ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

പഞ്ചാബ് കിംഗ്സിനെതിരായ മത്സരം തോറ്റതിന് പുറമേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തളര്‍ത്തി മറ്റ് ചില തിരിച്ചടികളും. ദീപക് ചാഹറിനേറ്റ പരിക്ക് പ്രശ്‌നകരമാണെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗ് പറഞ്ഞു. താരം ഇനി ഈ സീസണുല്‍ കളിക്കുന്ന കാര്യം സംശയമാണ്.

വിസ നടപടിക്രമങ്ങള്‍ക്കായി മതീശ പതിരണയും മഹേഷ് തീക്ഷണയും ശ്രീലങ്കയിലേക്ക് പോയതായും സ്റ്റീഫന്‍ ഫ്‌ലെമിംഗ് സ്ഥിരീകരിച്ചു. അതോടൊപ്പം ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ സിംബാബ്വെക്ക് എതിരായ സീരീസിനായി നാട്ടിലേക്ക് മടങ്ങി. താരം ഇനി മടങ്ങിവരില്ലെന്നാണ് അറിയുന്നത്. ബൗക്കര്‍ തുശാര്‍ പാണ്ഡെ വൈറല്‍ പനി ബാധിച്ച് വിശ്രമത്തിലാണ്.

ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ പഞ്ചാബ് 7 വിക്കറ്റിന് പരാജയപെടുത്തി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ചെന്നൈയെ 162-ല്‍ ഒതുക്കിയ പഞ്ചാബ് 17.5 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. സീസണില്‍ പഞ്ചാബിന്റെ നാലാം ജയമാണിത്. ചെന്നൈയുടെ അഞ്ചാം തോല്‍വിയും.

ജോണി ബെയര്‍സ്റ്റോ, റൈലി റൂസ്സോ എന്നിവരുടെ ഇന്നിംഗ്സാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. പ്രധാന ബോളറായ ദീപക് ചാഹര്‍ രണ്ടു പന്തുകള്‍ മാത്രം എറിഞ്ഞ ശേഷം പരിക്കേറ്റ് മടങ്ങിയതും മതീഷ പതിരണയുടെ സേവനം നഷ്ടമായതും ചെന്നൈക്ക് കാര്യങ്ങള്‍ കടുപ്പമാക്കി.