മെസി ഇനി എന്നു കളിക്കും; പരിക്ക് വലയ്ക്കുമെന്ന് സൂചന

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍ ചേക്കേറിയ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ശനിദശയ്ക്ക് അറുതിയില്ല. മെസിയുടെ കാല്‍മുട്ടിനേറ്റ പരുക്ക് ഭേദമാകാതെ തുടരുന്നു. ഇതോടെ നാളെ മോണ്ട്‌പെല്ലിയറിനെതിരായ പിഎസ്ജിയുടെ മത്സരത്തിലും മെസി കളിക്കില്ലെന്ന് ഉറപ്പായി.

ഫ്രഞ്ച് ലീഗില്‍ മെറ്റ്‌സുമായുള്ള മത്സരത്തിന് മുന്‍പാണ് മെസിയുടെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റത്. എം.ആര്‍.ഐ സ്‌കാനില്‍ പരിക്ക് സാരമുള്ളതാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് മെസിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. മെസിയുടെ മുട്ടിലെ എല്ലിന് ചതവുണ്ട്.

പിഎസ്ജിയില്‍ ചേക്കേറിയശേഷം ലീഗ് വണ്ണില്‍ ഒരു മത്സരം മാത്രമേ മെസി കളിച്ചിരുന്നുള്ളൂ. ടീമിന് കാര്യമായ സംഭാവന നല്‍കാന്‍ മെസിക്ക് സാധിച്ചിരുന്നില്ല. പിഎസ്ജിയുടെ ജഴ്‌സിയില്‍ ഒരു ഗോള്‍ പോലും മെസി ഇതുവരെ നേടിയിട്ടില്ല.