മെസി ബാഴ്‌സലോണ വിടണോ?; ഉറ്റ സുഹൃത്തിന് നിര്‍ദേശവുമായി സുവാരസ്

ഈ സീസണു ശേഷം മെസി ബാഴ്സലോണ വിടുമോ, അതോ ടീമില്‍ തന്നെ തുടരുമോയെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഉറ്റ സുഹൃത്തും ബാഴ്‌സ മുന്‍ താരവുമായ ലൂയിസ് സുവാരസ്. ഒരു സുഹൃത്തെന്ന നിലയില്‍ മെസി ബാഴ്സലോണയില്‍ തന്നെ തുടരണമെന്നമെന്നാണ് തന്റെ അഭിപ്രായമെന്ന് സുവാരസ് പറഞ്ഞു.

“മെസി എവിടെ സന്തോഷത്തോടെയിരിക്കുന്നോ, അവിടെ കരിയര്‍ അവസാനിപ്പിക്കുകയാണ് നല്ലത്. ഒരു സുഹൃത്തെന്ന നിലയില്‍ എന്നോട് ചോദിക്കുകയാണെങ്കില്‍ മെസിയെ ബാഴ്സലോണയിലല്ലാതെ മറ്റെവിടെയും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”

“ഇക്കാര്യത്തില്‍ മെസിയാണ് അതില്‍ അവസാന തീരുമാനം എടുക്കേണ്ടത്. ബാഴ്സലോണ മെസിക്ക് എല്ലാം നല്‍കിയതിനൊപ്പം മെസി ബാഴ്സലോണക്കും എല്ലാം നല്‍കി” സുവാരസ് പറഞ്ഞു.

നിലവില്‍ പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകളാണ് മെസിയെ സ്വന്തമാക്കാന്‍ സാധ്യതയുള്ളത്. ഇതില്‍ തന്നെ പിഎസ്ജിയ്ക്കാണ് മുന്‍തൂക്കം.