മെസി പരിശീലനം പുനരാരംഭിച്ചു; സിറ്റിയ്ക്ക് എതിരെ കളിച്ചേക്കും

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് മുന്നോടിയായി ലയണല്‍ മെസി ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. പരിക്കില്‍ നിന്ന് മുക്തനായ മെസി പരിശീലനം പുനരാരംഭിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നാളെ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ മെസി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മെസിയുടെ പരിക്ക് ഭേദമായ വിവരം പിഎസ്ജിയാണ് പുറത്തുവിട്ടത്. മെസി പരിശീലിക്കുന്ന ചിത്രം ക്ലബ്ബ് പങ്കുവച്ചിട്ടുണ്ട്. കാല്‍മുട്ടിനേറ്റ ചതവാണ് ഏതാനും ദിവസം മെസിയെ കളത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയത്. ഫ്രഞ്ച് ലീഗില്‍ മെറ്റ്‌സ്, മോണ്ട്‌പെല്ലിയര്‍ എന്നിവയ്‌ക്കെതിരായ മത്സരങ്ങളില്‍ മെസി കളിച്ചിരുന്നില്ല.

ചാമ്പ്യന്‍സ് ലീഗില്‍ ക്ലബ്ബ് ബ്രുഗയുമായുള്ള മത്സരത്തില്‍ പിഎസ്ജിക്കുവേണ്ടി ബൂട്ടുകെട്ടിയ മെസി നിറംമങ്ങിയിരുന്നു. അതിനാല്‍ത്തന്നെ മാഞ്ചസ്റ്റര്‍ സിറ്റിയോട് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനാവും മെസിയുടെ ശ്രമം.