എന്തൊരു ദുരന്തമാണ് സഖാവ് കോടിയേരി താങ്കള്‍?

പി.ജി.മനോജ്കുമാര്‍

ചൂഷണത്തിനെതിരായ ലോകജനതയുടെ പോരാട്ടങ്ങളോട് ഐക്യപ്പെടുകയാണ് വേണ്ടതെന്നിരിക്കെ, പേരില്‍ മാത്രം കമ്യൂണിസമുള്ള രാജ്യങ്ങളെ പുകഴ്ത്തി, ആ വയ്യാവേലി പാര്‍ട്ടിയുടെ തലയില്‍ വെച്ചുകൊടുക്കുന്ന കൊടിയേരി ബാലകൃഷ്ണനേപ്പോലുള്ള നേതാക്കള്‍ ദുരന്തമാണെന്ന് തുറന്നു പറയാന്‍ ഇടതുപക്ഷ സഹയാത്രികര്‍ വൈകരുത്.

പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങളില്‍ ചൈന, ഉത്തര കൊറിയ തുടങ്ങിയ കമ്യൂണിസ്റ്റ് രാജ്യങ്ങളെപ്പറ്റി കോടിയേരി നല്‍കിയ താത്വികവിശദീകരണം ‘രാജ്യാന്തര ശ്രദ്ധ’പിടിച്ചുപറ്റി. ചൈന എന്ന കമ്യൂണിസ്റ്റ് രാജ്യത്തെ അമേരിക്കയും ഓസ്‌ട്രേലിയയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നായിരുന്നു അവലോകനത്തിലെ ഒരു പ്രധാന കണ്ടെത്തല്‍. വടക്കന്‍ കൊറിയ എന്ന ഉത്തമ കമ്യൂണിസ്റ്റ് രാജ്യത്തെ സാമ്രാജ്യത്വം വകവരുത്താന്‍ നോക്കുന്നതിനെ കുറിച്ചായിരുന്നു മറ്റൊരു വെളിപാട്.

അന്താരാഷ്ട്ര വിഷയങ്ങളില്‍ തുടങ്ങി ദേശീയതയിലൂടെ പ്രാദേശികതയിലേക്ക് ഇറങ്ങിവരുന്ന സംസാരശൈലി പാര്‍ട്ടിയിലെ പഴയ നേതാക്കള്‍ തുടക്കം മുതലെ സ്വീകരിക്കുന്നതാണ്. ഇ.എം.എസ്. ആണ് ഇത്തരം ശൈലിയുടെ ഉദാഹരണങ്ങളിലൊന്ന്. നക്‌സലൈറ്റുകള്‍ക്ക് ഇ.എം.എസിനെ പൊതുവേ പുച്ഛമാണ്. പക്ഷേ, അവര്‍ പോലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ സാര്‍വ്വദേശീയ മാര്‍ക്‌സിസ്റ്റ് ശൈലി ഇഷ്ടപ്പെട്ടിരുന്നു. അന്താരാഷ്ട്ര കാര്യങ്ങളില്‍ തുടങ്ങി പ്രാദേശിക പ്രശ്‌നങ്ങളിലേക്ക് വരുന്ന ശൈലി ഇ.എം.എസ് മാത്രമല്ല പിന്തുടര്‍ന്നിരുന്നത്. പക്ഷേ അതിന്റെ ദുരന്ത രൂപത്തിലുള്ള അനുകരണമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനില്‍ കാണുന്നതെന്ന് പറയാതെ വയ്യ.

വിവര വിസ്‌ഫോടനത്തിന്റെ ഈ കാലത്ത് ആളുകള്‍ക്ക് ലോകകാര്യങ്ങളില്‍ മിനിമം വിവരമുണ്ടെന്ന് ശരാശരി വിവരം പോലും ഒരു പാര്‍ട്ടി സെക്രട്ടറിക്ക് വേണ്ടതല്ലെ? എന്തിനാണ് അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതെന്ന തിരിച്ചറിവില്ലായ്കയും, അത് നിലവിലെ സാഹചര്യങ്ങളില്‍ എങ്ങനെ പ്രതിധ്വനിക്കുമെന്ന ബോധമില്ലായ്കയും കേരളത്തിലെ പാര്‍ട്ടിസെക്രട്ടറിയെ കോമാളി വേഷം കെട്ടിക്കുമ്പോള്‍ ഒരു ശരാശരി കമ്യൂണിസ്റ്റിനും അനുഭാവിയായ സാധാരണക്കാരനും മൂക്കത്ത് വിരല്‍ വയ്ക്കാനെ ആകു. ലക്ഷ്യബോധമില്ലാതെ പടച്ചുവിടുന്ന ഇത്തരം ഗീര്‍വാണങ്ങള്‍ ബി.ജെ.പിയുടെ വിളക്കില്‍ എണ്ണ പകരാനേ ഉപകരിക്കു എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്.‘ചൈന..ചൈനയുടേതെന്നും, ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന ഭൂപ്രദേശം’ എന്ന 1962 ലെ ചൈനീസ് യുദ്ധകാലത്തെ ഇ.എം.എസ് പ്രസ്താവം ഉയര്‍ത്തിയ കോലാഹലം കോടിയേരി ഓര്‍മ്മിക്കുന്നുണ്ടാകുമോ ആവോ. അതിനു ശേഷം ലോകത്തെ രാഷ്ട്രീയചിത്രം മാറിയതും കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ തന്നെ ദുര്‍ബലമായതും അത് ഏറ്റവും അപകടകാരിയായ ശത്രുവിനെ നേരിടുന്നതും അദ്ദേഹം ഓര്‍മിക്കുന്നില്ല.

പോളണ്ടിനെപ്പറ്റി മിണ്ടരുത്..

മാര്‍ക്‌സിസ്റ്റുകള്‍ തൊട്ടതിനും പിടിച്ചതിനും അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ ഉദ്ധരിക്കുന്നതിനെ പരിഹസിച്ച് ഏറെ കാലം പിടിച്ചുനിന്ന ഒരു പരിഹാസമാണ് ‘ പോളണ്ടിനെപ്പറ്റി മിണ്ടരുത്’ എന്ന ചലച്ചിത്രസംഭാഷണ ശകലം. ഇതിലെ വിമര്‍ശനം ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ, രാഷ്ട്രീയത്തെ ശാസ്ത്രീയമായി സമീപിക്കുന്നവര്‍ക്ക് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്ക് അപ്പുറവും കാണേണ്ടിവരും എന്ന് വ്യക്തമാണ്. ഗാന്ധിജിയുടെ രചനകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി അതിന്. അക്കാലത്ത് ലോകത്തെമ്പാടും നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളോട് അദ്ദേഹവും നെഹ്‌റുവുമൊക്കെ അപ്പപ്പോള്‍ കൃത്യതയോടും കണിശതയോടും കൂടെ പ്രതികരിച്ചിട്ടുണ്ട്. വ്യക്തത വരുത്തിയിട്ടുമുണ്ട്.

കമ്യൂണിസ്റ്റുകള്‍ രാഷ്ട്രാന്തര ബന്ധത്തിന് പുതിയ മാനം നല്‍കി. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലുകള്‍ ലോക വിപ്‌ളവത്തെപ്പറ്റിയും മര്‍ദിത ജനതയുടെ ഐക്യത്തെക്കുറിച്ചും വലിയ സ്വപ്‌നങ്ങള്‍ നല്‍കി-വൈകാതെ അവ സോവിയറ്റ്‌വല്‍കൃത കമ്യൂണിസത്തിന്റെ കയറ്റുമതി കേന്ദ്രങ്ങളായെന്ന് ആദ്യം തിരിച്ചറിഞ്ഞത് എം.എന്‍. റോയിയെപ്പോലുള്ള ആദ്യകാല സാര്‍വദേശീയ കമ്യൂണിസ്റ്റുകളാണ്. പൊതുവില്‍ ഒന്നു പറയാം. മുതലാളിത്ത ചൂഷണത്തില്‍ നിന്ന് രക്ഷ നേടാന്‍ പൊരുതുന്ന എല്ലാ ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ് കമ്യൂണിസ്റ്റുകാരുടെ സാര്‍വദേശീയതയുടെ പൊരുള്‍. എന്നാല്‍ ഇത് പിന്നീട് കരുത്തുറ്റ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങളുടെ വിഴുപ്പ് പ്രചരിപ്പിക്കലായി മാറി. അപ്പോളും സാമ്രാജ്യത്വത്തിനോട് ഒരു ചെറുത്തു നില്‍പ്പ് ബാക്കിയുണ്ടായി. ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്കാകട്ടെ, ഇത് പാര്‍ട്ടി സമ്മേളനങ്ങളിലെ സ്ഥിരം അനുഷ്ഠാനമായി മാറി. തീര്‍ത്തും യാന്ത്രികമായ ഒരു ചടങ്ങ് തീര്‍ക്കല്‍.

വിചിത്രമായ അടിമത്തം

തുടക്കം മുതല്‍ വിദേശ കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് ആശയവ്യക്തത വരുത്തുന്ന സ്വഭാവം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും ജനകീയ യുദ്ധത്തെ പിന്തുണക്കാനും അവിഭക്ത പാര്‍ട്ടിയോട് ആവശ്യപ്പെട്ടത് ബ്രിട്ടീഷ് പാര്‍ട്ടി നേതാവ് ഹാരി പോളിറ്റ് ആണ് എന്നത് വ്യക്തമായിട്ടുള്ളതാണ്. നേതാജി സുഭാഷ് ചന്ദ്രബോസിനെ ഫാസിസ്റ്റുകളുടെ ചെരുപ്പുനക്കിയെന്ന് വിളിക്കേണ്ടി വന്നതിലെ കുറ്റബോധത്തെപ്പറ്റി ചെറുകാട് എഴുതിയിട്ടുണ്ട്. പിന്നീട് പല ആശയപ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ സോവിയറ്റ് യൂണിയനിലേക്ക് പ്രതിനിധികളെ വിടുന്നത് പതിവാക്കി. സോവിയറ്റ് യൂണിയന്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ജനകീയ ചെറുത്തുനില്‍പ്പുകളെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ അയക്കുമ്പോള്‍ ന്യായികരണത്തൊഴിലാളികളായിരുന്നു ഇവിടുത്തെ പാര്‍ട്ടികള്‍. ചൈനയുമായി ഇന്ത്യ യുദ്ധം ചെയ്യുമ്പോള്‍, ദേശീയതകളുടെ യുദ്ധങ്ങള്‍ ഒരു സാമ്രാജ്യത്വ ഉപകരണമാണെന്ന ബോധത്തെക്കാള്‍ ഇന്ത്യന്‍ പാര്‍ട്ടിയെ അലട്ടിയത് ചൈനീസ് പാര്‍ട്ടിയുമായുള്ള ബന്ധമാണ്.

അന്താരാഷ്ട്ര പാര്‍ട്ടി സോവിയറ്റ്-ചൈന എന്നിങ്ങനെ പിരിഞ്ഞപ്പോള്‍ ഇന്ത്യന്‍ പാര്‍ട്ടികള്‍ക്കും ചേരിതിരിവുണ്ടായി. ചൈനയിലെ ടിയാനെന്‍ മെന്‍ സ്‌ക്വയറിലെ ചോരച്ചൊരിച്ചിലിനെ ഇഎം.എസ് ശക്തമായി ന്യായീകരിച്ചു. എതിര്‍ത്ത പി.ഗോവിന്ദപ്പിള്ളക്ക് എതിരെ നടപടി വന്നു. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളും തകര്‍ന്നപ്പോളാണ് ഇത്തരം ദാസ്യങ്ങള്‍ക്ക് കുറവ് വന്നത്. പാര്‍ലമെന്ററി പാത സ്വീകരിച്ച ഇന്ത്യയിലെ പാര്‍ട്ടികള്‍ ആ തകര്‍ച്ചയെ അതിജീവിച്ചു.

പക്ഷേ ഈ കുറ്റങ്ങളെയെല്ലാം അതിജീവിക്കുന്ന ഒരു സത്യമുണ്ടായിരുന്നു-പോരാടുന്ന മനുഷ്യരോടുള്ള ഐക്യദാര്‍ഢ്യം. അമേരിക്കന്‍ ചേരി പുറമേ ജനാധിപത്യം പറയുകയും അകമേ വെട്ടിപ്പിടുത്തങ്ങള്‍ തുടരുകയും ചെയ്ത കാലമായിരുന്നു. പിനാച്ചെമാരും ബാറ്റിസ്റ്റകളുമായിരുന്നു അവരുടെ കൂട്ടാളികള്‍. വിയറ്റ്‌നാമും ക്യൂബയും പോലുള്ള രാജ്യങ്ങളും പാട്രിക് ലുമുംബയുമൊക്കെ കമ്യൂണിസ്റ്റ് ചേരിയെ മനുഷ്യന്റെ ചേരിയോട് ഒട്ടിച്ചു നിര്‍ത്തി. നെരൂദയേപ്പോലുള്ള കവികള്‍ അതിന്റെ ഭാഗമായി. ആ കാലത്താണ് ഇ.എം.എസും രണദിവെയും ഒക്കെ സാര്‍വദേശീയ രാഷ്ട്രീയം മനോഹരമായി വിശകലനം ചെയ്തു പോന്നത്. അത് കണ്ടും കേട്ടും വളര്‍ന്നവരാണ് പിണറായി-കോടിയേരി നേതൃത്വങ്ങള്‍. പക്ഷേ അന്താരാഷ്ട്ര കരാറുകള്‍ മലയാളിയുടെ ജീവിതത്തിന്റെ വിലയിടിക്കുന്ന കാലത്തും, കേള്‍വിക്കാര്‍ക്ക് ഉറക്കം തൂങ്ങാനാവാത്ത വിധം സാര്‍വദേശീയ സംഭവവികാസങ്ങളെ അവലോകനം ചെയ്യാന്‍ ഇവരില്‍, ഈ പാര്‍ട്ടിയില്‍ എത്ര നേതാക്കള്‍ക്ക് കഴിയുന്നു..? ഇഎ എസും എംഎന്‍ വിജയനുമൊക്കെ അവശേഷിപ്പിച്ച ആ ‘ഫിലോസഫിക്കല്‍ വാക്വം’അതിജീവിക്കാന്‍ എത്ര സഖാക്കളെയാണ് പാര്‍ട്ടി പിന്നീട് ഉയര്‍ത്തികൊണ്ട് വന്നത്?

ആര്‍ക്കോവേണ്ടിയുള്ള ഓക്കാനങ്ങള്‍..

ഉത്തരകൊറിയയുമായി സി.പി.എം ദേശീയ നേതാക്കള്‍ക്ക് ബന്ധമുണ്ട്. കൊറിയന്‍ സൗഹൃദസംഘത്തില്‍ കാപ്പികുടിച്ച് പിരിയാറുണ്ട് പി.ബി, സി.സി നേതാക്കള്‍. ഉത്തരകൊറിയയെപ്പറ്റി വരുന്നതൊക്കെ അമേരിക്കന്‍ കണ്ണിലൂടെയുള്ള കാഴ്ചകളുമാവാം. പക്ഷേ മാതൃകാ സോഷ്യലിസ്റ്റ് രാജ്യമാണോ അത്?  മൂന്നു തലമുറകള്‍ പാരമ്പര്യ സ്വത്തു പോലെ അനുഭവിക്കുന്ന ഒരു ഭരണകൂടത്തെ എങ്ങനെയാണ് മാതൃകയായി വാഴ്ത്താനാവുക..? റുമേനിയായിലെ ചെഷസ്‌ക്യൂവും ഇങ്ങനെ ഒരു കാലത്ത് ഓമനയായിരുന്നതല്ലേ..? വിവരവിനിമയ വിപ്‌ളവത്തിന്റെ കാലത്ത് അടഞ്ഞ ഒരു ലോകം നിലനിര്‍ത്തുന്ന കിംഗ് ജോങ് ഉന്നിനേക്കാള്‍ എത്രയോ ഭേദമാണ് സി.പി.എമ്മിന്റെ ഏതൊരു ഘടകവും..? പക്ഷേ പിണറായി വിജയന്‍ ഉത്തര കൊറിയയെ വാഴ്ത്തിപ്പാടുക തന്നെ ചെയ്തു.

പിണറായി കൊറിയയെ പിടിച്ചപ്പോള്‍, കൊടിയേരി ചൈനയെ പിടിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മുതലാളിത്തം നടപ്പാക്കുന്ന രാജ്യമാണ് ചൈനയെന്ന് ഒരുമാതിരിപ്പെട്ടവര്‍ക്ക് എല്ലാം അറിയാം. അമേരക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് അടുത്തിടെ സുരക്ഷിത വിപണിക്കായി വാദിച്ചപ്പോള്‍ തുറന്ന വിപണി വാഗ്ദാനം ചെയ്യുകയായിരുന്നു ഷീ ജിന്‍ പിങ്.

