കോൺഗ്രസിൻ്റെ നേതൃത്വ പ്രതിസന്ധിയും ഇന്ത്യൻ മതേതര ദേശീയതയുടെ ഭാവിയും

അബിദ് അലി ഇടക്കാട്ടില്‍

അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന നേതൃത്വ പ്രതിസന്ധി വിശാലാര്‍ത്ഥത്തില്‍ മതേതര-രാഷ്ട്രീയ ഇന്ത്യ നേരിടുന്ന ഒരു മഹാ പ്രതിസന്ധി കൂടിയായി പരിണമിച്ചിരിക്കുകയാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയ തോല്‍വിയെ തുടര്‍ന്ന് പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് രാഹുല്‍ ഗാന്ധിയെ തല്‍സ്ഥാനത്തേക്ക് കൊണ്ടു വരുവാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല. താത്കാലിക പ്രസിഡണ്ട് പദവിയില്‍ സോണിയ ഗാന്ധി ഒരു വര്‍ഷം പിന്നിടുകയാണ്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ആരായാലും അദ്ധ്യക്ഷ പദവിയിലെത്തട്ടെ എന്ന രാഹുലിന്റെ തീര്‍പ്പിനോട് സഹോദരി പ്രിയങ്ക യോജിക്കുന്നു. വാര്‍ദ്ധക്യവും ആരോഗ്യപ്രശ്‌നങ്ങളും അലട്ടുന്ന സാഹചര്യത്തില്‍ സോണിയക്ക് കോണ്‍ഗ്രസ് നേരിടുന്ന ചരിത്രപരമായ വെല്ലുവിളിയെയും അതിജീവന പ്രതിസന്ധിയെയും നേരിടാനും തരണം ചെയ്യുവാനുമുള്ള ശേഷി ഇല്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒരു മുഴുസമയ അദ്ധ്യക്ഷനെ അടിയന്തരമായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് തലമുതിര്‍ന്ന ഈ നേതാക്കള്‍ താത്കാലിക പ്രസിഡണ്ടിനെഴുതിയ കത്ത് മറ്റൊരു തരത്തില്‍ പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിച്ചിരിക്കുന്നു. വിചിത്രമെന്ന് പറയട്ടെ കത്തിലെ ഉള്ളടക്കം ന്യായമാണെങ്കില്‍ കൂടി ഈ വിഷയത്തെ സമചിത്തതയോടെ നേരിടുന്നതില്‍ ഗാന്ധി കുടുംബം പരാജയപ്പെട്ടു.

മൃതാവസ്ഥയിലായ കോണ്‍ഗ്രസ് ബി.ജെ.പി ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകള്‍ക്ക് വളമാകുന്നു എന്ന രാഷ്ട്രീയ പ്രതിസന്ധിയും സമീപഭാവിയില്‍ ഇന്ത്യ അതിന്റെ പൂര്‍വ്വ ദേശീയ രാഷ്ട്രീയ സ്വത്വത്തെ തിരിച്ചു പിടിച്ച് ഹിന്ദുത്വ തിയോക്രസിയില്‍ നിന്നും മോചിതമാകുമെന്ന മതേതര സ്‌നേഹികളുടെ പ്രത്യാശ മലര്‍പൊടിക്കാരന്റെ സ്വപ്‌നമായി കരിയുന്നു എന്നതാണ് ഈ പ്രതിസന്ധിയുടെ മറുപുറം. ഗാന്ധി കുടുംബത്തിന് വെളിയിലുള്ള മറ്റാരെയെങ്കിലും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന രാഹുലിന്റെ നിരീക്ഷണം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന സൂചന നല്‍കുന്ന തരത്തിലാണ് തുറന്ന കത്ത് വിവാദം അവസാനിക്കുന്നത്.

