രണ്ട് വാര്‍ത്തകളാണ് ഇന്ത്യയുടെ ബാങ്കിംഗ് മേഖലകളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്.
ഒന്നാമത്തേത്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിലയന്‍സ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഉടമയായ അനില്‍ അംബാനിയെ ‘ഫ്രോഡ്’ എന്ന് വിശേഷിപ്പിച്ചത്.
രണ്ടാമത്തേത്, രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ ‘എഴുതിത്തള്ളിയ’ കടങ്ങള്‍ സംബന്ധിച്ച്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള രാജ്യത്തെ വിവിധ ബാങ്കുകളെ, മതിയായ രേഖകളോ, ഉറപ്പുകളോ ഒന്നും നല്‍കാതെ, ആയിരക്കണക്കിന് കോടി രൂപ വായ്പ വാങ്ങിയ അനില്‍ അംബാനിക്കെതിരെ റെയ്ഡും കേസും ഒക്കെയായി ബാങ്കുകള്‍ തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശകക്കാലമായി തുടരുന്ന ഈ കള്ളക്കളികൾ 2020ല്‍ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഡിറ്റര്‍മാര്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും രാഷ്ട്രീയ സ്വാധീനം കാരണം നടപടികള്‍ കൈക്കൊള്ളാതിരിക്കുകയായിരുന്നു.
അനില്‍ അംബാനിയുടെ തട്ടിപ്പുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ഒരു ഭാഗത്ത് കേള്‍ക്കുമ്പോള്‍ മറുഭാഗത്ത്, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിത്തള്ളിയ കടത്തെക്കുറിച്ചുള്ള വാര്‍ത്തയും പുറത്തുവരുന്നു.
രാജ്യത്തെ 13 പൊതുമേഖലാ ബാങ്കുകളിലായി കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ write off ചെയ്ത കടം 12 ലക്ഷം കോടി രൂപയാണത്രേ.!! ഏറ്റവും കൂടുതല്‍ കടങ്ങള്‍ ‘write off’ ചെയ്ത ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2024-25 കാലയളവില്‍ ഈ തുക 20,309 കോടി രൂപയാണ്.
ഈ തുകകളുടെ വലുപ്പം അറിയണമെങ്കില്‍ 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ബാങ്കുകള്‍ write off ചെയ്ത തുക എത്രയാണെന്ന് കൂടി അറിയണം. അത് 2,20,328 കോടി രൂപയാണ്.
”അയ്യേ!! കൂയ്… write off എന്നാല്‍ waive off അല്ല”
ഇനി ‘Write off’ (എഴുതിത്തള്ളുക) എന്നതിനര്‍ത്ഥം കടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊടുത്തു എന്നല്ലെന്നും സാങ്കേതികമായി ബാങ്കുകളുടെ കണക്ക് പുസ്തകത്തിന്റെ മൂലയിലേക്ക് മാറ്റുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും പിന്നീട് അവ തിരിച്ചുപിടിക്കുമെന്നും നമ്മുടെ അറിവില്ലായ്മയെ പരിഹസിച്ചു കൊണ്ട് ആസ്ഥാന സാമ്പത്തിക വിദഗ്ദ്ധര്‍ വിശദീകരണം നല്‍കാറുണ്ട്.
എന്നാല്‍ ഇതേ സര്‍ക്കാരിന്റെ കാലത്ത് 2017-18 തൊട്ട് 2021-22 വരെയുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ തിരിച്ചുപിടിച്ച ‘ബാഡ് ലോണുകള്‍’ എത്രയാണെന്ന് കൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും.
അതായത്, 2017-18 മുതല്‍ 2022-23വരെയുള്ള കാലയളവില്‍ തിരിച്ചുപിടിച്ച കടങ്ങള്‍ 1,77,584 കോടി രൂപ മാത്രമാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ ഒരു കാര്യം കൂടി പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ട്. ബാഡ് ലോണുകള്‍ കാര്യക്ഷമമായി തിരിച്ചുപിടിച്ച ബാങ്കുകള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന വസ്തുത!!
സാങ്കേതികതകള്‍ വിശദീകരിച്ചുകൊണ്ട് ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകള്‍ ജനങ്ങളുടെ കണ്ണില്‍ നിന്ന് മറച്ചുവെക്കാന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്ന അതേ അവസരത്തിലാണ് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും വിജയ് മല്യയും അനില്‍ അംബാനിയും അടക്കമുളള രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിടുന്നതും സുഖജീവിതം നയിക്കുന്നതും.
അതി സമ്പന്നര്‍ നടത്തുന്ന ഈ തട്ടിപ്പുകളുടെ നഷ്ടം കുറയ്ക്കാന്‍ എടിഎമ്മുകളിലെ ഓരോ ഇടപാടുകള്‍ക്കും ചാര്‍ജ്ജു ചെയ്യുന്നതടക്കമുള്ള നടപടികളാണ് ബാങ്കുകള്‍ സ്വീകരിച്ചുവരുന്നത്.
ഭരണകൂടത്തിനെതിരായി തിരിയേണ്ട വികാരങ്ങളെ മത-ജാതി വിദ്വേഷമായി പരിവര്‍ത്തിപ്പിക്കുന്നതിലും തെരുവിലെ കലാപമായി മാറ്റുന്നതിലും പരിശീലനം സിദ്ധിച്ചവരാണ് ഭരണത്തിലിരിക്കുന്നത് എന്നതുകൊണ്ടുതന്നെ തെരുവിലെ കാവടിയാട്ടങ്ങള്‍ ഇനിയും ഏറെ കാണാം.
Read more
കെ.സഹദേവന്‍
——–








