ഇന്ത്യന്‍ സ്പ്രിന്റ് രാജ്ഞി ദ്യുതി ചന്ദിന് നാല് വര്‍ഷത്തെ വിലക്ക്

ഇന്ത്യന്‍ സ്പ്രിന്റ് രാജ്ഞി ദ്യുതി ചന്ദിന് നാല് വര്‍ഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനേ തുടര്‍ന്നാണ് നടപടി. 2023 ജനുവരി മൂന്നു മുതല്‍ വിലക്ക് ആരംഭിച്ചു. അതനുസരിച്ച് അതിന് ശേഷമുള്ള താരത്തിന്റെ മെഡല്‍ നേട്ടങ്ങള്‍ തിരിച്ചെടുക്കപ്പെടും.

2022 ഡിസംബറില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) ദ്യുതിയെ രണ്ടുതവണ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ നിരോധിത അനാബോളിക് സ്റ്റിറോയിഡുകള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു.

മുന്‍പ് പുരുഷ ഹോര്‍മോണ്‍ അധികമാണെന്ന കാരണത്താല്‍ ഒന്നര വര്‍ഷത്തോളം വിലക്ക് നേരിട്ട താരമാണ് ദ്യുതി. രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി വരെയെത്തിയ വ്യവഹാരത്തിന് ഒടുവിലാണ് ദ്യുതി വീണ്ടും ട്രാക്കിലെത്തിയത്.

100 മീറ്റര്‍ ഇനത്തില്‍ നിലവിലെ ദേശീയ ചാമ്പ്യനാണ് ദ്യുതി. 2021 ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി 4ല്‍ 11.17 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓടിയാണ് ദ്യുതി പുതിയ ഇന്ത്യന്‍ വനിതാ റെക്കോര്‍ഡ് സ്ഥാപിച്ചത്.