റൊണാള്‍ഡോയാണോ മെസ്സിയാണോ ബെസ്റ്റ്? റൊണാള്‍ഡോയുടെ ചങ്ക്‌ബ്രോ മാഴ്‌സെലോ പറയുന്നത് ഇതാണ്

ലോകഫുട്‌ബോളിലെ ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നാണ് നിലവിലെ ഏറ്റവും മികച്ച താരം ആരെന്നുള്ളത്. രണ്ട് ഉത്തരമാണ് ഇക്കാര്യത്തില്‍ കൂടുതലായും മുന്നിലുള്ളത്. ഒന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രണ്ട് ലയണല്‍ മെസ്സി. ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയില്‍ തന്നെ ഇവരില്‍ ആരാണ് മികച്ച താരമെന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. രണ്ട് താരങ്ങളും അഞ്ച് ബാലണ്‍ ഡി ഓര്‍ വീതം നേടിയിട്ടുണ്ട്. ദേശീയ ടീമിന് വേണ്ടിയും ക്ലബ്ബിന് വേണ്ടിയും മിന്നും പ്രകടനം നടത്തുന്ന താരങ്ങളില്‍ ആരാണ് ഏറ്റവും മികച്ചതെന്ന കാര്യം തര്‍ക്കമായി തുടരുകയാണ്.

എന്നാല്‍, ഇക്കാര്യത്തില്‍ റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ ഏറ്റവും അടുത്ത സുഹൃത്തായ മാഴ്‌സെലോയ്ക്കും അഭിപ്രായമുണ്ട്. മെസ്സിയും റൊണാള്‍ഡോയും വ്യത്യസ്തരാണ്. രണ്ട് താരങ്ങള്‍ക്കും അവരുടെതായ നേട്ടങ്ങളും ചരിത്രങ്ങളുമുണ്ട്. അവരുടെ കാലഘട്ടത്തില്‍ ജീവിക്കുക എന്നത് നമ്മുടെ ഭാഗ്യമാണെന്ന് പറഞ്ഞ മാഴ്‌സെലോ തന്നെ സംബന്ധിച്ച് റൊണാള്‍ഡോയാണ് ഏറ്റവും മികച്ചതെന്നാണ് അഭിപ്രായമെന്ന് വ്യക്തമാക്കി.

മറഡോണ, പെലെ എന്നിവരുടെ കളി നേരിട്ടു കാണാന്‍ സാധിച്ചിട്ടില്ല. പക്ഷെ, റൊണാള്‍ഡോയുമായി ഇവരെ താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നും മാഴ്‌സെലോ വ്യക്തമാക്കി. റയല്‍ മാഡ്രിഡില്‍ ഇരു താരങ്ങളും തമ്മിലുള്ള സൗഹൃദം ഫുട്‌ബോള്‍ ലോകത്ത് പരിചിതമാണ്.