വി.ടി ബല്‍റാമിന്റെ മുതുകില്‍ കുറുവടി വീഴാതിരിക്കുന്നത് എ.കെ.ജി നയിച്ച സമരങ്ങളുടെ ഫലമായി

പി.എം.മനോജ്

ചരിത്രബോധത്തിനും സാമാന്യ ബോധത്തിനും പകരം മുത്തുച്ചിപ്പി മനസ് സ്ഥാപിക്കുന്നതിന്റെ ദുരന്ത ചിത്രമാണ് വിടി ബല്‍റാമില്‍ കാണുന്നത്. ബല്‍റാമിന് എ.കെ.ജിയെക്കുറിച്ച് അറിയണമെന്നില്ല. അങ്ങനെ അറിയണമെങ്കില്‍ കോണ്‍ഗ്രസിനെക്കുറിച്ച് ആദ്യം ബോധ്യമുണ്ടായിരിക്കണം. കേരളത്തിലെ ആദ്യത്തെകോണ്‍ഗ്രസുകാരില്‍ ഒരാളാണ് എ.കെ.ജി. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ സ്വാതന്ത്ര്യ സമര സേനാനിയായ എ.കെ.ജി തടവറയിലായിരുന്നു. നവോത്ഥാന പ്രസ്ഥാനത്തെ ദേശീയ പ്രസ്ഥാന രൂപമായും കേരളത്തിന്റെ പുരോഗമന മുന്നേറ്റമായും ബന്ധിപ്പിച്ച കണ്ണിയാണ് എ.കെ.ജി.

വി.ടി ബല്‍റാമിന്റെ മുതുകില്‍ കുറുവടി വീഴാതിരിക്കുന്നത് എ.കെ.ജി നയിച്ച സമരങ്ങളുടെ ഫലമായിട്ടാണ്. ഗാന്ധിജി വിശേഷിപ്പിച്ച ഹരിജനങ്ങള്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോള്‍ പോരാട്ടത്തിന്റെ കൊടിയുമായി കണ്ടോത്ത് എ.കെ.ജി ചെന്നിരുന്നു. അന്ന് കുറുവടികളും ഉലക്കയുമായാണ് എ.കെ.ജിയെയും കേളപ്പനെയും തല്ലിവീഴ്ത്തിയത്. ഗുരുവായൂരിലടക്കം അനീതി നടമാടിയ ഏത് ഗോപുരങ്ങളിലും കയറിചെന്ന് പോരാടിയ പാരമ്പര്യമാണ് എ.കെ.ജിയുടേത്.അതിന്റെ തുടര്‍ച്ചയാണ് ഇന്ന് കേരളവും ഇവിടത്തെ സാധാരണക്കാരും അനുഭവിക്കുന്ന സ്വാതന്ത്ര്യം. അതറിയാതെയാണ് ബല്‍റാം ചരിത്ര നിഷേധ ജല്‍പ്പനം നടത്തുന്നത്.

എ.കെ.ജിയുടെ ജീവിതം തുറന്ന പുസ്തകമാണ്. “എന്റെ ജീവിത കഥ” അധഃസ്ഥിത വര്‍ഗ്ഗത്തിന്റെ മോചനത്തിനും വേണ്ടി കോണ്‍ഗ്രസുകാരനായും കമ്മ്യൂണിസ്റ്റുകാരനായും സാമൂഹ്യപരിഷ്‌കര്‍ത്താവായും എ.കെ.ജി നടത്തിയ പോരാട്ടത്തിന്റെ കഥയാണ്. അത്തരം ചരിത്രത്തത്തെ പരസ്യമായി പറയാന്‍ ഇല്ലാത്ത സംസ്‌കാരത്തെ പ്രധിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ നേതാവാണ് ബല്‍റാം. എ.കെ.ജിയെയും സുശീലാഗോപാലന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെയും ഒന്നിച്ച് ബല്‍റാം ആക്രമിക്കുകയാണ്. ആ ആക്രമണം കൊള്ളുന്നത് കേരളീയന്റെ മനസാക്ഷിയ്ക്ക് നേരെയാണ്.

