കളിയൊന്നുമില്ല, എന്നിട്ടും സ്‌പോര്‍ട്‌സ് ചാനലുകള്‍ കാണാന്‍ കൂട്ടയിടി, കാരണമിതാണ്

കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ലോകം മുഴുവനുമുളള കായിക മത്സരങ്ങള്‍ ഏതാണ്ട് പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ കൂടിയാണ് പ്രതിസന്ധിയിലായത്. ഇന്ത്യയില്‍ ഐപിഎല്‍ അടക്കം എല്ലാ ടൂര്‍ണമെന്റുകളും അനിശ്ചിതത്വത്തില്‍ തുടരുന്നു.

എന്നാവ്ഡ ലോക്ഡൗണിനിടയിലും നേട്ടം കൊയ്യുകയാണ് സ്‌പോട്‌സ് ചാനലുകള്‍. പഴയ ഐസിസി ലോക കപ്പ് മത്സരങ്ങളും ഡബ്ല്യുഡബ്ല്യുഇ മത്സരങ്ങളും പുനഃസംപ്രേഷ ണം ചെയ്തതോടെയാണ് സ്‌പോട്‌സ് ചാനലുകളിലേക്ക് ആളുകള്‍ ഇരച്ചു കയറിയത്.

ക്രിക്കറ്റടക്കമുള്ള കായിക മത്സരങ്ങളും ഇല്ലാതിരുന്നിട്ടും പോയവാരം (13-ാം ആഴ്ച്ച) 21 ശതമാനം വര്‍ദ്ധനയാണ് കാഴ്ച്ചക്കാരുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. 2011 ലോക കപ്പിലെ ഇന്ത്യാ – പാകിസ്ഥാന്‍ മത്സരം കാണാനായിരുന്നു ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും താത്പര്യം.

ഇന്ത്യാ – പാകിസ്ഥാന്‍ ലോക കപ്പ് മത്സരം പുനഃസംപ്രേക്ഷണം ചെയ്തപ്പോള്‍ സ്റ്റാര്‍ സ്പോര്‍ട്സിന് 87 ശതമാനം കാഴ്ച്ചക്കാരെയാണ് മുന്‍വാരത്തെ അപേക്ഷിച്ച് കൂടുതല്‍ കിട്ടിയത്. ഇക്കാലയളവില്‍ ഡബ്ല്യുഡബ്ല്യുഇ ബ്ലോക്ക്ബസ്റ്റേഴ്സും ഇന്ത്യാ – ശ്രീലങ്ക ലോക കപ്പ് മത്സരങ്ങള്‍ കാണാനും ആളുകള്‍ താത്പര്യം കാട്ടി.

ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് വണ്‍ ആണ് ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുള്ള സ്പോര്‍ട്സ് ചാനല്‍. സ്റ്റാര്‍ സ്പോര്‍ട്സ് വണ്‍ ഹിന്ദി തൊട്ടുപിറകില്‍ സ്ഥാനമുറപ്പിക്കുന്നു. സോണി ടെന്‍ വണ്‍ ചാനലാണ് ഈ നിരയില്‍ മൂന്നാമത്. സോണി ടെന്‍ ത്രീ, സ്റ്റാര്‍ സ്പോര്‍ട്സ് 2 ചാനലുകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനത്തുണ്ട്.

ബിസിസിഐയുമായി സഹകരിച്ച് ഡിഡി സ്പോര്‍ട്സും ഇന്ത്യയുടെ പഴയ ക്രിക്കറ്റ് മത്സരങ്ങളുടെ ഹൈലൈറ്റ് കൊറോണക്കാലത്ത് പുനഃസംപ്രേഷണം ചെയ്യുന്നുണ്ട്.