താടിയെല്ല് ഒടിഞ്ഞു, ആന്തരിക രക്തസ്രാവം; ഐതിഹാസിക വിജയത്തിലും സൗദിക്ക് വേദനയായി ഷെഹ്‌രാനി

ലോകകപ്പില്‍ അര്‍ജന്റീനക്ക് എതിരെ ചരിത്ര ജയം നേടിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും സൗദിക്ക് വേദനയായി യാസര്‍ അല്‍ ഷെഹ്‌രാനിയുടെ പരിക്ക്. സ്വന്തം ടീമിന്‍രെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചാണ് ഷെഹ്രാനിക്ക് പരിക്കേറ്റത്. ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവെയ്‌സിന്റെ കാല്‍മുട്ട് ഷെഹ്‌രാനിയുടെ മുഖത്തിടിക്കുകയായിരുന്നു.

സൗദി ബോക്സിനുള്ളിലേക്ക് വന്ന അര്‍ജന്റീനയുടെ ലോംഗ് ബോള്‍ പ്രതിരോധിക്കുന്നതിന് ഇടയിലാണ് മുഹമ്മദ് അല്‍ ഒവൈസിയുമായി ഷെഹ്‌രാനി കൂട്ടിയിടിക്കുന്നത്. ഷെഹ്‌രാനിയെ ഉടനെ തന്നെ സ്ട്രെക്ച്ചറില്‍ സ്റ്റേഡിയത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.

എക്സ്റേ പരിശോധനയില്‍ താരത്തിന്റെ താടിയെല്ലിനും മുഖത്തെ എല്ലിനും ഒടിവുണ്ടെന്ന് തെളിഞ്ഞു. ആന്തരിക രക്തസ്രാവമുണ്ടെന്നും കണ്ടെത്തി. താരത്തിന് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Read more

ഷെഹ്‌രാനിയെ വിദഗ്ത ചികിത്സക്കായി ജര്‍മനിയിലേക്ക് കൊണ്ടുപോകാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി. സ്വകാര്യ വിമാനത്തിലാവും താരത്തെ ജര്‍മനിയിലേക്ക് കൊണ്ടുപോവുക.