തോല്‍വിയ്ക്ക് കാരണം ഭാര്യമാരും കാമുകിമാരും; മുന്‍ ചാമ്പ്യന്മാരെ 'കുരിശേല്‍ കയറ്റി' അധികൃതര്‍

തുടര്‍ച്ചയായി രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ജര്‍മന്‍ താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍. താരങ്ങളുടെ ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കുമൊപ്പമുള്ള സമയം ചെലവഴിക്കലാണ് ഖത്തര്‍ ലോകകപ്പില്‍ നിന്ന് ടീം പുറത്തായതിന് പ്രധാന കാരണമെന്നാണ് വിമര്‍ശനം.

ലോകകപ്പ് ക്യാമ്പിലാണെന്ന് പോലും പലരും മറന്നു. താരങ്ങള്‍ ഒരു അവധിക്കാലത്തിന്റെ മൂഡിലായിരുന്നു. ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കുമൊപ്പം സമയം ചെലവഴിക്കാനായിരുന്നു അവര്‍ക്ക് തിടുക്കം. കോസ്റ്ററീക്കയ്ക്കെതിരെയുള്ള മത്സരത്തിന് മുന്‍പ് ടീമിന്റെ തയ്യാറെടുപ്പിനെ ഇത് ബാധിച്ചെന്നും അസോസിയേഷന്‍ വിമര്‍ശിച്ചു.

Sophia Weber, right, in the stands for Germany's match against Japan on Nov. 23, 2022, in Doha, Qatar.

ടീം താമസിച്ച ഹോട്ടലില്‍ പങ്കാളികളെ അനുവദിക്കാത്തതില്‍ ചില കളിക്കാര്‍ക്ക് അതൃപ്തിയുണ്ടായിരുന്നതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അസോസിയേഷന്റെ വിമര്‍ശനത്തില്‍ പരിശീലകന്‍ ഹാന്‍സി ഫ്ളിക് ഇനിയും പ്രതികരിച്ചിട്ടില്ല.

2018 റഷ്യന്‍ ലോകകപ്പ് ആവര്‍ത്തിച്ചാണ് 2014ലെ ചാംപ്യന്‍മാരായ ജര്‍മ്മനി ഖത്തര്‍ ലോകകപ്പില്‍ നിന്നും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത്. ഗ്രൂപ്പ് ഇയിലെ അവസാന മല്‍സരത്തില്‍ കോസ്റ്ററിക്കയെ ജര്‍മ്മനി പരാജയപ്പെടുത്തിയിരുന്നു എങ്കിലും ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ജപ്പാന്‍ സ്പെയിനിനെ 2-1ന് അട്ടിമറിച്ചതോടെ ജര്‍മ്മനിയുടെ പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു.