ആഗോള ഭൗമ രാഷ്ട്രീയം കൂടുതല്‍ കലുഷിതമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രങ്ങളുടെ സൈനിക ചെലവില്‍ വന്‍തോതിലുള്ള കുതിച്ചു ചാട്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷം ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ തങ്ങളുടെ ആയുധശേഖരങ്ങള്‍ നവീകരിക്കുന്നതിനായി കോടിക്കണക്കിന് രൂപ ചെലവിടാന്‍ ഉദ്ദേശിക്കുന്നതായ വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം 2000 കോടി രൂപയാണ് ഇന്ത്യ ആയുധ നവീകരണത്തിനായി മാറ്റിവെച്ചിരിക്കുന്നത്.
SPRI റിപ്പോര്‍ട്ട് അനുസരിച്ച്, 2024 ല്‍, ആഗോള സൈനിക ചെലവ് 2.718 ട്രില്യണ്‍ ഡോളറിലെത്തി, 2023 നെ അപേക്ഷിച്ച് 9.4 ശതമാനം വര്‍ധനവാണിത്, 1988 ന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക വര്‍ദ്ധനവാണിത്. ആഗോള ആഭ്യന്തര മൊത്തോല്‍പ്പാദനത്തിന്റെ (GDP) 2.5 ശതമാനമാണ് സൈനികാവശ്യങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്.
സായുധ സംഘര്‍ഷങ്ങളിലെ കുത്തനെയുള്ള വര്‍ദ്ധനവ് പ്രതിരോധ ബജറ്റുകളില്‍, പ്രത്യേകിച്ച് നേരിട്ട് ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്കിടയില്‍, ഗണ്യമായ വര്‍ദ്ധനവിന് കാരണമായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഉക്രെയ്‌നിന്റെ സൈനിക ബജറ്റ് 2024 ല്‍ 64.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, ഇത് ആ രാജ്യത്തിന്റെ ജിഡിപിയുടെ 34.5 ശതമാനത്തിന് തുല്യമാണ്. 2021 ല്‍ പ്രതിരോധ ചെലവ് ജിഡിപിയുടെ വെറും 3.4 ശതമാനമായിരുന്നുവെന്ന് ഓര്‍ക്കേണ്ടതുണ്ട്. 2022 ഫെബ്രുവരിയില്‍ റഷ്യയുടെ അധിനിവേശത്തിനുശേഷം, ഈ കണക്ക് 25.6% ആയും പിന്നീട് 2023 ല്‍ 36.5% ആയും വര്‍ദ്ധിച്ചു, 2024 ല്‍ ഈ വര്‍ധനവ് അതേപടി തുടര്‍ന്നു.
റഷ്യയുടെ പ്രതിരോധ ചെലവ് 2024 ല്‍ 149 ബില്യണ്‍ ഡോളറിലെത്തി, മുന്‍ വര്‍ഷത്തേക്കാള്‍ 38 ശതമാനം കൂടുതലാണിത്. ജിഡിപിയുടെ ഒരു വിഹിതമെന്ന നിലയില്‍, സൈനിക ചെലവ് 2021 ല്‍ 3.6 ശതമാനത്തില്‍ നിന്ന് 2024 ല്‍ 7.1 ശതമാനമായി ഉയര്‍ന്നു, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഇരട്ടിയായി.
ഹമാസുമായുള്ള സംഘര്‍ഷം തുടരുന്നതിനിടയിലും ഇറാനുമായുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്നതിനിടയിലും, 2024 ല്‍ ഇസ്രായേല്‍ പ്രതിരോധത്തിനായി 46.5 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു, 2023 നെ അപേക്ഷിച്ച് 65 ശതമാനം വര്‍ധനവ്. 2022 ല്‍ ജിഡിപിയുടെ 4.4% ആയിരുന്ന സൈനിക ചെലവ് 2024 ല്‍ 8.8 ശതമാനമായി ഉയര്‍ന്നു, കുറയുന്നതിന്റെ സൂചനകളൊന്നുമില്ല.
2024-ല്‍ ലെബനന്‍ സൈനിക ചെലവ് 58 ശതമാനം വര്‍ദ്ധിപ്പിച്ചു. ഇസ്രായേലുമായുള്ള ഏറ്റുമുട്ടലുകള്‍ കാരണം 2023-ല്‍ ജിഡിപിയുടെ 1.6% ആയിരുന്ന പ്രതിരോധ ചെലവ് 2024-ല്‍ 2.6 ശതമാനമായി ഉയര്‍ന്നു.
വര്‍ദ്ധിച്ചുവരുന്ന പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കും നടന്നുകൊണ്ടിരിക്കുന്ന റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനും ഇടയില്‍, പോളണ്ട് അതിന്റെ പ്രതിരോധ ബജറ്റ് 2022-ല്‍ ജിഡിപിയുടെ 2.2 ശതമാനത്തില്‍ നിന്ന് 2024-ല്‍ 4.2 ശതമാനമായി വര്‍ദ്ധിപ്പിച്ചു.
ഇന്ത്യയുടെ സൈനികച്ചെലവ്, ഏറ്റവും പുതിയ കണക്കനുസരിച്ച്. 86.1 ബില്യണ്‍ ഡോളറാണ്. ഇന്ത്യയുടെ ജിഡിപിയുടെ 2.3% ആണിത്. ഇന്ത്യാ-പാക് സംഘര്‍ഷം കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സൈനികച്ചെലവില്‍ ഗണ്യമായ വര്‍ധനവ് സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായി കണക്കാക്കപ്പെടുന്നു.
സൈനികച്ചെലവുകള്‍ക്കായി നിര്‍ലോഭം പണമൊഴുക്കുന്ന അതേ കാലയളവില്‍ത്തന്നെ ലോകത്തിലെ ദാരിദ്ര്യ സൂചികയിലും സമാനമായ വര്‍ധനവ് സംഭവിച്ചുകൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആഗോള പട്ടിണി സൂചിക അനുസരിച്ച് ലോകത്തൊട്ടാകെയായി 733 ദശലക്ഷം ജനങ്ങള്‍ കടുത്ത ദാരിദ്ര്യവും പോഷകാഹാരക്കുറവും അനുഭവിക്കുന്നു. 2019ന് ശേഷം ഈ കണക്കിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത് 152 ദശലക്ഷം ആളുകളാണെന്നോര്‍ക്കുക. നിലവിലുള്ള അവസ്ഥ തുടരുകയാണെങ്കില്‍ 2030 ആകുമ്പോഴേക്കും ഈ കണക്ക് 950 ദശലക്ഷം ആയി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനവ് ലോകമൊട്ടാകെ 280 കോടി ജനങ്ങളെ ദാരിദ്ര്യത്തിന്റെ നിഴലില്‍ ജീവിക്കാന്‍ നിര്‍ബന്ധിതമാക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Read more
കെ.സഹദേവന്‍