ഉപ്പ് ചേർത്ത് വിഴുങ്ങേണ്ട മൂഡിസ് റേറ്റിംഗ് 

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ റേറ്റിംഗ് മൂഡിസ് ഉയർത്തിയത് പ്രധാനമന്ത്രിക്കും ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും നൽകിയത് ഒരു പിടിവള്ളിയാണ്. സാമ്പത്തിക രംഗത്തു കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എടുത്ത, കടുത്ത വിമർശനത്തിന് പാത്രീഭവിച്ച,  നടപടികളുടെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് ‘സ്റ്റേബിൾ’ എന്നതിൽ നിന്ന് ‘പോസിറ്റീവ്’  ആയി ഉയർത്തിയത് എന്നത് ശ്രദ്ധേയമാണ്. റേറ്റിംഗ് ഉയർത്താൻ മൂഡിസ് ആധാരമാക്കിയ ഒരു ഘടകം ജി. എസ് ടി നടപ്പാക്കിയതാണ്. ഈ വിധം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നെഗറ്റീവായി സ്വാധീനിച്ച കാര്യങ്ങളെയാണ് റേറ്റിംഗ് പോസിറ്റീവായി ഉയർത്താൻ മൂഡിസ് ആധാരമാക്കിയത്. അതുതന്നെയാണ് ഈ റേറ്റിംഗിന്റെ വിശ്വാസ്യതയെ തെല്ല്  ഉപ്പു കൂട്ടി മാത്രമേ വിഴുങ്ങാനാകൂ എന്ന അവസ്ഥയിൽ എത്തിച്ചതും.
രാജ്യാന്തര റേറ്റിംഗ് ഏജൻസികൾ ഇത്തരത്തിൽ വിവിധ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത്  അവിടെ നിക്ഷേപം നടത്തുന്നതിന് എത്രമാത്രം അനുകൂലമാണ്  എന്ന് സൂചന നൽകുന്ന റേറ്റിംഗ് ഇടക്കിടെ പുനർനിർണ്ണയിക്കാറുണ്ട് . ലോകത്തെ പ്രമുഖ നിക്ഷേപ കമ്പനികൾ ഇവരുടെ നിഗമനങ്ങളെ വേദവാക്യമായാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു രാജ്യത്തേക്ക് വിദേശ നിക്ഷേപം എത്തുന്നതിനെ ഇത്തരം റേറ്റിംഗ് നിർണ്ണായകമായി സ്വാധീനിക്കാറുണ്ട്.

എന്നാൽ ഇത്തരത്തിലുള്ള റേറ്റിംഗ് കമ്പനികൾ അധികവും സമ്പന്ന രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. മൂഡിസ് തന്നെ ഒരു അമേരിക്കൻ കമ്പനിയാണ്. മാത്രവുമല്ല, ഇവയിൽ ബഹുഭൂരിപക്ഷവും സ്വകാര്യ കമ്പനികളാണ്. അതുകൊണ്ട് ചില നിക്ഷിപ്ത സാമ്പത്തിക താല്പര്യങ്ങൾ റേറ്റിംഗ് നിർണയത്തെ സ്വാധീനിക്കാറുണ്ട് എന്ന വിമർശനം ശക്തമായുണ്ട്. ഒട്ടു മിക്ക പാശ്ചാത്യ രാജ്യങ്ങൾക്കും നിക്ഷേപ സൗഹൃദമായ, മികച്ച റേറ്റിംഗാണ്എപ്പോഴും    ഉള്ളത്. വികസ്വര രാജ്യങ്ങളുടെ റേറ്റിംഗ്  സാമ്പത്തിക യാഥാർഥ്യങ്ങൾക്ക് നിരക്കാത്ത വിധത്തിലാണെന്ന വിമർശനവും ഈ രാജ്യങ്ങൾ പലപ്പോഴും ഉന്നയിച്ചിട്ടുള്ളതാണ്.

