ഹോക്കി ടീമിലെ പഞ്ചാബി താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കും, വന്‍ പ്രഖ്യാപനം

ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായ പഞ്ചാബ് താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മിത് സിഗ് സോധി. ജയം ആഘോഷിക്കാന്‍ താരങ്ങളുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണെന്നും പഞ്ചാബ് മന്ത്രി പറഞ്ഞു. സ്വര്‍ണം നേടിയാല്‍ 2.25 കോടി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

എട്ട് പഞ്ചാബ് താരങ്ങളാണ് ഇന്ത്യന്‍ ഹോക്കി ടീമിലുള്ളത്. നായകന്‍ മന്‍പ്രീത് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, രുപീന്ദര്‍ പാല്‍ സിംഗ്, ഹര്‍ദിക് സിംഗ്, ഷംഷര്‍ സിംഗ്, ദില്‍പ്രീത് സിംഗ്, ഗുര്‍ജന്ത് സിംഗ്, മന്ദീപ് സിംഗ് എന്നിവരാണ് മെഡല്‍ നേടിയ ഹോക്കി സംഘത്തിലുള്ള പഞ്ചാബ് താരങ്ങള്‍.

ഒളിമ്പിക്‌സ് ഹോക്കിയിലെ പോരാട്ടത്തില്‍ കരുത്തരായ ജര്‍മ്മനിയെ വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഒരു ഘട്ടത്തില്‍ 3-1ന് പിന്നിലായിരുന്ന ഇന്ത്യ, തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയാണ് എതിരാളികളെ തറപറ്റിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിംഗ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിംഗ്, ഹാര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരും ലക്ഷ്യം കണ്ടു.

Read more

നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നത്. 1980 മോസ്‌കോ ഒളിമ്പിക്സില്‍  സ്വര്‍ണം നേടിയ ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സില്‍ ഹോക്കിയില്‍ ഒരു മെഡല്‍ നേടുന്നത്.