ലോക കപ്പിന് പിന്നാലെ മെസി വിരമിക്കുമോ?, പ്രതികരിച്ച് കോച്ച് സ്‌കലോണി

ഖത്തര്‍ ലോകകപ്പിന് പിന്നാലെ മെസി വിരമിക്കുമോ? എന്ന ചോദ്യം ഫുട്‌ബോള്‍ ലോകത്ത് സജീവമാണ്. 35 കാരനായ മെസിയ്ക്ക് ഇനിയൊരു ലോകകപ്പ് കളിക്കാനാവുമെന്നും ആരാധകര്‍ കരുതുന്നില്ല. അതിനാല്‍ തന്നെ ഈ ലോകകപ്പ് അര്‍ജന്റീന തന്നെ നേടണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഇപ്പോഴിതാ മെസിയുടെ വിരമിക്കലിനോട് പ്രതികരിച്ചിരിക്കുകയാണ് അര്‍ജന്റൈന്‍ പരിശീസലകന്‍ ലയണല്‍ സ്‌കലോണി.

മെസി കളി തുടരുമെന്നാണ് ഞങ്ങളെല്ലാം പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിക്കുമോയെന്ന് നമുക്ക് നോക്കാം. നമ്മള്‍ മെസിയുടെ കളി ആസ്വദിച്ചുകൊണ്ടേയിരിക്കും. നമുക്കും ഫുട്ബാള്‍ ലോകത്തിനും അതാണ് പ്രധാനപ്പെട്ട കാര്യം- സ്‌കലോണി പറഞ്ഞു.

ലോകകപ്പിന് മുന്നേ മെസി വിരമിക്കല്‍ സൂചന നല്‍കിയിരുന്നു. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നാണ് മെസി പറഞ്ഞത്. ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി താന്‍ കാത്തിരിക്കുകയാണെന്നും മെസി പറഞ്ഞിരുന്നു.

ഇതെന്റെ അവസാന ലോകകപ്പാണോ എന്നോ? അതെ, തീര്‍ച്ചയായും അതെ. ഞാന്‍ ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ്. ആകാംക്ഷയും പേടിയുമുണ്ട്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന പേടിയാണ്. ഇതാണ് അവസാന ലോകകപ്പ്. എങ്ങനെയാണ് കളിക്കാന്‍ പോകുന്നതെന്ന ചിന്തയാണ്. ലോകകപ്പ് വിജയസാധ്യത ഏറെയുള്ള ടീമാണ് ഞങ്ങള്‍ എന്നതിനെപ്പറ്റി അറിയില്ല. ഞങ്ങളെക്കാള്‍ മികച്ച ടീമുകളുണ്ട്. പക്ഷേ, ഞങ്ങളും ഏറെ അകലെയല്ല. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടേറിയതായിരിക്കും. വിജയസാധ്യത ഏറെയുള്ള ടീം എല്ലാ കളിയും ജയിക്കണമെന്നില്ല- എന്നാണ് മെസി അന്ന് പറഞ്ഞത്.

ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമിയില്‍ അര്‍ജന്റീന ഇന്ന് ക്രൊയേഷ്യയെ നേരിടും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30 നാണ് മത്സരം.