ഉറങ്ങാനായി കുട്ടിയുടെ സിറപ്പ് കുടിച്ച് പാപു ഗോമസ്; അര്‍ജന്റീനയുടെ ലോകകപ്പ് കിരീടം തിരിച്ചെടുക്കുമോ?

നിരോധിത സിറപ്പ് ഉപയോഗിച്ചതിന് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഫുട്‌ബോള്‍ താരം പാപു ഗോമസിസിനെതിരെ വിലക്കിന് പുറമേ കൂടുതല്‍ നടപടിക്ക് സാധ്യത. താരത്തിന്റെ ലോകകപ്പ് മെഡലും യൂറോപ ലീഗ് മെഡലും തിരിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാധകര്‍ ഭയപ്പെടുന്ന പോലെ അര്‍ജന്റീനയുടെ ലോകകപ്പ് കിരീടം തിരിച്ചെടുക്കാന്‍ കഴിയില്ല.

ലോക ഉത്തേജക വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 11 പ്രകാരം രണ്ടിലധികം താരങ്ങള്‍ നിയമം ലംഘനം നടത്തിയാല്‍ മാത്രമെ കിരീടം തിരിച്ചെടുക്കാന്‍ കഴിയു. അതിനാല്‍ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വസിക്കാം.

സ്പാനിഷ് പത്രം റെലേവൊയാണ് നിരോധിത സിറപ്പ് താരം ഉപയോഗിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകകപ്പിന് മുമ്പായി സെവിയ്യക്കായി പരിശീലന സെഷനിടെ അസുഖ ബാധിതനായിരുന്നു പാപു ഗോമസ്.

രാത്രി ഉറങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് താരം കുട്ടിയുടെ മരുന്ന് കുടിച്ചത്. ഇതാണ് ഇപ്പോള്‍ താരത്തിന് കനത്ത തിരിച്ചടിയായിരിക്കുന്നത്.