സ്കൂളിലേക്കുള്ള വഴി കാടിലൂടെ. ശൗചാലയം പുറത്തു. വെള്ളം നദിയിൽ നിന്ന്. ആനകളും പുലികളും മനുഷ്യജീവിതത്തിന്റെ ഭാഗം. ബാല്യം എന്നത് ഇവിടെ ഒരിക്കലും ഒരു സുരക്ഷിത ഇടമായിരുന്നില്ല.

1947-ൽ ഇന്ത്യ സ്വതന്ത്രമായി. പക്ഷേ അസമിലെ ചായത്തോട്ടങ്ങളിൽ ഒന്നും സ്വതന്ത്രമായില്ല. ബ്രിട്ടീഷുകാർ പോയി; തോട്ടങ്ങൾ ഇന്ത്യൻ കമ്പനികൾ ഏറ്റെടുത്തു. പക്ഷേ ലേബർ ലൈനുകളും കൂലി ഘടനയും ഭൂമി അവകാശത്തിന്റെ അഭാവവും മാറ്റമില്ലാതെ തുടർന്നു. തൊഴിലാളികൾക്ക് ഭൂമിയില്ല. വീടിന്റെ ഉടമസ്ഥതയില്ല. പോകാൻ മറ്റൊരിടമില്ല. ഇതാണ് തലമുറകളായി തുടരുന്ന അകത്തടച്ചുവെക്കൽ.

അസമിലെ കുടിയേറ്റ തൊഴിലാളി കുഞ്ഞുങ്ങൾ അഥവാ “ടീ ട്രൈബ്സ്” എന്ന പേരിൽ ഔദ്യോഗികമായി വിളിക്കപ്പെടുന്നവർ ഇന്നും ഇന്ത്യയിലെ ഏറ്റവും ദരിദ്രരും പോഷകാഹാരക്കുറവുള്ളവരുമാണ്. മാതൃത്വ മരണനിരക്ക്, ശിശുമരണനിരക്ക്, സ്കൂൾ വിടൽ നിരക്ക് എല്ലാം ദേശീയ ശരാശരിയേക്കാൾ ഉയർന്നത്. ഇതെല്ലാം അറിയാമായിട്ടും, ഭരണകൂടം അവരെ “വികസനത്തിന്റെ പിന്നാക്ക വിഭാഗം” എന്ന ലേബലിൽ ഒതുക്കുന്നു. പിന്നാക്കമാക്കിയത് ആരാണ് എന്ന ചോദ്യം ഒരിക്കലും ഉയരുന്നില്ല.

ഇവിടെയാണ് വന്യജീവി സംഘർഷം കടന്നുവരുന്നത്. അസമിലെ ചായത്തോട്ടങ്ങൾ കാടിന്റെ നടുവിലാണ്. ആനകൾക്ക് അത് അവരുടെ പാതയാണ്. പുലികൾക്ക് അവരുടെ വേട്ടഭൂമിയാണ്. മനുഷ്യർക്കത് അവരുടെ തടവറയാണ്. ഒരു കുഞ്ഞ് ആനയുടെ ചവിട്ടേറ്റ് മരിക്കുമ്പോൾ, അത് വാർത്തയാകുന്നത് ഒരു ദിവസം മാത്രം. കാരണം അസമിൽ ആന മനുഷ്യനെ കൊല്ലുന്നത് പതിവാണ്. പതിവായ മരണങ്ങൾ ഒരു സമൂഹത്തെ മയക്കിക്കൊള്ളും. ഭരണകൂടത്തെയും സമൂഹത്തെയും ഒരുപോലെ.

