മല്ലേശ്വരിയുടെ പിന്‍ഗാമി; കുഞ്ചുറാണിയുടെ ആരാധിക

വനിതകളുടെ ഭാരോദ്വഹനത്തിലൂടെ ട്യോകോയിലെ ഇന്ത്യന്‍ മെഡല്‍പ്പട്ടികയില്‍ ആദ്യ നേട്ടമെഴുതിയ മീരാഭായി ചാനുവിന്റെ വിജയം റിയോ ഒളിംപിക്സിലെ തിരിച്ചടിയുടെ നോവുണക്കുന്നതായി. റിയോയിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുടെ അമരത്തുണ്ടായി രുന്നു മണിപ്പൂരിന്റെ മുത്തായ ചാനു. എന്നാല്‍ ഒളിംപിക് വേദിയിലെ അത്തവണത്തെ മത്സരത്തില്‍ ചാനു പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല.

2016 റിയോ ഒളിംപിക്സിനുള്ള ട്രയല്‍സില്‍ തന്റെ ആരാധനാപാത്രമായ കുഞ്ചുറാണി പന്ത്രണ്ട് വര്‍ഷം കൈവശംവച്ചിരുന്ന റെക്കോഡ് തകര്‍ത്ത് മീരാഭായി ചാനു ഉശിരന്‍ പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഒളിംപിക്സ് വേദിയില്‍ ചാനു പതറിപ്പോയി. ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ മൂന്ന് ശ്രമങ്ങളില്‍ രണ്ടിലും ചാനു പരാജയപ്പട്ടു. മത്സരം പൂര്‍ത്തിയാക്കിയില്ലെന്നാണ് സ്‌കോര്‍ബോര്‍ഡില്‍ ചാനുവിന്റെ പേരിനു നേരെ രേഖപ്പെടുത്തപ്പെട്ടത്.

മനക്കരുത്തിലൂടെ നിരാശ മറികടന്ന ചാനു തൊട്ടടുത്തവര്‍ഷം ശക്തമായ തിരിച്ചുവരവ് നടത്തി. കഠിനാധ്വാനവും അര്‍പ്പണബോധവുംകൊണ്ട് ഒളിംപിക്സ് വേദിയില്‍ ഒരിക്കല്‍ക്കൂടി മാറ്ററിയിക്കാന്‍ ചാനു അര്‍ഹത നേടിയെടുത്തു. ഇക്കുറി സ്നാച്ചില്‍ ആദ്യ രണ്ടു ശ്രമങ്ങളിലും 84, 87 കിലോഗ്രാം ഉയര്‍ത്തിയ ചാനു മൂന്നാം ശ്രമത്തില്‍ 89 കിലോഗ്രാം ഉയര്‍ത്താന്‍ പരാജയപ്പെട്ടു. എന്നാല്‍ ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 115 കിലോഗ്രാം എന്ന ഏറ്റവും മികച്ച പ്രകടനം നടത്തി ചാനു വെള്ളി മെഡല്‍ ഉറപ്പിക്കുക തന്നെ ചെയ്തു.

ഒളിംപിക്സ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന രണ്ടാമത്തെ വനിതയാണ് മീരഭായി ചാനു. 2000 സിഡ്നി ഒളിംപിക്സില്‍ കര്‍ണ്ണം മല്ലേശ്വരി 69 കിലോഗ്രാം വിഭാഗത്തില്‍ രാജ്യത്തിനായി വെങ്കലം സ്വന്തമാക്കിയിരുന്നു.