'പോയ് മരിക്കെടാ..'; ചെല്‍സി കോച്ചിനും കുടുംബത്തിനും വധഭീഷണി; ആരാധകര്‍ക്ക് അരിശപ്പെടാന്‍ അവകാശമുണ്ടെന്ന് പോട്ടര്‍

ടീമിന്റെ നിരാശാജനകമായ ഫോമില്‍ നിരാശരായ ചെല്‍സി അനുയായികളില്‍ നിന്ന് തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് പരിശീലകന്‍ ഗ്രഹാം പോട്ടര്‍. ടീം അവസാനം കളിച്ച 14 കളികളില്‍ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്. ഏറ്റവുമൊടുവില്‍ പ്രിമിയര്‍ ലീഗില്‍ സതാംപ്ടണോടും ടീം തോല്‍വി വഴങ്ങി. ഇതോടെ പോട്ടറെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

തനിക്ക് നിരന്തരം കത്തുകള്‍ ലഭിക്കുന്നുണ്ടെന്നും പോയി മരിക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഗ്രഹാം പോട്ടര്‍ പറഞ്ഞു. മക്കള്‍ക്കു നേരെയും ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വന്‍ പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ ആരാധകര്‍ക്ക് അരിശപ്പെടാന്‍ അവകാശമുണ്ടെന്നും ഇത്തരം ആക്ഷേപങ്ങള്‍ തന്നെ തളര്‍ത്തില്ലെന്നും പോട്ടര്‍ കൂട്ടിച്ചേര്‍ത്തു.

കോച്ചിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് ക്ലബ് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ലീഗില്‍ 10ാം സ്ഥാനത്തുള്ള മുന്‍ ചാമ്പ്യന്‍സ് ലീഗ് കിരീട ജേതാക്കളുടെ മോശം പ്രകടനത്തില്‍ ആരാധകര്‍ അസ്വസ്തരായ സാഹചര്യത്തില്‍ തങ്ങളെ ഏറെ ശ്രദ്ധാലുക്കളാണെന്നും ക്ലബ്ബിനോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.

തോമസ് ടുഷേലിന്റെ പിന്‍ഗാമിയായാണ് പോട്ടര്‍ ചെല്‍സി പരിശീലകനായി ചുമതലയേല്‍ക്കുന്നത്. അതിനു ശേഷം ടീം മൊത്തം 29 കളികളില്‍ ഒമ്പതു വിജയം മാത്രമാണ് നേടിയത്. ഇതാണ് കടുത്ത രോഷം ഉയര്‍ത്തുന്നത്.