ഒരു അസമിലെ ചായത്തോട്ട തൊഴിലാളി കുഞ്ഞിന്, മരണം രണ്ട് വഴികളിലാണ് വരുന്നത് മന്ദഗതിയിൽ അല്ലെങ്കിൽ പെട്ടെന്ന്. മന്ദഗതിയിൽ വരുന്നത് പോഷകാഹാരക്കുറവിലൂടെ, അനീമിയയിലൂടെ, ചികിത്സയില്ലായ്മയിലൂടെ. പെട്ടെന്ന് വരുന്നത് ആനയുടെ കാൽക്കീഴിലൂടെയോ പുലിയുടെ വായിലൂടെയോ. രണ്ടും ഒരുപോലെ ഭരണകൂടം സ്വാഭാവികമായി അംഗീകരിക്കുന്നു.അസമിലെ ഈ ചരിത്രം മനസ്സിലാക്കാതെ, വാൽപരൈയിലെയോ വയനാട്ടിലെയോ മൂന്നാറിലെയോ കുടിയേറ്റ തൊഴിലാളി കുഞ്ഞുങ്ങളുടെ മരണം മനസ്സിലാക്കാൻ കഴിയില്ല. കാരണം ഇത് ഒരു സ്ഥലത്തിന്റെ പ്രശ്നമല്ല. ഇത് ഇന്ത്യയിലെ തോട്ടസമ്പദ്‌വ്യവസ്ഥയുടെ ജന്മസിദ്ധമായ ക്രൂരതയാണ്. ഒരിക്കൽ അടിമത്തമായി ആരംഭിച്ചത്, ഇന്ന് “വികസനം” എന്ന പേരിൽ തുടരുന്നു.

അസമിലെ കുഞ്ഞുങ്ങൾ ഇന്നും ചായത്തോട്ടങ്ങളിൽ ജനിക്കുന്നു.
 ഇന്നും കാടിനോട് ചേർന്ന് വളരുന്നു.
 ഇന്നും കണക്കുകളിൽ മാത്രം ജീവിക്കുന്നു.അവർ ചരിത്രത്തിന്റെ അവശിഷ്ടങ്ങളല്ല.
 അവർ ഇന്ത്യ ഇന്നും തീർത്തുകഴിഞ്ഞിട്ടില്ലാത്ത ഒരു കുറ്റത്തിന്റെ സാക്ഷികളാണ്.ചായത്തോട്ട തൊഴിലാളികളുടെ കുഞ്ഞുങ്ങൾ അവിടെ തലമുറകളായി ജനിച്ചിട്ടും, അവർ ഇന്നും ‘കോളനി’യിലാണ്. അവരുടെ കുഞ്ഞുങ്ങൾക്ക് ഇന്നും സുരക്ഷിതമായ വീട് എന്ന ആശയം പരിചിതമല്ല. ആന ചവിട്ടി കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയ്ക്ക് കിട്ടുന്ന നഷ്ടപരിഹാരം, ആ കുഞ്ഞിന്റെ ജീവന്റെ വിലയല്ല. അത് മൗനത്തിന്റെ വിലയാണ്. “ഇനി ചോദിക്കരുത്, സമരം ചെയ്യരുത്, ഈ മരണത്തെ രാഷ്ട്രീയമാക്കരുത്” എന്ന മൗനകരാറാണ്.

നോർത്ത് ബംഗാളിലെ കുടിയേറ്റ തൊഴിലാളി കുഞ്ഞുങ്ങളുടെ ചരിത്രം എഴുതുമ്പോൾ, അത് ഒരു പ്രദേശത്തിന്റെ കഥയായി മാത്രം കാണാൻ കഴിയില്ല. അത് ഇന്ത്യയിലെ തോട്ടമൂലധനത്തിന്റെ ഏറ്റവും നിശ്ശബ്ദവും നീണ്ടുനിൽക്കുന്നതുമായ ക്രൂരതയുടെ രേഖയാണ്. ഡൂവാർസും തരായും ഇന്ന്  വിളിക്കപ്പെടുന്ന ഈ ഭൂമിഭാഗം ഒരിക്കൽ വനം മാത്രമായിരുന്നു. ആ വനത്തിലേക്ക് മനുഷ്യരെ കൊണ്ടുവന്നത് പ്രകൃതിയുടെ പരിണാമമല്ല; ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കണക്കുകൂട്ടലായിരുന്നു.

