കർഷക സമരം അവസാനിപ്പിക്കാൻ മോദി സർക്കാരിനെ ഉപദേശിച്ച് വാജ്‌പേയി ഭരണകാലത്തെ കാർഷിക മന്ത്രി

 

പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ പ്രധാന ആവശ്യമായ താങ്ങുവില (എം.‌എസ്‌.പി) അംഗീകരിക്കണമെന്ന് നരേന്ദ്രമോദി സർക്കാരിനോട് ഉപദേശിച്ച് സോംപാൽ ശാസ്ത്രി. സുപ്രീംകോടതി നിയോഗിക്കുന്ന സ്വതന്ത്ര സമിതിയിലൂടെ ഇത് ചെയ്യാമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനോട് മുൻ കൃഷി മന്ത്രി സോംപാൽ ശാസ്ത്രി നിർദ്ദേശിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര കൃഷി മന്ത്രിയെ സോംപാൽ ശാസ്ത്രി സന്ദർശിച്ചിരുന്നു. അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ കേന്ദ്ര കൃഷി മന്ത്രിയായിരുന്നു സോംപാൽ ശാസ്ത്രി.

സർക്കാരും കർഷകരും തമ്മിലുള്ള വിശ്വാസം കുറഞ്ഞതായി നരേന്ദ്ര സിംഗ് തോമറുമായുള്ള കൂടിക്കാഴ്ചയിൽ സോംപാൽ ശാസ്ത്രി ഊന്നിപ്പറഞ്ഞു. ഇത് നിലവിലെ പ്രതിഷേധത്തിന്റെ മൂലകാരണമാണെന്നും ചർച്ചകളിൽ സുപ്രീംകോടതിയെ ഉൾപ്പെടുത്തിക്കൊണ്ട് ഇത് പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് കാർഷിക നിയമങ്ങളും തിടുക്കത്തിൽ തയ്യാറാക്കിയതാണെന്നും അവയിൽ നിരവധി അപാകതകൾ ഉണ്ടെന്നും സോംപാൽ ശാസ്ത്രി പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.

“കോടതികളിൽ അപ്പീലുകളെ ചെറുക്കുന്ന തരത്തിലുള്ള നിയമം തയ്യാറാക്കാൻ ഒരു രാജ്യത്ത് കഴിയുമോ? ജില്ലാ മജിസ്‌ട്രേറ്റിന്റെയും (ഡി.എം) സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെയും (എസ്.ഡി.എം) അധികാരപരിധി അന്തിമമാണെന്ന തരത്തിലൊരു നിബന്ധന ഉദ്യോഗസ്ഥർ തയ്യാറാക്കിയത് എങ്ങനെയാണ്? കർഷകർ പ്രതിഷേധിച്ചപ്പോൾ അത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു, തെറ്റ് തിരുത്താൻ തീരുമാനിച്ചു. എന്നാൽ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു.” സോംപാൽ ശാസ്ത്രി പറഞ്ഞു.

നിലവിലെ കാർഷിക സമരത്തിന് പുറമെ സ്വാമിനാഥൻ കമ്മീഷൻ ശിപാർശകൾ നടപ്പാക്കുന്നത് മുതൽ കർഷകരുടെ വരുമാനം വരെയുള്ള നിരവധി വിഷയങ്ങൾ താൻ നരേന്ദ്ര സിംഗ് തോമറുമായി സംസാരിച്ചുവെന്ന് സോംപാൽ ശാസ്ത്രി ദി പ്രിന്റിനോട് പറഞ്ഞു.

നഷ്ടപ്പെട്ട വിശ്വാസം

കർഷകരുടെ വരുമാനം വർദ്ധിപ്പിച്ചാൽ മാത്രമേ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുകയുള്ളൂവെന്ന് വാജ്‌പേയി കാലഘട്ടത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ആരംഭിച്ച സോംപാൽ ശാസ്ത്രി പറഞ്ഞു.