2019-ലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെച്ച രാഹുലിന്റെ തീരുമാനം ഒരു വലിയ രാഷ്ട്രീയ ശരിയായിരുന്നുവെന്ന് അംഗീകരിക്കുവാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ് കാണിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ പദവിയില്‍ രാഹുല്‍ ഒരു പരാജയമായിരുന്നു എന്ന് നിസ്സംശയം പറയാം. അതിനര്‍ത്ഥം അദ്ദേഹം രാഷ്ട്രീയ വനവാസത്തിന് തിരിക്കണമെന്നല്ല. 2014 – 2019 വരെയുള്ള ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിശാല ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ ചേരി വാരിക്കോരി പ്രോത്സാഹന സമ്മാനങ്ങള്‍ കൊടുത്ത് രാഹുലിനെ വാഴ്ത്തി. പ്രസംഗത്തിലും ശരീരഭാഷയിലും മോദിക്ക് മേല്‍ക്കൈ ഉണ്ടെങ്കിലും ബാക്കിയുള്ള ഒട്ടേറെ നേതൃഗുണങ്ങളില്‍ രാഹുലിന് മേല്‍ക്കൈ ഉണ്ടെന്ന് വാദിച്ച് സ്ഥാപിക്കാന്‍ വ്യഥാ ശ്രമിച്ചു. കോണ്‍ഗ്രസിലെ സ്തുതി ഗായകര്‍ക്ക് പതിവ് പോലെ പാര്‍ട്ടിയിലെ സ്ഥാനമാനങ്ങളിലായിരുന്നു കണ്ണ് എങ്കില്‍ കൂടിയും മതേതര, രാഷ്ട്രസ്‌നേഹികള്‍ ഈ ഗായകസംഘത്തിനൊപ്പം ചേര്‍ന്നത് മതേതര ഇന്ത്യയില്‍ മരിക്കണമെന്നുള്ള തീവ്രാഭിലാഷം കൊണ്ടു മാത്രമായിരുന്നു.

രാഹുലില്ലെങ്കില്‍ പിന്നെ പ്രിയങ്ക ആയാലും മതിയെന്ന അതല്ലെങ്കില്‍ പ്രിയങ്കയിലൂടെ കോണ്‍ഗ്രസിന്റെ ഗതകാല പ്രൗഢി വീണ്ടെടുക്കാമെന്ന് ആത്മാര്‍ത്ഥമായി കരുതുന്ന ചെറിയ ഒരു വിഭാഗം അണികളിലുമുണ്ട്. എന്നാല്‍ ദൈനംദിന രാഷ്ട്രീയ കര്‍മ്മപഥത്തില്‍ പ്രിയങ്ക ഇപ്പോഴും സജീവമല്ല. തമിഴ്‌നാട്ടില്‍ രജനീകാന്തിന്റെ പാര്‍ട്ടിയെന്ന പോലെ പ്രിയങ്കാ ജീയുടെ സജീവ രാഷ്ട്രീയ പ്രവേശനവും ഗണപതി കല്യാണം പോലെ നീണ്ടു പോവുകയാണ്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പ്രിയങ്ക സജീവമായിരുന്നു. സഹോദരന്‍ രാഹുലിന്റെ പ്രചാരണാര്‍ത്ഥം വയനാട് പ്രസംഗിക്കാനെത്തിയ പ്രിയങ്കയെയും രാഹുലിനെയും കേരള ജനത ആവേശത്തോടെ സ്വീകരിച്ചു. അരമണിക്കൂര്‍ നീണ്ട എഴുതി തയ്യാറാക്കിയതും മുന്‍കൂട്ടി തീരുമാനിച്ചതോ ഹൃദിസ്ഥമാക്കിയതോ ആയ വിരസമായ പ്രസംഗത്തിന്റെ ആദ്യ 8 മിനിട്ടുകള്‍ വയനാടിന്റെ പ്രകൃതി ഭംഗി വര്‍ണ്ണിക്കാനാണ് പ്രിയങ്ക ഉപയോഗിച്ചത്. എഴുതി തയ്യാറാക്കുന്നതോ ഹൃദിസ്ഥമാക്കുന്നതോ ആയ പ്രസംഗങ്ങളാണ് ഗാന്ധികള്‍ പുരുഷാരത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. പി.ജെ കുര്യനെ പോലുള്ളവരുടെ പരിഭാഷ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കേമമാകും.

