മെസി ടീമിന്റെ പദ്ധതിയുടെ ഭാഗമാണോ ഇനി മുതൽ? പ്രതികരണവുമായി അർജന്റീന പരിശീലകൻ ലയണൽ സ്‌കലോനി

ദേശീയ ടീമിനായി കളിക്കാൻ ലയണൽ മെസ്സി ലഭ്യമാണെന്നും ജേഴ്സി ധരിക്കുന്നതിൽ മെസിക്ക് പ്രശ്‌നമില്ലെങ്കിൽ അദ്ദേഹത്തെ ടീമിലെടുക്കാതിരിക്കാൻ ഒരു കാരണവുമില്ലെന്നും അർജന്റീന മാനേജർ ലയണൽ സ്‌കലോനി പറഞ്ഞു. മെസി പാരീസ് സെന്റ് ജെർമെയ്‌നിലെ (പി‌എസ്‌ജി) രണ്ട് വെല്ലുവിളി നിറഞ്ഞ സീസണുകൾക്ക് ശേഷം, ഈ വേനൽക്കാലത്ത് മേജർ ലീഗ് സോക്കർ (എം‌എൽ‌എസ്) ക്ലബ് ഇന്റർ മിയാമിയുമായി ഒപ്പുവെച്ച് അവിടെ ഇപ്പോൾ നിറഞ്ഞ് കളിക്കുകയാണ് താരം.

അദ്ദേഹത്തിന്റെ വരവിനുശേഷം, മിയാമി ക്ലബ് ഒരു മത്സരത്തിലും തോറ്റിട്ടില്ല, ഇതുവരെ കിരീടം നേടാതെ കിതച്ച ടീം 2023 ലീഗ്സ് കപ്പ് നേടിയ കൂടാതെ യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലുമെത്തി. ക്ലബ്ബിനായി 11 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും എട്ട് അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്.

യുഎസിലേക്കുള്ള തന്റെ നീക്കത്തിൽ മെസി സന്തുഷ്ടനാണെന്ന് അർജന്റീനയുടെ ബോസ് സ്‌കലോനി പറഞ്ഞു.

“അവൻ ഇപ്പോൾ വളരെ സന്തുഷ്ടനാണ്. മികച്ച ഫോമിലാണ് കളിക്കുന്നത്.” Goal.com ഉദ്ധരിച്ച് മെസ്സിയുടെ ലഭ്യതയെക്കുറിച്ച് സ്കലോനി പറഞ്ഞു.

“അവൻ മത്സരത്തിനുണ്ടാകും, ഞാൻ എപ്പോഴും പറയും പോലെ അവൻ ടീമിൽ ഉള്ളപ്പോൾ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവനെ കളത്തിൽ ഇറക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ കഴിയുന്നത്ര കളിക്കും. ഞങ്ങൾക്ക് മറ്റൊരു ഉദ്ദേശവുമില്ല. അവൻ ഹാപ്പി ആണെങ്കിൽ ഞങ്ങളും ഹാപ്പിയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പ് തന്റെ അവസാന രാജ്യാന്തര ടൂർണമെന്റായിരിക്കുമെന്ന് മെസ്സി ജൂണിൽ വ്യക്തമാക്കിയിരുന്നു. ലോക ചാമ്പ്യന്മാരായ അർജന്റീന സെപ്റ്റംബർ 7 വ്യാഴാഴ്ച ഇക്വഡോറിനെതിരെയും പിന്നീട് സെപ്റ്റംബർ 12 ന് ബൊളീവിയക്കെതിരെയും കളിക്കും.