'ദൈവം' പറഞ്ഞു ഞാന്‍ 'ദൈവമല്ല'

കൊല്‍ക്കത്തിയിലെത്തിയ ഫുട്‌ബോള്‍ ദൈവം ആരാധകരോട് പറഞ്ഞു; ഞാന്‍ ദൈവമല്ല. ഫുട്‌ബോളൊരു മതമാണെങ്കില്‍ മറഡോണ ദൈവമാണെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് സംശയമില്ല. എന്നാല്‍, താന്‍ ദൈവമല്ലെന്നും തന്നെ അങ്ങിനെ വിളിക്കരുതെന്നും ഇന്ത്യന്‍ ഫുട്‌ബോളിന്റെ തറവാടായ കൊല്‍ക്കത്തിയിലെത്തിയ മറഡോണ പറഞ്ഞു. ദൈവവുമായി ബന്ധപ്പെടുത്തി തനിക്കുള്ള വിശേഷണം ആദ്യമായാണ് താരം തള്ളുന്നത്.

താനൊരു ദൈവമല്ല. സാധാരണക്കാരനായ മനുഷ്യന്‍ മാത്രമാണ്. കൊല്‍ക്കത്തയിലെ ശ്രീഭൂമി സ്പോര്‍ട്ടിങ് ക്ലബ്ബില്‍ ചാരിറ്റി ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മറഡോണ. സപ്തംബര്‍ 19നായിരുന്നു അദ്ദേഹം ഇന്ത്യയില്‍ വരേണ്ടിയിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ഇതു നീണ്ടു പോവുകയായിരുന്നു.

ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ മറഡോണയെ കാണാന്‍ നിരവധിയാരാധകരാണ് എത്തിയിരുന്നത്. ചടങ്ങില്‍ തന്റെ പ്രതിമ മറഡോണ അനാച്ഛാദാനം ചെയ്തു. ഇന്ത്യയില്‍ നിന്നു തിരിച്ചുപോവുന്നതിനു മുമ്പ് ഒരു പ്രദര്‍ശന മല്‍സരത്തിലും അദ്ദേഹം ബൂട്ടണിയുന്നുണ്ട്. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ സൗരവ് ഗാംഗുലി നയിക്കുന്ന ടീമിനെതിരേയാണ് മറഡോണയും സംഘവും ഏറ്റുമുട്ടുക. ഡീഗോ / ദാദ എന്നാണ് മല്‍സരത്തിനു പേരിട്ടിരിക്കുന്നത്.

Read more