19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, അസമിന് പിന്നാലെ ബ്രിട്ടീഷുകാർ കണ്ണുവെച്ച രണ്ടാമത്തെ ചായഭൂമിയാണ് നോർത്ത് ബംഗാൾ. ഹിമാലയത്തിന്റെ അടിവാരങ്ങൾ, മഴ, നദികൾ എല്ലാം ചേർന്നപ്പോൾ ചായ വളരാൻ അനുയോജ്യമായ ഭൂപ്രകൃതി. പക്ഷേ ഒരു പ്രശ്നം ഉണ്ടായിരുന്നു: ഇവിടെയും കൂലിപ്പണിക്കാർ ഇല്ല. മലേറിയ നിറഞ്ഞ കാടുകളിൽ, കാട്ടാനകളും പുലികളും സഞ്ചരിക്കുന്ന ഭൂമിയിൽ, കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാൻ തദ്ദേശീയ ജനത തയ്യാറായില്ല. അപ്പോൾ ബ്രിട്ടീഷ് ഭരണകൂടം അസമിൽ ചെയ്ത അതേ പരീക്ഷണം ഇവിടെ ആവർത്തിച്ചു മനുഷ്യരെ ഇറക്കുമതി ചെയ്യുക.

ഛോട്ടാനാഗ്പൂർ പീഠഭൂമി, നേപ്പാൾ അതിർത്തി, മധ്യ ഇന്ത്യ ഇവിടങ്ങളിൽ നിന്നാണ് മനുഷ്യരെ കൊണ്ടുവന്നത്. സാന്താൾ, മുണ്ട, ഒരാവ്, ഖരിയ, ലിംബു ഇവർ നോർത്ത് ബംഗാളിലെ ചായത്തോട്ടങ്ങളുടെ അടിത്തറയായി. ഇത് സ്വമേധയാ കുടിയേറ്റമായിരുന്നില്ല. വഞ്ചനയും കടബാധ്യതയും നിയമപരമായ ബലപ്രയോഗവും ചേർന്ന ഒരു അടിമത്ത സിസ്റ്റമായിരുന്നു. യാത്രക്കിടയിൽ മരിച്ചവരെ ആരും രേഖപ്പെടുത്തിയില്ല. എത്തിച്ചേരുന്നവരെ തോട്ടത്തിന്റെ രജിസ്റ്ററിൽ ചേർത്തു. അതോടെ അവരുടെ ജീവിതം അവസാനിച്ചു; തൊഴിൽ ആരംഭിച്ചു.

ഡൂവാർസ്–തരായ് മേഖലയിലെ ചായത്തോട്ടങ്ങൾ കാടിന്റെ നടുവിലായിരുന്നു. ആനകൾക്ക് അത് അവരുടെ പുരാതന സഞ്ചാരപാത. മനുഷ്യർക്കത് അവരുടെ പുതിയ തടവറ. ബ്രിട്ടീഷുകാർക്ക് ഇതൊരു പ്രശ്നമായിരുന്നില്ല. കാരണം ഒരു തൊഴിലാളി മരിച്ചാൽ മറ്റൊരാളെ കൊണ്ടുവരാം. മനുഷ്യജീവിതം പുനർനിറയ്ക്കാവുന്ന വിഭവം ആയിരുന്നു. ഈ മനോഭാവമാണ് ഇന്നും നോർത്ത് ബംഗാളിൽ ജീവനോടെ തുടരുന്നത്.

ഇവിടത്തെ ലേബർ ലൈനുകൾ ഒരു സാമൂഹിക ശ്മശാനത്തിന്റെ രൂപകൽപ്പനയായിരുന്നു. ഇടുങ്ങിയ വീടുകൾ, ചോർന്ന മേൽക്കൂര, പുറത്തുള്ള ശൗചാലയം, വെള്ളത്തിന് നദിയോ കിണറോ. കുട്ടികൾ ജനിക്കുന്നത് തന്നെ കാടിനോട് ചേർന്നാണ്. ബാല്യം എന്നത് ഇവിടെ ഒരിക്കലും സുരക്ഷിതമായിരുന്നില്ല. ഒരു കുഞ്ഞ് പുലിയുടെ ഇരയായാൽ, അത് ‘അപകടം’. ഒരു കുഞ്ഞ് ആനയുടെ കാൽക്കീഴിൽ മരിച്ചാൽ, അത് ‘ദൗർഭാഗ്യം’. പക്ഷേ ഈ അപകടങ്ങൾ ആവർത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നവർ ഇല്ല.