ആഗോളവല്‍ക്കരണത്തിനും ഉദാരീകരണത്തിനും തത്വത്തില്‍ എതിരായ സി.പി.എം ഇതേ ചൈനയെ സ്തുതിക്കുന്നു. വാഴ്‌സാ സഖ്യം അവസാനിച്ച ശേഷം സോഷ്യലിസ്റ്റ് ചേരി എന്നത് ഒരു വായ്ത്താരി മാത്രമാണ്.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്..? തുറന്ന വിപണിയുടെ ബലത്തില്‍ ചൈന അവരെ സാമ്പത്തികമായി പിന്നിലാക്കുന്ന കാലം വിദൂരമല്ല എന്ന് സാമ്പത്തിക ലോകം പ്രവചിക്കുന്നു. അതുകൊണ്ട് ഇന്ത്യയിലെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ട, സി.പി.എമ്മിന് തന്നെയും എന്തെങ്കിലും നേട്ടമുണ്ടാകുമോ? രാഷ്ട്രീയമായും അമേരിക്കയുടെ സ്വാധീനം കുറഞ്ഞുവെന്ന് ഇസ്രായേല്‍ പ്രശ്‌നത്തില്‍ യു.എന്‍.പ്രമേയം വിജയിച്ചത് തെളിയിക്കുന്നു. ആയുധശക്തിയെന്ന നിലയിലാണ് അമേരിക്കയുടെ ആധിപത്യം തുടരുന്നത്. ലോകജനതയുടെ മുഖ്യശത്രുവെന്ന നിലയില്‍ അമേരിക്കന്‍ സാമ്രാജ്യത്വം ദുര്‍ബലമാണ്-സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ഇല്ലാതായതു പോലെ തന്നെ.

എന്നാല്‍ പല ജനാധിപത്യ-അര്‍ധ ജനാധിപത്യ രാജ്യങ്ങളിലും ജനകീയമായ ചെറുത്തുനില്‍പ്പുകളുണ്ട്. ബ്രിട്ടനില്‍ ജെറമി കോര്‍ബിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ഉയര്‍ന്നു വന്നു. ഗ്രീസില്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ വലിയ പ്രകടനങ്ങള്‍ നടക്കുന്നു. പല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും തീവ്ര ദേശീയ കക്ഷികളെ തോല്‍പ്പിക്കുന്നതില്‍ ഇടതുപക്ഷം മറ്റുള്ളവരുമായി കൈകോര്‍ക്കുന്നു. ഇന്ത്യയിലാകട്ടെ ബി.ജെ.പിക്ക് എതിരെ കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കുന്നതിന് പോലും കേരളത്തിലെ സി.പി.എം എതിരാണ്. കാര്യമായ വോട്ടില്ലാത്ത ഗുജറാത്തില്‍ പോലും ഒറ്റയ്ക്ക് മത്സരിച്ച് കോണ്‍ഗ്രസിന്റെ സാധ്യത കുറയ്ക്കാനാണ് പാര്‍ട്ടി ഉത്സാഹിച്ചത്. ഫാസിസത്തിനെതിരെ കോണ്‍ഗ്രസിനോട് ചേരണമെന്ന വാദത്തിന് ആക്കം കൂട്ടുമെന്നതിനാലാണോ, യൂറോപ്പിലെ ഒന്നിച്ചുള്ള പോരാട്ടങ്ങളെക്കാള്‍ ഉത്തരകൊറിയ-ചൈന വാദത്തിന് കോടിയേരിമാര്‍ പ്രാധാന്യം നല്‍കുന്നത്?

അത്തരം ഉയര്‍ന്ന ചിന്തയൊന്നും ആകാനിടയില്ല. വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളില്‍ ഉയര്‍ന്ന സ്ഥാനം വഹിച്ചവരാണെങ്കിലും അതിന്റെ ചിന്താമിടുക്കൊന്നും തനിക്കില്ലെന്ന് ഇ.പി.ജയരാജന്‍ തുടര്‍ന്നും തെളിയിക്കുകയാണല്ലൊ. ചൈനയെ വല്ലാതെ പ്രകീര്‍ത്തിക്കുന്നത് ബി.ജെ.പിക്ക് വളമാകുമെന്ന പ്രായോഗിക ചിന്തയും സംസ്ഥാന പാര്‍ട്ടി സെക്രട്ടറിക്കില്ല. നായ മോങ്ങാനിരിക്കുമ്പോള്‍ തലയില്‍ തന്നെ തേങ്ങയിടുകയാണ് കക്ഷി. സെക്രട്ടറി മുഖ്യമന്ത്രിയുടെ വാലായതും പുതിയ കാലത്തെ പ്രതിഭാസമാണ്. സാര്‍വദേശിയതയെപ്പറ്റി പറയുകയെന്നത് പാര്‍ട്ടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴത്തെ പതിവാണ്. ആ ചടങ്ങ് തീര്‍ക്കുകയാണിവര്‍. ലോകം മാറുന്നതും പുതിയ യുവത്വം ഉയര്‍ന്നുവരുന്നതും അവര്‍ കാണുന്നില്ല. എന്തൊരു ദുരന്തമാണ് സഖാവ് കോടിയേരി താങ്കള്‍ എന്ന് ചോദിക്കാന്‍ പാര്‍ട്ടിക്കകത്ത് ആരും ഒട്ടില്ല താനും.