തങ്ങളുടെ താരങ്ങള്‍ക്ക് ഒരു കോടി വീതം പ്രഖ്യാപിച്ച് പഞ്ചാബ്, കേരളം ശ്രീജേഷിനോ?

ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ സംഘത്തിലെ അംഗങ്ങളായ പഞ്ചാബി താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മിത് സിംഗ് സോധി. ഈ പ്രഖ്യാപനത്തിന് വന്‍കൈയടിയാണ് കായിക ലോകത്തു നിന്ന് ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ശ്രീജേഷിന് കേരളം എന്തു കൊടുത്തു എന്നാണ് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ഉയര്‍ത്തുന്ന ചോദ്യം.

പഞ്ചാബ് താരങ്ങള്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചതിന്റെ വാര്‍ത്തകള്‍ക്ക് കമന്റായും, ശ്രീജേഷിനും ഹോക്കി ടീമിനും അഭിന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ച കുറിപ്പിന് താഴെയും ഉയരുന്ന ചോദ്യം ശ്രീജേഷിന് കേരള സര്‍ക്കാര്‍ എന്തു കൊടുക്കും എന്നാണ്. ഒരു കിറ്റ് കൊടുക്കും എന്നാണ് പരിഹാസത്തോടെ പലരും പറയുന്നത്. ശ്രീജേഷിനു മാത്രമല്ല, ടീമംഗങ്ങള്‍ക്കെല്ലാം ഒരോന്ന് വീതം കൊടുക്കാമെന്നും പരിഹാസമുയരുന്നു.

വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മ്മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യന്‍ ടീമിന് പലപ്പോഴും രക്ഷയായത് ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളായിരുന്നു. ടൂര്‍ണമെന്റിലുടനീളം ശ്രീജേഷിന്റെ ഗോള്‍കീപ്പിംഗ് മികവാണ് പലപ്പോഴും ഇന്ത്യന്‍ ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. ഈ മികവിന്റെ ബലത്തിലായിരുന്നു ഇന്ത്യയുടെ സെമി പ്രവേശം. ഇതില്‍ ബ്രിട്ടനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ എട്ടോളം രക്ഷപ്പെടുത്തലുകളാണ് താരം നടത്തിയത്. ഇത്രയും മികച്ച പ്രകടനം പുറത്തെടുത്ത ശ്രീജേഷ് പ്രതിഫലം അര്‍ഹിക്കുന്നുണ്ടെന്നാണ് കായികപ്രേമികള്‍ പറഞ്ഞു വെയ്ക്കുന്നത്.

ഒളിമ്പിക്‌സ് ഹോക്കിയിലെ പോരാട്ടത്തില്‍ കരുത്തരായ ജര്‍മ്മനിയെ വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഒരു ഘട്ടത്തില്‍ 3-1ന് പിന്നിലായിരുന്ന ഇന്ത്യ, തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയാണ് എതിരാളികളെ തറപറ്റിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിംഗ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിംഗ്, ഹാര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരും ലക്ഷ്യം കണ്ടു.

നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നത്. 1980 മോസ്‌കോ ഒളിമ്പിക്സില്‍  സ്വര്‍ണം നേടിയ ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സില്‍ ഹോക്കിയില്‍ ഒരു മെഡല്‍ നേടുന്നത്.