കരുത്തോടെ കാനറികള്‍; ഖത്തറിലേക്ക് ടിക്കറ്റെടുക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ ടീം

2022 ഖത്തര്‍ ലോക കപ്പിന് യോഗ്യത നേടുന്ന ആദ്യ ലാറ്റിനമേരിക്കന്‍ ടീമായി ബ്രസീല്‍. തെക്കേ അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കാനറികള്‍ ലോക കപ്പ് യോഗ്യത ഉറപ്പിച്ചത്.

കളിയുടെ 72-ാം മിനിറ്റില്‍ ലൂക്കാസ് പക്വെറ്റെയാണ് ബ്രസീലിന്റെ വിജയഗോള്‍ കുറിച്ചത്. പത്ത് ടീമുകള്‍ അടങ്ങിയ ലാറ്റനമേരിക്കന്‍ ഗ്രൂപ്പില്‍ 12 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. 25 പോയിന്റുള്ള അര്‍ജന്റീന രണ്ടാമത്.

സാവോപോളോയില്‍ നടന്ന ബ്രസീല്‍- കൊളംബിയ മത്സരം പരുക്കനായിരുന്നു. ആകെ 44 ഫൗളുകളാണ് മത്സരത്തിലുണ്ടായത്. ഇരു ടീമിലുമായി ഏഴ് പേര്‍ മഞ്ഞ കാര്‍ഡ് കണ്ടു. രണ്ടാം പകുതിയില്‍ ആക്രമണം കടുപ്പിച്ച ബ്രസീലിനായി സൂപ്പര്‍ താരം നെയ്മറിന്റെ പാസില്‍ നിന്നാണ് പക്വെറ്റെ സ്‌കോര്‍ ചെയ്തത്. സ്വന്തം നാട്ടില്‍ പരാജയമറിയാതെ പതിനൊന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനും ബ്രസീലിന് ഇതോടെ സാധിച്ചു.