ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് പുലർച്ചെ നടന്ന കളിയിൽ കൊളംബിയക്കെതിരെ അർജന്റീന സമനിലയിൽ കുരുങ്ങിയിരുന്നു. മത്സരത്തിൽ ഓരോ ഗോൾ അടിച്ചാണ് ഇരുടീമുകളും സമനില പാലിച്ചത്. 24ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ കൊളംബിയ ആണ് ആദ്യം മുന്നിൽ എത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡുമായി കൊളംബിയ ആധിപത്യം പുലർത്തിയെങ്കിലും 81ാം മിനിറ്റിൽ തിയാഗോ അൽമേഡയിലൂടെ അർജന്റീന സമനില ഗോൾ നേടി.
എഴുപതാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ അർജന്റീന പ്രതിസന്ധിയിലായിരുന്നു. മത്സരത്തിൽ ലോകചാംപ്യൻമാർ തോൽവിയിലേക്ക് വീഴുമോ എന്ന ആശങ്കകൾക്കിടെയാണ് തിയാഗോയുടെ ഗോൾ വന്നത്. കളി സമനിലയിൽ ആയെങ്കിലും ലാറ്റിൻ അമേരിക്കൻ യോഗ്യത പട്ടികയിൽ 35 പോയിന്റുമായി അർജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
Read more
അതേസമയം ലയണൽ മെസിയുടെ അഭാവത്തിലും കളിച്ചുജയിക്കാൻ ഇപ്പോഴത്തെ അർജന്റീന ടീം പ്രാപ്തരായെന്ന് പരിശീലകൻ ലയണൽ സ്കലോണി പറഞ്ഞു. ടീമിൽ പ്രതിഭാധനരായ ഒട്ടേറെ കളിക്കാരുണ്ടെന്നും സ്കലോണി അഭിപ്രായപ്പെട്ടു. പരിക്ക് കാരണം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മെസിക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ജയത്തോടെ 2026 ലോകകപ്പിന് അർജന്റീന ടീം നേരത്തെ തന്നെ യോഗ്യത നേടി.