“കർഷകരുടെ വാങ്ങൽ ശേഷി ഗണ്യമായി കുറഞ്ഞു. അടുത്ത കാലത്തായി കർഷക വരുമാനം 25-30 ശതമാനം വരെ കുറഞ്ഞുവെന്ന് സർക്കാരിന്റെ തന്നെ സമിതിയാണ് പറഞ്ഞത്. ഡീസൽ, പെട്രോൾ, യൂറിയ, വിത്ത് വില എന്നിവയിലെ വർദ്ധനവ് കാരണം അവരുടെ ഇൻപുട്ട് (നിക്ഷേപം) ചെലവ് വർദ്ധിക്കുന്നു. അവരുടെ ഉൽ‌പ്പന്നങ്ങൾക്ക് കുറഞ്ഞ താങ്ങുവില പോലും ലഭിക്കുന്നില്ല, പിന്നെ എങ്ങനെയാണ് അവരുടെ വരുമാനം പെട്ടെന്ന് ഇരട്ടിക്കുക,” സോംപാൽ ശാസ്ത്രി ചോദിച്ചു.

എം‌.എസ്.‌പി നിയമപരമായ രൂപത്തിൽ ആവശ്യപ്പെടുന്നതിന് കർഷകർക്ക് ന്യായമായ കാരണങ്ങളുണ്ടെന്ന് മുൻ കൃഷി മന്ത്രി പറഞ്ഞു.

“മിനിമം സപ്പോർട്ട് പ്രൈസ് കർഷകരുടെ മാക്സിമം സപ്പോർട്ട് പ്രൈസായി മാറി. നമ്മൾ ഇൻപുട്ട് ചെലവുകൾ ശരിയായി കണക്കാക്കുന്നില്ല, അതിനാൽ ഇൻപുട്ട് ചെലവുകൾ ശരിയായി കണക്കാക്കാൻ ഇൻപുട്ട് കമ്മീഷൻ ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു. “അതുകൊണ്ടാണ് കർഷകർ നിയമപരമായ രൂപത്തിൽ എം.‌എസ്.‌പി ആവശ്യപ്പെടുന്നത്, അപ്പോൾ കുറഞ്ഞപക്ഷം അവർക്ക് മിനിമം ഇൻപുട്ട് ചിലവെങ്കിലും തിരികെ ലഭിക്കും.” സോംപാൽ ശാസ്ത്രി പറഞ്ഞു.

കർഷക വരുമാനം കുറയുന്നുവെന്ന് ചൂണ്ടിക്കാണിക്കാൻ കയറ്റുമതി ചെയ്യുന്ന സൂപ്പർ ബസുമതിയെ സോംപാൽ ശാസ്ത്രി ഉദ്ധരിച്ചു. 2013-14 ൽ സൂപ്പർ ബസുമതി ക്വിന്റലിന് 4,800 രൂപയായിരുന്നുവെങ്കിലും അതിന്റെ വില 2014-15ൽ 3,500 രൂപയായും 2017-18ൽ 2,400 രൂപയായും 2018-19ൽ 2,200-2,400 രൂപയായും കുറഞ്ഞു.

“കർഷകരുടെ വരുമാനം എങ്ങനെ വർദ്ധിക്കും?” ശാസ്ത്രി ചോദിച്ചു. “സി 2 ചെലവ് (പണമടച്ച ചെലവുകളുടെ ആകെത്തുക, ഉടമസ്ഥതയിലുള്ള മൂലധന ആസ്തികളുടെ പലിശ, വാല്യൂ ഓഫ് ഫാമിലി ലേബർ, പാട്ടത്തിനെടുത്ത സ്ഥലത്തിന് നൽകിയ വാടക, ഉടമസ്ഥതയിലുള്ള ഭൂമിയുടെ വാടക മൂല്യം) സംബന്ധിച്ച സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നമ്മൾ നടപ്പിലാക്കിയാൽ, എം‌.എസ്.‌പി ഗോതമ്പിന് 2,800-3,000 രൂപയും അരിക്ക് 2,600-2,800 രൂപയുമാകും. എന്നാൽ ഇത് ഇപ്പോൾ ഗോതമ്പിന് 1,925 രൂപയും അരിയ്ക്ക് 1,868 രൂപയുമാണ്.” അദ്ദേഹം പറഞ്ഞു.

“സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയതായാണ് സർക്കാർ പറയുന്നത് എന്നാൽ അത് നടപ്പിലാക്കിയത് എ 2 (പണമടച്ചു കഴിഞ്ഞ ചെലവ്) ഫാമിലി ലേബർ കോസ്റ്റ് എന്നിവയിൽ മാത്രമാണ്, സി 2 വിലും 50 ശതമാനം ഇൻപുട്ട് ചെലവിലും നടപ്പിലാക്കിയിട്ടില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

“മണ്ഡികൾ നിർത്തലാക്കില്ലെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ മണ്ഡി സമ്പ്രദായം പഴയതും നിരർത്ഥകവുമാണെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് കർഷകർ സർക്കാരിനെ വിശ്വസിക്കാത്തത്. ” പ്രതിഷേധിക്കുന്ന കർഷകർ വഴങ്ങാത്തത് എന്തുകൊണ്ടെന്ന് വിശദീകരിച്ചുകൊണ്ട് സോംപാൽ ശാസ്ത്രി പറഞ്ഞു.

