ഫിഫ ക്ലബ്ബ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയത്തോടെ ടൂർണമെന്റിന് തുടക്കമിട്ട് പിഎസ്ജി. മറുപടിയില്ലാത്ത നാല് ഗോളിന് അത്‌ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ചാണ് ചാമ്പ്യൻസ് ലീഗ് ജേതാക്കൾ തുടങ്ങിയത്. പിഎസ്ജിക്കായി 19ാം മിനിറ്റിൽ ഫാബിയാൻ റൂയിസ് ആദ്യ ഗോൾ നേടി. ആദ്യ പകുതിയുടെ അധിക സമയത്ത് വിറ്റീഞ്ഞയും ലക്ഷ്യം കണ്ടതോടെ പിഎസ്ജി സ്കോർ 2-0.
87-ാം മിനിറ്റിൽ സെന്നി മയുലുവാണ് ടീമിനായി ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ലീ കാങ്- ഇൻ കൂടി ഗോളാക്കിയതോടെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ഫ്രഞ്ച് ക്ലബ് വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ കൂടുതൽ സമയവും കളി പിഎസ്ജിയുടെ നിയന്ത്രണത്തിലായിരുന്നു. അത്ലറ്റികോ ടീമിന് തിരിച്ചുവരാനുളള എല്ലാ പഴുതുകളും അടച്ചുകൊണ്ടായിരുന്നു അവരുടെ കളിശൈലി.
Read more
മത്സരത്തിന്റെ 78ാം മിനിറ്റിൽ അത്ലറ്റികോ മാഡ്രിഡ് ടീം പത്ത് പേരായി ചുരുങ്ങിയിരുന്നു. അവരുടെ പ്രതിരോധനിര താരം ക്ലെമന്റ് ലെൻഗ്ലെറ്റ് രണ്ടാം മഞ്ഞ കാർഡ് ലഭിച്ച് പുറത്തായത് ടീമിന് തിരിച്ചടിയായി. അതേസമയം യുഎസിലെ 11 നഗരങ്ങളിലായിട്ടാണ് ഇത്തവണ ക്ലബ് ലോകകപ്പ് നടക്കുന്നത്. ക്ലബ് ലോകകപ്പിന്റെ 21ാമത് എഡിഷനിൽ 32 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ജൂലൈ 15 വരെ നടക്കുന്ന ടൂർണമെന്റിൽ 63 മത്സരങ്ങളാണ് ഉണ്ടാവുക.