ഐ.എസ്.എല്ലിന് കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രം; ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ പ്രതീക്ഷകള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്‍പതാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും. പരിശീലകന്‍ ഇവാന്‍ വുകമാനോവിച്ചിന്റെ കീഴില്‍ മികച്ച പ്രകടനമാകും ബ്ലാസ്റ്റേഴ്സ് കാഴ്ചവയ്ക്കുക എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സീസണില്‍ മുപ്പത്തിനാലു പോയിന്റ് നേടിയ കേരളാ ബ്ലാസ്റ്റേഴ്സ് ജാംഷെഡ്പൂരിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്.

രണ്ടു സീസണുകള്‍ക്കപ്പുറം കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലേക്ക് ആരാധകര്‍ മടങ്ങിയെത്തുമ്പോള്‍ അടിമുടി മാറ്റങ്ങള്‍ വന്ന ടീമാണ് ആരാധകരെ കാത്തിരിക്കുന്നത്. പൂര്‍ണമായി അഴിച്ചുപണികള്‍ക്ക് വിധേയമായ ടീമിലെ വിദേശ നിരയില്‍ ഇത്തവണയുള്ളത് നിസാരക്കാരല്ല. 2021 2022 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ ഉണ്ടായിരുന്ന വിദേശ താരങ്ങള്‍ ആല്‍വാരൊ വാസ്‌ക്വെസും ജോര്‍ജ് പെരേര ഡയസും ചെഞ്ചൊ ഗില്‍റ്റ്‌ഷെനും എനസ് സിപ്പോവിക്കും മാര്‍ക്കോ ലെസ്‌കോവിക്കും അഡ്രിയാന്‍ ലൂണയുമായിരുന്നു.

ആല്‍വാരൊ വാസ്‌ക്വെസും ജോര്‍ജ് പെരേര ഡിയസും ഭൂട്ടാന്‍ താരമായ ചെഞ്ചൊയുമായിരുന്നു ഇവരിലെ സ്ട്രൈക്കേഴ്സ്. മുന്നേറ്റ നിരയില്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ആല്‍വാരൊ വാസ്‌ക്വെസും ജോര്‍ജ് പെരേര ഡിയസും എട്ടു ഗോളുകള്‍ വീതം സീസണില്‍ സ്വന്തമാക്കി. എന്നാല്‍ ഈ 2022 – 2023 സീസണില്‍ അവര്‍ക്ക് പകരമായി എത്തുന്നത് ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമാന്റകോസും ഗ്രീക്ക് – ഓസ്ട്രേലിയന്‍ താരമായ അപ്പൊസ്തോലസ് ജിയാനുവുമാണ്.

മറുവശത്ത് ഇന്ത്യന്‍ താരങ്ങളുടെ നിരയില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ടീം ഇതവണയെത്തുന്നത്. ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ മുതല്‍ സഹല്‍ അബ്ദുള്‍ സമദ് വരെയുള്ള സീനിയര്‍ താരങ്ങളും ആയുഷ് അധികാരി, ഹോര്‍മിപം റൂയിവ, സൗരവ് ദാസ്, ബ്രൈസ് മിറാന്‍ഡ തുടങ്ങിയ യുവതാരങ്ങളും ടീമിന് കരുത്തേകും.

പ്രതിരോധ മേഖലയിലെ പരിചയവും മുന്നേറ്റ നിരയിലെ യുവത്വത്തിന്റെ ആവേശവുമാണ് ഇത്തവണ ടീമിന്റ പ്രധാന കരുത്ത്. അപ്പോസ്റ്റോലോസ് ജിയാനോവിന്റെയും ദിമിട്രിയോസ് ഡയമന്റകോസിന്റെയും അനുഭവ സമ്പത്തും കഴിവുകളും ടീമിന് കരുത്താകും.

ട്രാന്‍സ്ഫര്‍ വിവരങ്ങള്‍

അകത്തേക്ക്: അപ്പോസ്തോലോസ് ജിയാനോ, ദിമിട്രിയോസ് ഡയമന്റകോസ്, വിക്ടര്‍ മോംഗില്‍, ബ്രൈസ് മിറാന്‍ഡ, സൗരവ് മണ്ഡല്, ഇവാന്‍ കലിയുസ്നി, ബിദ്യാഷാഗര്‍ സിംഗ്.

പുറത്തേക്ക്: വിന്‍സി ബാരെറ്റോ, അല്‍വാരോ വാസ്‌ക്വസ്, എനെസ് സിപോവിച്ച്, ചെഞ്ചോ ഗില്‍റ്റ്ഷെന്‍, പ്രശാന്ത് കെ, അബ്ദുള്‍ ഹക്കു, ശ്രീക്കുട്ടന്‍ വിഎസ്, ശുഭ ഘോഷ്, അനില്‍ ഗാവോങ്കര്‍, നൗറെം മഹേഷ് സിംഗ്, ദനേചന്ദ്ര മീതേയ്, സെയ്ത്യാസെന്‍ സിംഗ്, ആല്‍ബിനോ ഗോമസ്

മത്സരങ്ങള്‍

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ എഫ്സിക്കെതിരെ ഒക്ടോബര്‍ 7 നും എടികെ മോഹന്‍ ബഗാനെതിരെ ഒക്ടോബര്‍ 16 നും രണ്ട് ബാക്ക്-ടു-ബാക്ക് ഹോം മത്സരങ്ങളോടെ ആരംഭിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഴുവന്‍ മത്സരങ്ങള്‍ക്കായി, ഇവിടെ ക്ലിക്ക് ചെയ്യുക.