1947-ൽ ഇന്ത്യ സ്വതന്ത്രമായി. പക്ഷേ നോർത്ത് ബംഗാളിലെ ചായത്തോട്ടങ്ങൾ സ്വതന്ത്രമായില്ല. ബ്രിട്ടീഷുകാർ പോയി; ഉടമസ്ഥർ മാറി; പക്ഷേ തോട്ടത്തിന്റെ ആത്മാവ് മാറിയില്ല. തൊഴിലാളികൾക്ക് ഭൂമിയില്ല. വീടിന്റെ ഉടമസ്ഥതയില്ല. വിദ്യാഭ്യാസത്തിനുള്ള വഴിയില്ല. പുറത്ത് പോകാൻ വഴിയില്ല. ഇതാണ് തലമുറകളായി പൂട്ടിയിട്ടിരിക്കുന്ന സ്വാതന്ത്ര്യം.

സ്വാതന്ത്ര്യാനന്തര കാലത്ത്, നോർത്ത് ബംഗാളിലെ ചായത്തോട്ടങ്ങൾ മറ്റൊരു പ്രതിസന്ധിയിലേക്ക് കടന്നു അടച്ചുപൂട്ടലുകൾ, ശമ്പള കുടിശ്ശിക, ഭക്ഷ്യക്ഷാമം. മാസങ്ങളോളം ശമ്പളം കിട്ടാതെ തൊഴിലാളികൾ മരിച്ചു. കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവിൽ ക്ഷീണിച്ചു. ഈ സമയത്ത് വന്യമൃഗ ഭീഷണി കൂടുതൽ രൂക്ഷമായി. വിശപ്പും പുലിയും ഒരുപോലെ കുഞ്ഞുങ്ങളെ കൊല്ലുന്ന കാലഘട്ടം. ഒന്നിനെ സർക്കാർ ദാരിദ്ര്യം എന്ന് വിളിച്ചു;  മറ്റൊന്നിനെ പ്രകൃതി എന്ന് വിളിച്ചു. രണ്ടും ചേർന്നാണ് കുഞ്ഞുങ്ങളുടെ ജീവൻ എടുത്തത്.

ഡൂവാർസിലും തരായിലും ആനകൾ സ്ഥിരം മനുഷ്യവാസത്തിലേക്ക് ഇറങ്ങുന്നത് ഇന്നും വാർത്തയാണ്. പക്ഷേ ആനകൾ എന്തിന് വരുന്നു എന്ന ചോദ്യം അവിടെയും ചോദിക്കപ്പെടുന്നില്ല. ചായത്തോട്ടങ്ങൾ ആനകളുടെ സഞ്ചാരപാത മുറിച്ചുകടന്നാണ് സ്ഥാപിച്ചത്. കാട് വെട്ടിമാറ്റി. നദീപ്രവാഹം മാറ്റി. പിന്നെ ആന വന്നാൽ അത് “ശല്യം”. ഇത് മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ഏറ്റവും വലിയ കള്ളമാണ്.

നോർത്ത് ബംഗാളിലെ കുടിയേറ്റ തൊഴിലാളി കുഞ്ഞുങ്ങൾ ഇന്ന് മൂന്ന് ചരിത്രങ്ങളുടെ ചുവട്ടിലാണ് വളരുന്നത് കോളനിപരമായ അടിമത്തം, സ്വാതന്ത്ര്യാനന്തര അനാസ്ഥ, വന്യജീവി സംഘർഷം. ഇവയിൽ ഒന്നും അവർ തിരഞ്ഞെടുത്തതല്ല. അവർക്ക് പിറന്നത് ഒരു ലൈൻവീട്ടിലേക്കാണ്; അവിടെ നിന്ന് പുറത്ത് പോകുന്നത് വളരെ കുറച്ച് പേർക്ക് മാത്രമാണ് സാധിക്കുന്നത്. വിദ്യാഭ്യാസം ദൂരെയാണ്. പോഷണം അപര്യാപ്തമാണ്. സുരക്ഷ ഒരു സങ്കൽപ്പമാണ്.