ബ്രിക്സ് രാജ്യങ്ങളുടെ ബെയ്‌ജിങ്ങിൽ നടന്ന കഴിഞ്ഞ ഉച്ചകോടി ഇക്കാര്യം വിശദമായി ചർച്ച ചെയ്ത കാര്യം ഇവിടെ പ്രത്യേകം പ്രസക്തമാണ്. അന്ന് ഈ രാജ്യങ്ങളുടെ കൂട്ടായ്മ ഒരു ആഗോള ബാങ്കിന് രൂപം നൽകിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള ബാങ്കിങ് വിദഗനും ഐ സി ഐ സി ഐ ബാങ്കിന്റെ ചെയർമാനുമായിരുന്ന കാമത്താണ് ഈ ബാങ്കിന്റെ തലവൻ. അന്ന് ഈ രാജ്യങ്ങളുടെ മുൻകൈയിൽ ഒരു അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിക്ക് രൂപം നൽകാനും തീരുമാനമെടുത്തിരുന്നു. തീരുമാനത്തിന്റെ പിന്നീടുള്ള പുരോഗതി എന്തെന്നത് വ്യക്തമല്ല.  നിലവിലുള്ള ഏജൻസികൾ വികസ്വര രാജ്യങ്ങളെ ശരിയായ രീതിയിലല്ല വിലയിരുത്തുന്നത് എന്ന നിഗമനതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ തീരുമാനം.
റേറ്റിംഗ് ഉയർത്തിയതിന്റെ ഗുണം ആർക്ക് ? 
 ഇന്ത്യയിലെ വമ്പൻ സ്വകാര്യ കമ്പനികൾക്ക് റേറ്റിംഗ് ഉയർത്തൽ ഗുണം ചെയ്യുന്നുണ്ട്. വിദേശത്തെ ബോണ്ട് മാർക്കറ്റ് വഴി ഫണ്ട് സമാഹരിക്കുന്നതിനു ഇത് അവർക്ക് സഹായകരമാകും. ബോണ്ട് മാർക്കറ്റ് വഴി 80 കോടി ഡോളർ സമാഹരിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് മൂഡിസിന്റെ തീരുമാനം വരുന്നത്. ഇത് യാദൃശ്ചികമെന്ന് വേണമെങ്കിൽ കരുതാം. മഹീന്ദ്ര, ജെ എസ് ഡബ്ള്യു, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി നിരവധി കമ്പനികൾക്ക് വിദേശ ബോണ്ട് മാർക്കറ്റ് ചൂഷണം ചെയ്യുന്നതിന് ഇത് മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നത്. 2017ൽ  ഇന്ത്യൻ കമ്പനികൾ ബോണ്ട് മാർക്കറ്റ് വഴി നടത്തിയ ഫണ്ട് സമാഹരണത്തിൽ 32 ശതമാനം വളർച്ച രേഖപ്പെടുത്തി എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് മൂഡിസിന്റെ നടപടി കൊണ്ട് നേട്ടമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, പക്ഷെ ആർക്ക് എന്ന ചോദ്യമാണ് പ്രസക്തമാവുന്നത്. രാഷ്ട്രീയമായി പ്രതിരോധം ശക്തമാക്കാൻ മോദിക്കും ഇത് ഗുണം ചെയ്യുന്നുണ്ട്.
എന്നാൽ ഇന്ത്യൻ സമ്പദ്ഘടനയുടെ യഥാർത്ഥ ചിത്രവുമായി റേറ്റിംഗ് ഒരു വിധത്തിലും ഒത്തു പോകുന്നില്ലെന്ന് കാണാം. നോട്ട് നിരോധനം, ജി. എസ് ടി നടപ്പാക്കൽ എന്നീ രണ്ടു നടപടികൾ ഇന്ത്യൻ മാർക്കറ്റുകളെ, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം മേഖലകളെ തകർത്തു കളഞ്ഞു. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ,  വരുമാനനഷ്ടം, ക്രയവിക്രയങ്ങളിലെ ഗണ്യമായ ഇടിവ്, രൂക്ഷമായ വിലക്കയറ്റം തുടങ്ങി നിരവധി പ്രശ്നങ്ങൾ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കാഷ് ഫ്ളോവിൽ വന്ന ഇടിവ് ചെറുകിട,ഇടത്തരം കച്ചവടകാരുടെ നിലനിൽപ് തന്നെ അപകടത്തിലാക്കിയിരിക്കുന്നു.