വടക്കേ ഇന്ത്യയെ പത്രക്കാര്‍ വിശേഷിപ്പിക്കുന്നത് ഹിന്ദി ഹൃദയഭൂമിയെന്നാണ്. പക്ഷേ അവിടുത്തെ ജനതയുടെ ഹൃദയത്തില്‍ തൊടാന്‍ ശേഷിയുള്ള ഹിന്ദി രാഹുലിനോ പ്രിയക്കോ വശമില്ല. നരേന്ദ്ര മോദിയും, നീതിഷ് കുമാറും, മുലായംസിംഗ് യാദവും, മായാവതിയുമൊക്കെ പറയുന്ന ആ ഹിന്ദി. മമത ബാനര്‍ജി പറയുന്ന ബംഗാളി, കലൈഞ്ജറും എം.ജി.ആറും പറഞ്ഞിരുന്ന തമിഴ് – അത്തരത്തില്‍ നാട്ടുകാരുടെ ഹൃദയത്തില്‍ തൊടുന്ന ഒരു ഭാഷ ഉണ്ടാക്കിയെടുക്കാന്‍ ഗാന്ധി സഹോദരങ്ങള്‍ക്ക് ഇക്കാലയളവ് കൊണ്ട് സാധിച്ചില്ല. ഇത്തരത്തില്‍ ഹൃദയമില്ലാത്ത ഭാഷ കൊണ്ട് സംസാരിക്കുന്നതിലും എത്രയോ ഭേദമായിരുന്നു വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ ചങ്കുറപ്പുള്ള ഒരു പോരാട്ടം കാഴ്ച വെയ്ക്കാന്‍ പ്രിയങ്കക്ക് സാധിച്ചിരുന്നെങ്കില്‍ അത് രാഷ്ട്രീയാര്‍ജ്ജവത്തിന്റെ ഒരു മഹദ് സന്ദേശം ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ നല്‍കുമായിരുന്നു.

ഇതിനിടയില്‍ കേള്‍ക്കുന്ന വിശ്വസനീയമായ ഒരഭ്യൂഹം എ.കെ ആന്റണിയെ പ്രസിഡണ്ടാക്കുവാനുള്ള ഒരാലോചന ഗാന്ധി കുടുംബത്തിന്റെ ആശീര്‍വാദത്തോടെ കോണ്‍ഗ്രസിന്റെ ചില തലങ്ങളില്‍ നടക്കുന്നു എന്നാണ് പല കാരണങ്ങളും കൊണ്ട് ഇത് വിശ്വസനീയമാണ്. റിമോട്ട് കണ്‍ട്രോളിലൂടെ പരിപൂര്‍ണമായി നിയന്ത്രിക്കുന്ന ഒരു നല്ല പാവയാണ് ശ്രീ ആന്റണി. അദ്ദേഹത്തിന് വിഭവശേഷിയും കഴിവും തൊട്ടുതീണ്ടിയില്ലാത്തതിനാല്‍ ഇതര സ്ഥാനമോഹികള്‍ അസ്വസ്ഥരാവില്ല എന്നതിനാല്‍ കൊട്ടാരവിപ്ലവമോ കൊതിക്കെറുവോ ഭയപ്പെടേണ്ടതില്ല. മറിച്ച് ഈയൊരു നിഗമനം യഥാര്‍ത്ഥ്യമായാലോ?

