ധോണിയുടെ പകരക്കാരനാകാന്‍ സഞ്ജു; സാധ്യതകള്‍ ശക്തം

മഹേന്ദ്ര സിങ് ധോണിയുടെ പകരക്കാരനാകാന്‍ മലയാളി താരം സഞ്ജു സാംസണ് സാധ്യതയേറെ. ദക്ഷിണാഫ്രിക്ക എക്കെതിരെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് സഞ്ജു കാഴ്ചവച്ചത്. 48 പന്തില്‍ 91 റണ്‍സെടുത്ത് സഞ്ജു മാന്‍ ഓഫ് ദ മാച്ചായി. അഞ്ച് മത്സരങ്ങളുണ്ടായ പരമ്പര 4-1 എന്ന സ്‌കോറിനാണ് ഇന്ത്യ എ ടീം നേടിയത്.

അടുത്ത വര്‍ഷത്തെ ലോക ട്വന്റി20 ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് വിക്കറ്റ് കീപ്പര്‍മാരെ കണ്ടെത്താനുള്ള ബിസിസിഐയുടെ പദ്ധതിയില്‍ ഇതോടെ സഞ്ജുവിന്റെ സാധ്യതകള്‍ ശക്തമായി. ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരാണ് ബിസിസിഐയുടെ പരിഗണനയിലുള്ള മറ്റ് രണ്ട് താരങ്ങള്‍.

ഇന്ത്യന്‍ ഏകദിന ടീമില്‍ നാലാം നമ്പറില്‍ സഞ്ജുവിനെ ഇറക്കണമെന്ന് ഹര്‍ഭജമന്‍ സിങ് ട്വീറ്റ് ചെയ്തിരുന്നു. ഹര്‍ഭജന്റെ നിര്‍ദേശത്തെ മുന്‍ ഇന്ത്യന്‍ ഓപ്പണറും പാര്‍ലമെന്റംഗവുമായ ഗൗതം ഗംഭീറും സ്വാഗതം ചെയ്തിരുന്നു. നിലവിലെ ഫോമും കഴിവും വച്ച് നോക്കുമ്പോള്‍ സഞ്ജുവിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പോലും ബാറ്റ് ചെയ്യാം എന്നായിരുന്നു. ഗംഭീറിന്റെ ട്വീറ്റ്.