ചരിത്രനേട്ടം, ഐ ലീഗിനു പിന്നാലെ വനിതാ ലീഗിലും കിരീടം നിലനിര്‍ത്തി ഗോകുലം

ഐ ലീഗിനു പിന്നാലെ വനിതാ ലീഗിലും കിരീടം നിലനിര്‍ത്തി കേരളത്തിന്റെ പ്രിയ ടീം ഗോകുലം കേരള എഫ്‌സി. അവസാന മത്സരത്തില്‍ സേതു എഫ്.സി.യെ 3-1 ന് തോല്‍പ്പിച്ചാണ് ഗോകുലം കിരീടം നിലനിര്‍ത്തിയത്.

ഗോകുലത്തിനായി ആശാലതാ ദേവി (പെനാല്‍ട്ടി 14), എല്‍ഷദായ് അചെയംപോങ് (33), മനീഷാ കല്യണ്‍ (40) എന്നിവര്‍ ഗോള്‍ നേടി. സേതു എഫ്.സി.ക്കായി രേണുദേവിയാണ് (മൂന്ന്) ഗോള്‍ നേടിയത്.

ജയത്തോടെ ഗോകുലം വനിതാ ടീമിന്റെ അപരാജിത കുതിപ്പ് 21 മത്സരങ്ങള്‍ പിന്നിട്ടു. കേരള വനിതാ ലീഗില്‍ കളിച്ച 10 മത്സരത്തില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയായിരുന്നു ഗോകുലത്തിന്റെ കിരീടധാരണം.

കഴിഞ്ഞ 14ന് ഗോകുലത്തിന്റെ പുരുഷ ടീം ഐ ലീഗ് ചാംപ്യന്മാരായിരുന്നു. കഴിഞ്ഞ സീസണിലും പുരുഷ വനിതാ ലീഗ് കിരീടങ്ങള്‍ നേടിയ ഗോകുലം ഇത്തവണയും അപൂര്‍വനേട്ടം ആവര്‍ത്തിച്ചു.

രണ്ട് കിരീടങ്ങളും ഒരുമിച്ചു നിലനിര്‍ത്തുന്ന ആദ്യ ക്ലബ്ബായി ഇതോടെ ഗോകുലം മാറി. ഈ ജയത്തോടെ വനിതാ എ.എഫ്.സി. കപ്പിന് ഗോകുലം യോഗ്യത നേടി.