പാവ പ്രധാനമന്ത്രി (മന്‍മോഹന്‍ സിംഗ്) എന്ന പോല്‍ പാവ അദ്ധ്യക്ഷനെ നിയമിച്ച് കൊണ്ട് ഒരു പാവ സംസ്‌ക്കാരത്തിന്റെ വക്താക്കളായി കോണ്‍ഗ്രസും ഗാന്ധി കുടുംബവുമെന്ന് ബി.ജെ.പിക്ക് ന്യായമായി വിമര്‍ശിക്കാം. അത് സാധുവും സഭ്യവുമാണ്. കുര്യന്‍ ആന്റണിയും സോണിയയും ചേര്‍ന്ന് നല്‍കുന്ന ക്രിസ്ത്യന്‍ കോണ്‍ഗ്രസാണ് അഖിലേന്ത്യ കോണ്‍ഗ്രസെന്ന് തീവ്രസംഘപരിവാര്‍ സംഘടനകളെ കൊണ്ട് ഗുപ്ത പ്രചാരണം നവമാധ്യമങ്ങളിലും മറ്റും അഴിച്ച് വിട്ട് ഹിന്ദുത്വ വര്‍ഗീയ സ്‌നേഹികളെ ഇക്കിളിപ്പെടുത്തുകയും ചെയ്യാം. ആശയവിനിമയം നടത്തുന്നതിലും സംഘടനാവൈഭവത്തിലുമൊക്കെ ഒരു ദയനീയ പരാജയമായ ആന്റണി ദേശീയ മാധ്യമങ്ങളുടെ മുമ്പില്‍ നിന്ന് വിയര്‍ക്കുന്നതൊക്കെ കണ്ട്. ബി.ജെ.പിക്ക് ആര്‍ത്തു ചിരിക്കാം. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രതിരോധ മന്ത്രിയെന്ന ബഹുമതി മുമ്പേ ദേശീയ മാധ്യമങ്ങള്‍ അദ്ദേഹത്തിന് ചാര്‍ത്തി കൊടുത്തിട്ടുണ്ട്. വിമോചന സമര രാഷ്ട്രീയ കാലാവസ്ഥയില്‍ മനോരമയുടെയും ജാതി സമവാക്യങ്ങളുടെയും തണലില്‍ കേരളത്തില്‍ നേതൃത്വത്തിലേക്കുയര്‍ന്ന ആന്റണിക്ക് മോദി – അമിത് ഷാ ദ്വയം രാഷ്ട്രീയ ചരടുവലികള്‍ നടത്തുന്ന ഡല്‍ഹിയില്‍ ഒന്നും ചെയ്യാനില്ല. 80 വയസിന്റെ വാര്‍ദ്ധക്യ വിവശതകള്‍ അദ്ദേഹത്തിന്റെ കൂട്ടിനുണ്ട്.

നഗര കേന്ദ്രീകൃത മധ്യവര്‍ഗ്ഗ യുവജനങ്ങളുടെ ഇടയില്‍ നിന്ന് നിര്‍ദേശിക്കപ്പെടുന്ന മറ്റൊരു പേരാണ് ശശി തരൂരിന്റേത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹം തന്റെ ഇംഗ്ലീഷ് ഭാഷാ വൈഭവം കൊണ്ട് നഗര-മധ്യവര്‍ഗ്ഗ-യുവജനങ്ങളെ (Urban-Middle class-Youth) ഇംപ്രസ് ചെയ്തിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഇന്ത്യയിലെ സമ്മതിദായകരില്‍ ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണരും സാധാരണക്കാരുമായ ജനങ്ങളുടെ ഹൃദയം കീഴടക്കാന്‍ പുകള്‍പെറ്റ അദ്ദേഹത്തിന്റെ ഇംഗ്ലീഷും പാണ്ഡിത്യവും, യൂറോപ്പിയന്‍ ഉപചാരമര്യാദകളൊന്നും മതിയാകാതെ പോകും. തീര്‍ന്നില്ല – 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി അമേരിക്കയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് കുടിയേറിയ അദ്ദേഹത്തിന് കോണ്‍ഗ്രസ് നേതൃതലങ്ങളില്‍ തന്നെ ആഴത്തില്‍ സ്വാധീനമില്ല. റിമോട്ട് കണ്‍ട്രോളിംഗോ പിന്‍സീറ്റ് ഡ്രൈവിംഗോ തരൂരിന്റെ കാര്യത്തില്‍ ഫലപ്രദമാകാതെ വരുമോ എന്ന ആശങ്ക, ഗാന്ധി കുടുംബത്തിനും അദ്ധ്യക്ഷ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ച ഇഷ്ടമാവാനിടയില്ല.