ഒരു കുഞ്ഞ് കൊല്ലപ്പെടുമ്പോൾ, അമ്മയ്ക്ക് കിട്ടുന്ന നഷ്ടപരിഹാരം, ആ കുഞ്ഞിന്റെ ജീവിതത്തിന്റെ വിലയല്ല. അത് ഒരു ചരിത്രത്തെ മൂടിവയ്ക്കാനുള്ള ചെലവാണ്. “ഇത് നൂറ്റാണ്ടുകളായി ഇങ്ങനെ തന്നെയാണ്” എന്ന വാചകത്തിലേക്ക് എല്ലാം ഒതുക്കപ്പെടുന്നു. പക്ഷേ നൂറ്റാണ്ടുകളായി തുടരുന്നതെല്ലാം ചരിത്രമാകണമെന്നില്ല; ചിലത് കുറ്റമായി തന്നെ തുടരുന്നു.

നോർത്ത് ബംഗാളിലെ കുടിയേറ്റ തൊഴിലാളി കുഞ്ഞുങ്ങൾ ചരിത്രത്തിന്റെ അവശിഷ്ടങ്ങളല്ല.
അവർ ഇന്നും നടക്കുന്ന ഒരു പരീക്ഷണത്തിന്റെ ഇരകളാണ്,  മനുഷ്യരെ വനത്തിനുള്ളിൽ വെച്ച്,
അവരുടെ കുഞ്ഞുങ്ങൾ എത്രകാലം ജീവിക്കും എന്ന് നോക്കുന്ന  ഒരു ക്രൂര സാമൂഹിക പരീക്ഷണം.നോർത്ത് ബംഗാളിൽ കുഞ്ഞുങ്ങൾ രണ്ട് മരണങ്ങളുടെ ഇടയിലാണ് വളരുന്നത് വിശപ്പും വന്യമൃഗങ്ങളും. ശമ്പളം കിട്ടാതെ മാസങ്ങൾ കടന്നുപോകുമ്പോൾ കുഞ്ഞ് ക്ഷീണിക്കുന്നു; രാത്രി പുറത്തിറങ്ങുമ്പോൾ പുലിയുടെ ഭീഷണി. ഒന്നിനെ സർക്കാർ ദാരിദ്ര്യം എന്ന് വിളിക്കും; മറ്റൊന്നിനെ പ്രകൃതി എന്ന് വിളിക്കും. രണ്ടും ചേർന്നാണ് കുഞ്ഞിനെ കൊല്ലുന്നത്. പക്ഷേ രണ്ടിനും ഒരുമിച്ചുള്ള പരിഹാരം ഒരിക്കലും ചർച്ചയാകുന്നില്ല.

