അഞ്ച് മിനിറ്റില്‍ 'ഇരുട്ടടി'; അര്‍ജന്റീനയുടെ നെഞ്ച് തകര്‍ത്ത് സൗദി, വമ്പന്‍ അട്ടിമറി

കിരീട പ്രതീക്ഷകളുമായെത്തിയ അര്‍ജന്റീനയെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അട്ടിമറിച്ച് ഞെട്ടിച്ച് സൗദി അറേബ്യ (2-1). ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായിപ്പോയ സൗദി അറേബ്യ, രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് അര്‍ജന്റീനയെ ഞെട്ടിച്ചത്.

സാല അല്‍ ഷെഹ്‌റി (48), സാലെം അല്‍ ഡവ്സാരി (53) എന്നിവരാണ് സൗദിക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ 10ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റിയില്‍നിന്നാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ മെസിയുടെ ഗോളിനു ശേഷം മൂന്നു തവണ കൂടി പന്ത് സൗദി വല കുലുക്കിയെങ്കിലും അതെല്ലാം ഓഫ്സൈഡ് കെണിയില്‍ കുരുങ്ങിയത് തിരിച്ചടിയായി. 22ാം മിനിറ്റില്‍ തകര്‍പ്പന്‍ ഒറ്റയാന്‍ മുന്നേറ്റത്തിലൂടെ മെസി വീണ്ടും ആരാധകരെ ഇളക്കിമറിച്ചെങ്കിലും റഫറി അത് ഓഫ്സൈഡ് വിളിച്ചു. പിന്നാലെ 28ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനെസ്സിലൂടെ അര്‍ജന്റീന വലകുലുക്കിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി അത് ഓഫ് സൈഡ് വിളിച്ചു.

34ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീന പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതും ഓഫ്സൈഡ് കെണിയില്‍ കുരുങ്ങി. അര്‍ജന്റീന 4-2-3-1 ശൈലിയില്‍ കളിച്ചപ്പോള്‍ സൗദി അറേബ്യ 4-4-1-1 ശൈലിയിലാണ് കളിച്ചത്.

അപരാജിതരായി 36 മത്സരങ്ങള്‍ എന്ന പകിട്ടോടെയാണ് ഇന്ന് അര്‍ജന്റീന ലുസൈല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യയ്ക്കെതിരെ മത്സരത്തിന് ഇറങ്ങിയത്. എന്നാല്‍ തോല്‍വിയോടെ കളം വിടാനായിരുന്നു വിധി.

ലോകകപ്പ് വേദികളിലെ ഭാഗ്യമില്ലായ്മ ഖത്തറിലും അര്‍ജന്‍റീനയെ കീഴടക്കിയിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ കളിച്ച ആറ് ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്റീനയുടെ നാലാം തോല്‍വിയാണിത്. അതിനു മുന്‍പു കളിച്ച 24 ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്റീന തോറ്റത് വെറും മൂന്നു മത്സരങ്ങളില്‍ മാത്രമാണ്. 16 മത്സരങ്ങളില്‍ ജയിച്ച അവര്‍ അഞ്ച് മത്സരങ്ങളില്‍ സമനില വഴങ്ങി.