ശശി തരൂരിന്റെ മാതൃകയില്‍ നാവില്‍ സരസ്വതി വിളയുന്ന നേതാക്കന്‍മാര്‍ കോണ്‍ഗ്രസില്‍ വേറെയുണ്ട. കപില്‍ സിബല്‍, അഭിഷേക് മനു സിംഗ്‌വി, മനീഷ് തിവാരി, സുര്‍ജീത് സിംഗ് സുര്‍ജേവാല, പി. ചിദംബരം തുടങ്ങി ഇംഗ്ലീഷും ഹിന്ദിയുമൊക്കെ ചടുലമായി കൈകാര്യം ചെയ്യുന്ന എത്രയോ പേര്‍. പക്ഷെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും ജയിച്ച് കയറുമെന്ന് ഉറച്ച് പറയാന്‍ കഴിയുന്ന ജനകീയ അടിത്തറ ഇവര്‍ക്കാര്‍ക്കുമില്ല. കോണ്‍ഗ്രസില്‍ സമുന്നതമായ എത്രയോ പദവികള്‍ വഹിച്ചയാളാണ് ശ്രീ പ്രണബ് മുഖര്‍ജി. പക്ഷേ സ്വദേശമായ ബംഗാളില്‍ അദ്ദേഹത്തിന് യാതൊരു ജനകീയ അടിത്തറയും ഉണ്ടായിരുന്നില്ല.

ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച്, നരേന്ദ്രമോദി ഒരു പ്രത്യയശാസ്ത്ര ഗോപുരത്തിന്റെ താഴികക്കുടമാണ്. (He is the minaret of an ideological edifice). സംഘപരിവാര്‍ എന്ന ആ പ്രത്യയശാസ്ത്ര ഗോപുരം ഒരു രാഷ്ട്രീയ സംസ്‌കാരവും മനോനിലയും പൊതുബോധവും മുസ്ലിമിന്റെ രാക്ഷസീയ അപരവത്കരണവുമൊക്കെയായി ഇന്ത്യയില്‍ ആകാശം മുട്ടെ വളര്‍ന്ന് നില്‍ക്കുകയാണ്. ഇതിന്റെ ഒരു രൂപകമായി വേണം ഗുജറാത്തിലെ പട്ടേല്‍ പ്രതിമയെ കാണാന്‍. നരേന്ദ്ര ദാമോദര്‍ ദാസ് മോദിയെന്ന പ്രോജ്ജ്വലമായ ഈ താഴികക്കുടത്തിന് സമാനമായ ഒരു നേതൃത്വ താഴികക്കുടം അന്തരീക്ഷത്തില്‍ ഒഴുകി നില്‍ക്കില്ല. പൂര്‍വ്വകാല ഇന്ത്യന്‍ ദേശീയ ബോദ്ധ്യങ്ങളെയും, മാനവികതയെയും, മതേതരത്വത്തെയും, വൈവിദ്ധ്യത്തെയും ബഹുസ്വരതയെയുമെല്ലാം പെറുക്കിയെടുത്ത് മറ്റൊരു ഗോപുരം നാം തീര്‍ക്കേണ്ടതുണ്ട്. അതാണ് ബി.ജെ.പിക്കുള്ള ബദല്‍. നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ അസംഖ്യം വരുന്ന രാഷ്ട്രീയ മായാജാലങ്ങളും അത് യാഥാര്‍ത്ഥ്യമാണെന്ന് കരുതി വിഴുങ്ങുന്ന ഭൂരിപക്ഷ ഇന്ത്യന്‍ ജനതയുടെ മനോനിലയും, ചങ്ങാത്ത മുതലാളിത്തത്തിലൂടെ ഇന്ത്യന്‍ അണികളുടെ നടുവിലേക്കിറങ്ങി സംഘടന കെട്ടിപ്പടുത്ത്, സന്നിഗ്ധ രാഷ്ട്രീയ മുഹൂര്‍ത്തങ്ങളില്‍ ഇന്ത്യന്‍ ജനതയോടൊപ്പം നിന്ന്, മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ വങ്കത്തങ്ങളെ തുറന്നെതിര്‍ത്ത് നിരന്തരമായി ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന ഒരു കരുത്തുറ്റ ഊര്‍ജ്ജസ്വലനും അദ്ധ്വാനിയും രാഷ്ട്രീയ ദാര്‍ശനികനുമായ പ്രതിബദ്ധതയുമുള്ള ഒരു നേതാവിനെയാണ് കോണ്‍ഗ്രസിന് ഇന്നാവശ്യം. ഇത്തരത്തിലുള്ളൊരു നേതാവിലേക്കാണ് കോണ്‍ഗ്രസിന്റെ നേതൃത്വം തങ്ങളുടെ ടാലന്റ് ഹണ്ട്‌ ഫോക്കസ് ചെയ്യേണ്ടത്. ഇതിനോട് ഒരളവോളം ചേര്‍ന്ന് പോകുന്ന രണ്ട് പേരുകള്‍,  ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും, രണ്ട് പേരും രണ്ട് വ്യത്യ്‌സതരായ വഴികളിലൂടെ രാഷ്ട്രീയ ഭാവി കളഞ്ഞ് കുളിച്ചു. പക്ഷേ മേല്‍ സൂചിപ്പിച്ച തരത്തിലുള്ള ഒരു നേതാവിലേക്കെത്തുവാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനോ ഗാന്ധി കുടുംബത്തിനോ രാഷ്ട്രീയ ആത്മാര്‍ത്ഥതയില്ല എന്ന് തന്നെയാണ് സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

