മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

മെഡിക്കൽ പരീക്ഷയില്‍ മാർക്ക് വാങ്ങി തരാം എന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടർ അറസ്റ്റിൽ. ഊട്ടി വനിതാ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നീലഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശ് ആണ് പിടിയിലായത്.

തന്റെ സര്‍വകലാശാലാ അധിക്യതരുമായുള്ള സ്വാധീനം ഉപയോഗിച്ച് മാര്‍ക്ക് വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ഹോട്ടലിൽ എത്തി മദ്യം നൽകിയായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്.

ഹോട്ടല്‍ മുറിയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കം ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. പ്രതിയായ ഓം പ്രകാശ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സമാനമായ രീതിയില്‍ ഇയാള്‍ മറ്റ് വിദ്യാര്‍ത്ഥിനികളെയും കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.