ക്രിക്കറ്റിനെ തരംതാഴ്ത്തി ഇന്ത്യയുടെ ഹോക്കി മെഡല്‍ നേട്ടത്തെ പ്രശംസിച്ച് ഗംഭീര്‍; മോശമായി പോയെന്ന് ആക്ഷേപം

ടോക്കിയോ ഒളിമ്പിക് ഹോക്കിയിലെ ഇന്ത്യയുടെ വെങ്കല നേട്ടത്തെ പ്രശംസിച്ച് മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പങ്കുവെച്ച ട്വീറ്റ് ചര്‍ച്ചയാകുന്നു. ഇന്ത്യ ഇതുവരെ നേടിയ ക്രിക്കറ്റ് ലോക കിരീടങ്ങളേക്കാള്‍ മഹത്തരമാണ് ഒളിമ്പിക് ഹോക്കിയിലെ വെങ്കലമെന്നാണ് ഗംഭീര്‍ പറഞ്ഞത്.

‘1983, 2007, 2011 ക്രിക്കറ്റ് ലോക കപ്പുകള്‍ മറക്കാം. ഹോക്കിയില്‍ ഇന്ന് നേടിയ മെഡല്‍ എല്ലാ ലോക കപ്പ് വിജയങ്ങളേയുംകാള്‍ വലുതാണ്’ #IndianHockeyMyPride എന്ന ഹാഷ്ടാഗ് സഹിതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ കായിക ലോകത്ത് ഗംഭീറിന്റെ ട്വീറ്റ് ചര്‍ച്ചയായിരിക്കുകയാണ്. ഗംഭീറിന്റെ പ്രതികരണം ഒട്ടും ശരിയില്ലെന്നും രാജ്യത്തിന്റെ ഒരു നേട്ടത്തെ വില കുറച്ച് കാണാനാവില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. ഒന്നിനെ തരംതാഴ്ത്തി കെട്ടിയിട്ട് മറ്റൊന്നിനെ ഉയര്‍ത്തി കാണിക്കുന്ന പ്രവണത ശരിയല്ലെന്നും കായികപ്രേമികള്‍ പറയുന്നു.

ഒളിമ്പിക്‌സ് ഹോക്കിയിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ കരുത്തരായ ജര്‍മ്മനിയെ വീഴ്ത്തി വെങ്കലം സ്വന്തമാക്കി ഇന്ത്യ. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഒരു ഘട്ടത്തില്‍ 3-1ന് പിന്നിലായിരുന്ന ഇന്ത്യ, തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയാണ് എതിരാളികളെ തറപറ്റിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിംഗ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിംഗ്, ഹാര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരും ലക്ഷ്യം കണ്ടു.

Read more

നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നത്. 1980 മോസ്‌കോ ഒളിമ്പിക്സില്‍  സ്വര്‍ണം നേടിയ ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സില്‍ ഹോക്കിയില്‍ ഒരു മെഡല്‍ നേടുന്നത്.