ബി.ജെ.പിയെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക എന്നാല്‍ കേവലം നേതൃഗുണങ്ങളില്‍ നരേന്ദ്രമോദിയെ വെല്ലുന്ന ഒരു നേതാവ് കോണ്‍ഗ്രസിനുണ്ടാവില്ല എന്ന് മാത്രമല്ല. ജനതയെ കൊള്ളയടിക്കുന്ന ചൂഷണ രാഷ്ട്രീയത്തെയും, അത് നിര്‍ബാധം നടത്തുവാന്‍ തലമുറയ്ക്കായി സൃഷ്ടിക്കപ്പെടുന്ന ഹിന്ദുത്വത്തിന്റെ ധ്രുവീകരണ രാഷ്ട്രീയത്തെയും ആര്‍ജ്ജവത്തോടെ നേരിട്ട് കൊണ്ട് മാത്രമേ ഈ ഗോപുരം പണിയുടെ ശിലാന്യാസം നിര്‍വ്വഹിക്കാനാവൂ. 3 വര്‍ഷമല്ല, മൂന്നു ദശകം തന്നെയെടുത്തേക്കും ഇത് പൂര്‍ത്തിയാക്കാന്‍.

രാഷ്ട്രീയ സാഹചര്യവും ഇത്ര കൈപ്പേറിയതായിരിക്കെയാണ് പ്രിയങ്കയുടെ ഇന്ദിരാ മുഖസാദൃശ്യത്തിലും രാഹുലിന്റെ നൈര്‍മ്മല്യത്തിലുമൊക്കെ ഊന്നി കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സാദ്ധ്യമാക്കാം എന്ന് മനപ്പായസമുണ്ണുന്ന കടല്‍ക്കിഴവന്‍മാരുടെ കുശിനി സംഘമാണ് കോണ്‍ഗ്രസിന്റെ ശാപം. 15 വര്‍ഷത്തോളം അമേഠി എന്ന തന്റെ തട്ടകം പരിപാലിക്കാന്‍ കഴിയാത്ത, സംസ്ഥാനതലങ്ങളിലേക്ക് നടക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന വേളയില്‍ രാജ്യത്ത് നിന്ന് അപ്രത്യക്ഷനാകുന്ന രാഹുലില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ട്വീറ്റിലൂടെയും വീഡിയോ ഫൂട്ടേജുകളിലൂടെയും പ്രവര്‍ത്തിക്കുന്ന ഒരു കരിയര്‍ പ്രതിപക്ഷമായിരിക്കുന്ന നിലവിലെ കോണ്‍ഗ്രസാണ് ബി.ജെ.പിയുടെ ആനന്ദം.