‘ലോകമെമ്പാടും കൃഷിക്ക് ഉയർന്ന സബ്‌സിഡി ഉണ്ട്’

പ്രധാനമന്ത്രി-കിസാൻ സമ്മാൻ നിധി യോജന പ്രകാരം കൂടുതൽ പണം വിതരണം ചെയ്യണമെന്നും ശാസ്ത്രി സർക്കാരിനോട് ആവശ്യപ്പെട്ടു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി കർഷകർക്ക് പ്രതിവർഷം 6,000 രൂപ ലഭിക്കും.

“ഇത് ഒരു മികച്ച പദ്ധതിയാണെന്ന് സർക്കാർ പറയുന്നു, എന്നാൽ ലോകമെമ്പാടുമുള്ള കാർഷിക മേഖലയ്ക്ക് ഉയർന്ന സബ്സിഡി ഉണ്ട്. യുഎസും യൂറോപ്പും കാർഷിക ജിഡിപിയുടെ 30-40 ശതമാനം കർഷകർക്ക് ഉറപ്പാക്കുന്നു, പക്ഷേ നമ്മൾ അവർക്ക് നൽകുന്നത് കാർഷിക ജിഡിപിയുടെ 3-5 ശതമാനം മാത്രമാണ്. കാർഷിക ജിഡിപിയുടെ കുറഞ്ഞത് 10 ശതമാനം ഉറപ്പാക്കണം,” മുൻ കാർഷിക മന്ത്രി പറഞ്ഞു

“ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന്റെ കഥ നിക്ഷേപത്തിന്റേതല്ല, മറിച്ച്‌ ഡിമാൻഡിന്റേതാണെന്ന് നമ്മൾ പലപ്പോഴും മറക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

46 ശതമാനം വ്യാവസായിക ഡിമാൻഡ് ഗ്രാമീണ മേഖലയിൽ നിന്നാണെന്ന് ശാസ്ത്രി പറഞ്ഞു. “അവർക്ക് വാങ്ങൽ ശേഷി ഇല്ലെങ്കിൽ, മുഴുവൻ സാമ്പത്തികചക്രവും തകരും. അതിനാൽ നമ്മൾ കർഷകർക്ക് സബ്സിഡി അല്ലെങ്കിൽ എം.എസ്.പി ഉറപ്പ് നൽകണം, എന്നാലേ അവർക്ക് അതിജീവിക്കാൻ കഴിയൂ.”

“മെച്ചപ്പെട്ട വിലയ്ക്ക് വിളകൾ വിൽക്കാനുള്ള സ്വാതന്ത്ര്യം എം‌.എസ്‌.പി കർഷകർക്ക് നൽകുന്നു. കർഷകർ ചില സമയങ്ങളിൽ തക്കാളിയും ഉരുളക്കിഴങ്ങും കിലോയ്ക്ക് ഒരു രൂപയ്ക്ക് വിൽക്കുന്നു, അതേസമയം അതിലുള്ള നിക്ഷേപം പലമടങ്ങ് കൂടുതലായിരിക്കും. വിളകൾ ഉൽ‌പാദിപ്പിച്ചയുടനെ, ഒരു കർഷകന് കടം വാങ്ങിവർക്ക് കാശ് തിരികെ കൊണ്ടുക്കേണ്ടിവരും അല്ലെങ്കിൽ വിവാഹ ചെലവ് തുടങ്ങി മറ്റ് പല ചെലവുകൾക്കും പണം ആവശ്യമായി വരും. എം‌.എസ്‌.പി ഉറപ്പു നൽകിയാൽ, കർഷകർ കാത്തിരിക്കും, അല്ലാത്തപക്ഷം അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവർ കിട്ടുന്ന വിലയ്ക്ക് വിൽക്കും.” സോംപാൽ ശാസ്ത്രി പറഞ്ഞു.

വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ നടന്ന കർഷക പ്രതിഷേധം 

78 കാരനും മുൻ മന്ത്രിയും ആദ്യത്തെ കർഷക കമ്മീഷൻ ചെയർമാനുമായ സോംപാൽ ശാസ്ത്രി തന്റെ ഭരണകാലത്തുണ്ടായ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് സംസാരിച്ചു. “റാബി വിളയുടെ എം.എസ്.പി ഉയർത്താൻ പ്രതിഷേധം ഉണ്ടായി. ഗോതമ്പിന് ക്വിന്റലിന് 460 രൂപയായിരുന്നു അന്ന്.” സോംപാൽ ശാസ്ത്രി പറഞ്ഞു.

“ഇൻപുട്ട് ചെലവ് കണക്കാക്കാൻ ഞാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു, അത് ക്വിന്റലിന് 510 രൂപയായിരുന്നു. സെക്രട്ടറി 510 രൂപ ശുപാർശ ചെയ്തെങ്കിലും ഞാൻ അടൽജിയുമായി (മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി) ആലോചിച്ച് ക്വിന്റലിന് 610 രൂപ പ്രഖ്യാപിച്ചു. തങ്ങളുടെ ആവശ്യത്തിനും മുകളിൽ താങ്ങുവില ഉയർത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് കർഷക നേതാക്കൾ എന്റെ അടുത്ത് വന്ന് പറഞ്ഞു,” സോംപാൽ ശാസ്ത്രി പറഞ്ഞു.

“പഞ്ചസാര ലോബി സമ്മർദ്ദം ചെലുത്തുന്നതിനാൽ മുഴുവൻ മന്ത്രിസഭയും എതിർത്തുവെങ്കിലും ഞങ്ങൾ പഞ്ചസാര വ്യവസായത്തെ ഡീലൈസെൻസ് ചെയ്തു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ ചൂടേറിയ വാദങ്ങൾ ഉണ്ടായതായി സോംപാൽ ശാസ്ത്രി അനുസ്മരിച്ചു. “പഞ്ചസാര ലോബി സമ്മർദ്ദം ചെലുത്തുന്നു, നമ്മൾ എന്തുചെയ്യണം? എന്ന് അടൽജി എന്നോട് ചോദിച്ചു. കർഷകർക്ക് പ്രയോജനം ലഭിക്കും എന്ന് ഞാൻ മറുപടി നൽകി എങ്കിൽ ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞു.” സോംപാൽ ശാസ്ത്രി പറഞ്ഞു.

ചരിത്രപരമായ ഒരു പരിഷ്കാരമായിരുന്നു അതെന്ന് സോംപാൽ ശാസ്ത്രി അഭിപ്രായപ്പെട്ടു.

“1997-98ൽ, സഹകരണ മേഖലയിലെ കരിമ്പ്‌ ക്രഷിംഗ് ശേഷി പ്രതിദിനം 5-7 ലക്ഷം ടൺ ആയിരുന്നു എന്നാൽ ഇതുമായി പിടിച്ചു നിൽക്കാൻ സ്വകാര്യ മില്ലുകൾക്ക് കഴിഞ്ഞില്ല. ഇന്ന് സ്വകാര്യമേഖലയുടെ ക്രഷിംഗ് ശേഷി പ്രതിദിനം 16 ലക്ഷം ടൺ കവിഞ്ഞു, അതേസമയം സഹകരണ മേഖലയിലെ ക്രഷിംഗ് ശേഷി പ്രതിദിനം 8 ലക്ഷം ടൺ എന്ന തോതിൽ ആണ്,” സോംപാൽ ശാസ്ത്രി പറഞ്ഞു.

“ചുരുക്കി പറഞ്ഞാൽ ഏറ്റവും പ്രധാന കാര്യം നിങ്ങൾ കർഷകരുടെ ആശങ്കകൾ മനസിലാക്കുകയും അവരുടെ യഥാർത്ഥ ആശങ്കകൾ പരിഹരിക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കുകയും വേണം എന്നതാണ്. ഈ കൊടും തണുപ്പിൽ മതിയായ സമയവും വിഭവങ്ങളും ഇല്ലാഞ്ഞിട്ടും കർഷകർ പ്രതിഷേധിക്കുന്നത് പ്രഹസനത്തിനല്ല. സർക്കാരിനോടുള്ള കർഷകരുടെ വിശ്വാസം കുറഞ്ഞു, അവരുടെ വരുമാനം നിരന്തരം കുറയുന്നു, അതുകൊണ്ടാണ് അവർ പ്രതിഷേധിക്കുന്നത്.” സോംപാൽ ശാസ്ത്രി കൂട്ടിച്ചേർത്തു.