ഗുസ്തിക്കളത്തില്‍ മെഡല്‍ ഉറപ്പിച്ച് രവി കുമാര്‍; എതിരാളിയെ മലര്‍ത്തിയടിച്ചത് അവസാന നിമിഷം

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ നാലാം മെഡല്‍ ഉറപ്പിച്ചു. ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയ ഫൈനലില്‍ കടന്നതോടെയാണിത്. കലാശപ്പോരില്‍ പരാജയപ്പെട്ടാലും രവി കുമാറിന് വെള്ളി മെഡല്‍ സ്വന്തമാകും. മീരഭായി ചാനു ഭാരോദ്വഹനം, പി.വി സിന്ധു (ബാഡ്മിന്റണ്‍), ലവ് ലിന ബോര്‍ഗോഹെയ്ന്‍ (ബോക്‌സിംഗ്) എന്നിവരും ടോക്യോയില്‍ മെഡല്‍ സ്വന്തമാക്കിയിരുന്നു.

പുരുഷന്‍മാരുടെ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ (57 കിലോഗ്രാം) കസാഖിസ്ഥാന്റെ നൂറിസ്ലാം സനയേവിനെ മലര്‍ത്തിയടിച്ചാണ് രവി കുമാറിന്റെ മുന്നേറ്റം. തുടക്കത്തിലെ പതര്‍ച്ചയെ അതിജീവിച്ച രവി കുമാര്‍ അവസാന നിമിഷങ്ങളിലെ ഉജ്ജ്വല പ്രകടനത്തിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു.

മത്സരത്തില്‍ 5-9 എന്ന സ്‌കോറിന് സനയേവ് മുന്നിട്ട് നിന്നതാണ്. എന്നാല്‍ അവസാന നിമിഷം രവി കുമാര്‍ സനയേവിനെ മലര്‍ത്തിയടിച്ചു. കെ.ഡി യാദവ്, സുശില്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, സാക്ഷി മാലിക് എന്നിവര്‍ക്കുശേഷം ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ഇന്ത്യന്‍ ഗുസ്തി താരമാണ് രവി കുമാര്‍.

അതേസമയം, പുരുഷന്മാരുടെ ഫ്രീസ്റ്റൈല്‍ (86 കിലോഗ്രാം) വിഭാഗത്തില്‍ ദീപക് പൂനിയ സെമിയില്‍ തോല്‍വി വഴങ്ങി. അമേരിക്കയുടെ ഡേവിഡ് ടെയ്‌ലറോടാണ് ദീപക് മുട്ടുകുത്തിയത്. ദീപക് പാടേ നിറം മങ്ങിയപ്പോള്‍ മത്സരം മൂന്നു മിനിറ്റ് പോലും നീണ്ടുനിന്നില്ല. ദീപക്കിന് നാളെ വെങ്കല മെഡലിനായി മത്സരിക്കാം.