നിരന്തരം പോരാട്ടത്തിന്റെ നൈരന്തര്യത്തിനായി ജീവിക്കാന്‍ സ്വയം മറന്നുപോയ മനുഷ്യനാണ് എ.കെ.ജി. അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതും ആ “മറവി” യാണ്. അടിയന്തിരാവസ്ഥയുടെ ഭീകരവാഴ്ചയ്‌ക്കെതിരെ സ്വന്തം അനാരോഗ്യം അവഗണിച്ച് കൊടുങ്കാറ്റായി ആഞ്ഞടിച്ച എ.കെ.ജിയെക്കുറിച്ച് ബല്‍റാമിന്റെ മുന്‍ തലമുറയ്ക്ക് കേട്ടുകേള്‍വിയെങ്കിലും ഉണ്ടാകും. അന്ന് കോണ്‍ഗ്രസുകാര്‍ വിളിച്ച മുദ്രാവാക്യം “കാലന്‍ വന്നു വിളിച്ചിട്ടും എന്താ ഗോപാലാ പോവാത്തെ” എന്നായിരുന്നു.

നിരന്തരം പോരാട്ടത്തിന്റെ നൈരന്തര്യത്തിനായി ജീവിക്കാന്‍ സ്വയം മറന്നുപോയ മനുഷ്യനാണ് എ.കെ.ജി. അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതും ആ “മറവി” യാണ്. അടിയന്തിരാവസ്ഥയുടെ ഭീകരവാഴ്ചയ്‌ക്കെതിരെ സ്വന്തം അനാരോഗ്യം അവഗണിച്ച് കൊടുങ്കാറ്റായി ആഞ്ഞടിച്ച എ.കെ.ജിയെക്കുറിച്ച് ബല്‍റാമിന്റെ മുന്‍ തലമുറയ്ക്ക് കേട്ടുകേള്‍വിയെങ്കിലും ഉണ്ടാകും. അന്ന് കോണ്‍ഗ്രസുകാര്‍ വിളിച്ച മുദ്രാവാക്യം “കാലന്‍ വന്നു വിളിച്ചിട്ടും എന്താ ഗോപാലാ പോവാത്തെ” എന്നായിരുന്നു.

ജീവിച്ചിരുന്ന എ.കെ.ജി മരിച്ചു കാണാനാണ് അന്നത്തെ കോണ്‍ഗ്രസുകാര്‍ കൊതിച്ചിരുന്നത്. മരണമടഞ്ഞിട്ടും പാവങ്ങളുടെ പടത്തലവനായി ജനഹൃദയങ്ങളില്‍ അനശ്വരനായ എ.കെ.ജിയെ വീണ്ടും വീണ്ടും കൊല്ലാന്‍ ബല്‍റാമിന്റെ കോണ്‍ഗ്രസ് മനസ് താത്പര്യപ്പെടുന്നതില്‍ അദ്ഭുതപ്പെടാനില്ല. നോട്ട് ദുരന്തത്തില്‍ രാജ്യം ചക്രശ്വാസം വലിക്കുമ്പോള്‍ പുതുവത്സരാഘോഷം വിദേശനഗരത്തിന്റെ ശീതളിമയിലേക്ക് പറന്നകന്ന പുത്തന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സാംസ്‌കാരിക മുഖമാണ് ബല്‍റാമിന്റെ വാക്കുകള്‍ക്ക്. അതിനെ അവഞ്ജതയോടെയും അറപ്പോടെയുമേ നോക്കികാണാന്‍ കഴിയുകയുള്ളു.

ഇതില്‍ പ്രകടമായ ചില നിയമലംഘനങ്ങള്‍ ഉണ്ട്. മരണമടഞ്ഞ മനുഷ്യനെ  അപകീര്‍ത്തിപ്പെടുത്തരുത് എന്ന് നിയമം അനുശാസിക്കുന്നു. ഒരര്‍ത്ഥത്തില്‍ പരേതന്റെ തന്നെ മൗലീകാവകാശത്തിലാണ് ബല്‍റാം കൈവച്ചിരിക്കുന്നത്. അതില്‍ പ്രതികരണം രൂക്ഷമാകുന്നത് സ്വാഭാവികമാണ്. അത്തരം പ്രതികരണങ്ങളില്‍ ബല്‍റാം ശാരീരികമായി രക്ഷപ്പെടുന്നത് എ.കെ.ജി ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ മാനുഷിക മൂല്യങ്ങള്‍ പിന്‍മുറക്കാരുടെ മനസില്‍ വേരുറപ്പിച്ചിട്ടുള്ളതുകൊണ്ടാണ്.