ചെറുകിട, ഇടത്തരം നിക്ഷേപകരുടെ ആത്മവിശ്വാസം പാടെ നശിപ്പിച്ച നടപടികളായിരുന്നു ഇതെല്ലം എന്നത് പ്രശ്നത്തിന്റെ ആഴവും സങ്കീർണ്ണതയും കൂട്ടുകയും  പരിഹാരം അകലെയാക്കുകയും ചെയ്യുന്നു. എന്നാൽ ഈ നടപടികളിൽ മിക്കതും വൻകിട കോർപറേറ്റ് കമ്പനികൾക്ക് നേട്ടമാവുകയും ചെയ്തു. ഫലത്തിൽ,  സാമ്പത്തിക മേഖലയുടെ സമഗ്ര ആധിപത്യം സഹസ്ര കോടീശ്വരന്മാർക്ക് തീറെഴുതുന്ന നടപടികൾ അനുസ്യൂതം തുടരുന്നു.
വിലക്കയറ്റത്തിന്റെ രൂക്ഷത 
കാർഷിക മേഖലയിൽ ഏറ്റ ശക്തമായ ആഘാതം ഉല്പാദനകുറവായി രൂപാന്തരപ്പെടുകയും ഇത് വൻ വിലകയറ്റമായി മാറുകയും ചെയ്തിരിക്കുകയാണ്. ഒക്ടോബർ മാസത്തിൽ റീട്ടയിൽ വിലയെ ആധാരമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 3 .58  ശതമാനമായി ഉയർന്നു. ഏപ്രിൽ മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി വിലക്കയറ്റം ഏറ്റവും പ്രകടമായിരിക്കുന്നത് ഭക്ഷ്യ വിഭവങ്ങളുടെ രംഗത്താണ്. പച്ചക്കറികൾ, സവാള, ഉള്ളി, മുട്ട, ഭക്ഷ്യ എണ്ണകൾ തുടങ്ങിയ ഉത്പന്നങ്ങളുടെ കുത്തനെയുള്ള വിലകയറ്റമാണ് പണപ്പെരുപ്പ നിരക്ക് ഉയരാൻ ഹേതുവായത്. മൊത്ത വിലസൂചികയുടെ വെയ്‌റ്റേജിൽ 22 .62 ശതമാനം ഭക്ഷ്യ ഉൽപന്നങ്ങളാണ്. അതുകൊണ്ട് ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെയാണ് വിലക്കയറ്റം ഏറെ ദോഷകരമായി ബാധിക്കുന്നത് എന്നത് വ്യക്തമാണ്.
കേരളത്തെ പോലെ അടിസ്ഥാന ഭക്ഷ്യ ഉത്പന്നങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളിൽ സ്ഥിതി കുറെ കൂടി രൂക്ഷമാണെന്നു കാണാം. നിർഭാഗ്യവശാൽ, പൊതു വിലനിലവാരം നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പാടെ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. ഇതിനായുള്ള വകുപ്പുകൾക്കായി കോടികൾ ചെലവഴിക്കുമ്പോഴും അന്തവും കുന്തവുമില്ലാതെ വിലകൾ കുതിക്കുകയാണ്. അതുകൊണ്ട് അത്യന്തം സങ്കീർണ്ണമായ സാമ്പത്തിക അവസ്ഥ ഇന്ന് രാജ്യത്തുണ്ട്. അതിനിടയിലാണ് ഇത്തരം ചില റേറ്റിംഗ് പൊടികൈകൾ വരുന്നത്. വിദേശ മൂലധന വിപണികളെ ഫലപ്രദമായി ടാപ്പ് ചെയ്യുന്നതിന് കമ്പനികൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ചില ഗിമ്മിക്കുകൾക്ക് അപ്പുറം സായ്‌പിന്റെ റേറ്റിംഗിനെ വിലയിരുത്തേണ്ടതില്ല. വാഴ നനയുമ്പോൾ  ചീരയും നനയുന്നു എന്ന് പറഞ്ഞത് പോലെ  കൂട്ടത്തിൽ നരേന്ദ്ര മോദിക്കും അത് മുട്ടുശാന്തിയായെന്ന് മാത്രം.