ഇന്ത്യയിൽ കുടിയേറ്റ തൊഴിലാളി കുഞ്ഞുങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട്—അവർ കണക്കുകളിൽ ഇല്ലാത്ത മനുഷ്യരാണ്. വിദ്യാഭ്യാസ നയങ്ങളിൽ അവർ അപവാദമാണ്. ആരോഗ്യ നയങ്ങളിൽ അവർ ഒരു ശതമാനം മാത്രമാണ്. വനസംരക്ഷണ ചർച്ചകളിൽ അവർ ഒരു തടസ്സമാണ്. വികസന വാചകങ്ങളിൽ അവർ ഒരിക്കലും വിഷയം ആകുന്നില്ല. അതുകൊണ്ടാണ് അവരുടെ മരണം പതിവാകുന്നത്. പതിവാകുമ്പോൾ അത് വാർത്തയല്ല. വാർത്തയല്ലാത്തത് രാഷ്ട്രീയ പ്രശ്നവുമല്ല.ഇന്ത്യ ഈ കുഞ്ഞുങ്ങളെക്കുറിച്ച് സംസാരിക്കാറില്ല. വികസനം പറയുമ്പോൾ കുഞ്ഞുങ്ങളെ ഒഴിവാക്കുന്നു. വനസംരക്ഷണം പറയുമ്പോൾ കുഞ്ഞുങ്ങളെ കണക്കാക്കുന്നില്ല. തൊഴിലാളി നിയമങ്ങൾ എഴുതുമ്പോൾ കുഞ്ഞുങ്ങൾ ഒരു ഉപവാക്യമായി പോലും വരുന്നില്ല. അവർ കണക്കിൽ ഇല്ലാത്ത മനുഷ്യരാണ്.

ഒരു കുഞ്ഞ് കൊല്ലപ്പെട്ട ശേഷം അമ്മയ്ക്ക് നൽകുന്ന അഞ്ചോ പത്തോ ലക്ഷം രൂപ, ആ കുഞ്ഞിന്റെ ജീവിതത്തിന്റെ വിലയല്ല. അത് സമാധാനത്തിന്റെ വിലയാണ്. “ഇനി ചോദിക്കരുത്” എന്ന നിബന്ധനയോടെയുള്ള തുക. അതിന് ശേഷം കുഞ്ഞിന്റെ പേര് മറക്കപ്പെടും. അടുത്ത കുഞ്ഞ് അതേ പാതയിലൂടെ നടക്കും. അതേ പുലി വീണ്ടും വരും. അതേ വാർത്ത വീണ്ടും എഴുതപ്പെടും.

കുടിയേറ്റ തൊഴിലാളി കുഞ്ഞുങ്ങൾ ഇന്ത്യയുടെ ചായക്കപ്പിന്റെ അടിയിൽ മറഞ്ഞിരിക്കുന്നു. നിങ്ങൾ കുടിക്കുന്ന ഓരോ കപ്പിലും ഒരു കുഞ്ഞിന്റെ ഭയം കലർന്നിട്ടുണ്ട്. ഒരു അമ്മയുടെ പ്രാർത്ഥന കലർന്നിട്ടുണ്ട്. ഒരു അച്ഛന്റെ നിസ്സഹായത കലർന്നിട്ടുണ്ട്. പക്ഷേ ആ രുചി നിങ്ങൾക്ക് അറിയില്ല. കാരണം ഈ കുഞ്ഞുങ്ങൾ ഇന്ത്യയുടെ അദൃശ്യ പൗരന്മാരാണ്.ഇത് വന്യമൃഗങ്ങളുടെ കഥയല്ല.ഇത് കുട്ടികളുടെ അനാഥത്വത്തിന്റെ കഥയാണ്.ഇത് കുടിയേറ്റ തൊഴിലാളി കുഞ്ഞുങ്ങളെ മനുഷ്യരായി കാണാത്ത ഒരു രാഷ്ട്രത്തിന്റെ കഥയാണ്.ഒരു പുലി ഒരു കുഞ്ഞിനെ കൊല്ലുമ്പോൾ അത് പ്രകൃതിയുടെ ക്രൂരത.ഒരു രാജ്യം അത് പതിവായി അനുവദിക്കുമ്പോൾ അത് ചരിത്രത്തിന്റെ കുറ്റപത്രമാണ്.ഒരു കുഞ്ഞ് കൊല്ലപ്പെടുമ്പോൾ നമ്മൾ ചോദിക്കേണ്ടത് “എന്ത് മൃഗമാണ്?” എന്നല്ല.
 ചോദിക്കേണ്ടത് ഇതാണ്: എന്തുകൊണ്ട് ഒരു കുഞ്ഞ് ഇങ്ങനെ ജീവിക്കേണ്ടി വന്നു?
 എന്തുകൊണ്ട് അവൾക്ക് സുരക്ഷിതമായ വീട് ഇല്ല?
 എന്തുകൊണ്ട് അവളുടെ അമ്മ ജോലി ചെയ്യുമ്പോൾ അവൾ സുരക്ഷിതമല്ല?
 എന്തുകൊണ്ട് അവളുടെ ജീവൻ ഒരു ഫയലിലെ നമ്പറായി ചുരുങ്ങുന്നു?

