ഇത് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് താരം ആയിരുന്നെങ്കിൽ ഈ സീസൺ കളിക്കില്ലായിരുന്നു, കേരള താരത്തിനെതിരായ റയാൻ വില്യംസിന്റെ വംശീയാധിക്ഷേപം കണ്ടില്ലെന്ന് നടിച്ച് സൂപ്പർ ലീഗ് അധികൃതർ; നടപടി വേണമെന്ന് മഞ്ഞപ്പട; നടന്നത് ക്രൂരമായ പരിഹാസം

കേരളം ബ്ലാസ്റ്റേഴ്‌സ് എന്ന മലയാളികളുടെ വികാരമായ ക്ലബ്ബിനെ ഈ കാലയളവിൽ മുഴുവൻ സ്നേഹിക്കുന്ന, അവരുടെ മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന കാണികൾ ഒന്നേ ആഗ്രഹിച്ചിട്ടുള്ളു- മികച്ച ഫുട്‍ബോൾ. ടീം സമനില വഴങ്ങിയാൽ പോലും അത് മികച്ച ഫുട്‍ബോൾ കളിച്ചിട്ട് ആണെങ്കിൽ ആരാധക കൂട്ടം സന്തോഷിക്കും. അങ്ങനെയുള്ള മഞ്ഞപ്പട ഇന്നലെ സ്റ്റേഡിയത്തിലേക്ക് എത്തിയത് കഴിഞ്ഞ സീസണിൽ ബാംഗ്ലൂരുമായി നടന്ന മത്സരത്തിലുണ്ടായ വിവാദങ്ങൾക്കും കിട്ടിയ അപമാനത്തിനും പണി കൊടുക്കാനാണ്. എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആ ആഗ്രഹം സാധിച്ചു കൊടുത്തു, ആദ്യ മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്ക് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞു ജയം സ്വന്തമാക്കി.

മത്സരവുമായി ബന്ധപ്പെട്ട ഒരു വിവാദം ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുകയാണ്. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങളെ ചെറുത്ത് നിൽക്കാൻ ആകാത്ത സമ്മർദ്ദം വംശീയ അധിക്ഷേപമായി പ്രകടിപ്പിച്ചത് അവരുടെ വിദേശ താരമായ റയാൻ വില്യംസ് ആണ്. ഐബാൻബ ഡോഹ്‌ലിങ്ങിനെതിരേയാണ് വംശീയ ചുവയുള്ള ആംഗ്യങ്ങൾ ബെംഗളൂരു താരം കാട്ടിയത്. മത്സരം മുറുകുന്നതിനിടെയായിരുന്നു താരത്തിന്റെ അധിക്ഷേപം കലർന്ന ആംഗ്യം വന്നത്. നടപടി എടുക്കണം എന്നും ഈ സംഭവത്തെ അത്ര ലഘുവായി കാണരുതെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഫുട്‍ബോൾ പ്രേമികളും ആവശ്യപെടുന്നുണ്ട്.

കളിയുടെ 82 മത്തെ മിനിറ്റിലായിരുന്നു സംഭവം. പന്തിനായി ഐബാനെതിരേ പോരാടുന്നതിനിടയിൽ വില്യംസുമായി കൊമ്പുകോർത്തു. തൊട്ടുപിന്നാലെ മൂക്ക് പൊത്തി വായ്‌നാറ്റം സൂചിപ്പിക്കുന്ന പോലെ വില്യംസ് പരിഹസിക്കുന്നതും കാണാം. ഇത്തരത്തിലുള്ള അധിക്ഷേപങ്ങളും മുമ്പും ഫുട്‍ബോൾ ലോകത്ത് നടന്നിട്ടുണ്ട്. അതിനാൽ തന്നെ ഈ ചിത്രവുമായി അതിനെയൊക്കെ ആരാധകർ ബന്ധപ്പെടുത്തുന്നുമുണ്ട്.

ഗ്രൗണ്ടിലെ ദൃശ്യങ്ങൾ കളി കഴിഞ്ഞ ശേഷമാണ് വൈറലാകുന്നതും ആരാധകർ ചർച്ച ചെയ്യുന്നതും. കളിയിൽ തോറ്റ ദേഷ്യം തീർക്കേണ്ടത് ഇങ്ങനെ അല്ലെന്നും ഇത്തരത്തിൽ ഉള്ള പ്രവർത്തി ചെയ്യുന്നത് അപമാനകരം ആണെന്നും വിദേശ താരത്തെ ആരാധകർ ഓർമിപ്പിച്ചു. എന്തായാലും കുറ്റം തെളിയിക്കപ്പെട്ടാൽ താരത്തിന് വിലക്കോ പിഴയോ ഉണ്ടാകാൻ സാധ്യതയുണ്ട്.

എന്തായാലും മഴയിൽ കുതിർന്ന മത്സരത്തിന്റെ ഓരോ മിനിട്ടിലും ആവേശകരമായ കാഴ്ചകളാൽ നിറഞ്ഞതായിരുന്നു. ബ്ലാസ്റ്റേഴ്‌സ് തന്നെ ആയിരുന്നു മത്സരത്തിന്റെ ഇരുപകുതിയിലും ആധിപത്യം പുലർത്തിയത്.