ഇത് വനത്തിന്റെ കഥയല്ല.
 ഇത് ചായയുടെ കഥയല്ല.
 ഇത് കുടിയേറ്റ തൊഴിലാളി കുഞ്ഞുങ്ങളെ മനുഷ്യരായി കണക്കാക്കാൻ വിസമ്മതിക്കുന്ന ഒരു രാഷ്ട്രത്തിന്റെ കഥയാണ്.ഒരു പുലി ഒരു കുഞ്ഞിനെ കൊല്ലുമ്പോൾ, അത് പ്രകൃതിയുടെ നിയമം.
 ഒരു രാജ്യം അത് തലമുറകളായി തുടരാൻ അനുവദിക്കുമ്പോൾഅത് ചരിത്രം ഒരിക്കൽ തീർച്ചയായും ചോദ്യം ചെയ്യുന്ന കുറ്റമാണ്.

Read more

ഇനി ഇത് ഒരു ദുഃഖകഥയായി അവസാനിപ്പിക്കാൻ സർക്കാരിന് അവകാശമില്ല. തോട്ടങ്ങളിൽ ജീവിക്കുന്ന കുടിയേറ്റ തൊഴിലാളി കുഞ്ഞുങ്ങൾ അപകടങ്ങളുടെ പാർശ്വഫലങ്ങൾ അല്ല; അവർ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അവരുടെ ജീവൻ സംരക്ഷിക്കുക എന്നത് ദയയല്ല, വികസനത്തിന്റെ ഉപദാനവുമല്ല, അത് സംസ്ഥാനത്തിന്റെ കടമയാണ്. സുരക്ഷിതമായ താമസം, വീടിനകത്തെ ശൗചാലയവും വെള്ളവും, വന്യജീവി പാതകളിൽ നിന്ന് അകലെയുള്ള ക്രെച്ചുകളും സ്കൂളുകളും, മാതാപിതാക്കൾക്ക് ഭാഷാനുസൃതവും തുടർച്ചയായതുമായ പരിശീലനം, എസ്റ്റേറ്റ് ഉടമകൾക്ക് കർശന നിയമബാധ്യത, മരണാനന്തര ചെക്കുകൾക്കപ്പുറം പോകുന്ന മുൻകരുതൽ നയങ്ങൾ—ഇവ ഒന്നും ഐച്ഛികമല്ല. ഒരു കുഞ്ഞ് പുലിയാൽ കൊല്ലപ്പെടുന്നതിന് മുമ്പ് സർക്കാർ അവിടെ ഉണ്ടായിരിക്കണം; ആന ചവിട്ടുന്നതിന് മുമ്പ് സംരക്ഷണം എത്തണം; വിശപ്പും ഭീതിയും ഒരുമിച്ച് കുഞ്ഞിനെ കൊല്ലുന്നതിന് മുമ്പ് സംസ്ഥാനം ഇടപെടണം. തോട്ടം സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്നത് ഈ കുഞ്ഞുങ്ങളുടെ ജീവിതത്തിന്മേലാണെങ്കിൽ, അവരെ സുരക്ഷിതരാക്കാതെ ഒരു സർക്കാരിനും വികസനം എന്ന വാക്ക് ഉച്ചരിക്കാൻ നൈതിക അവകാശമില്ല. ഒരു രാജ്യം കുടിക്കുന്ന ഓരോ കപ്പിലും ഒരു കുഞ്ഞിന്റെ ഭയം കലർന്നിരിക്കുന്നുവെങ്കിൽ, അത് രുചിയുടെ പ്രശ്നമല്ല മനസ്സാക്ഷിയുടെ പരാജയമാണ്.