എന്റെ കൂടെ സെല്‍ഫിയോ.., ചെറിയ ആഗ്രഹമൊന്നുമല്ലല്ലോ..; എതിര്‍ ടീം സ്റ്റാഫിനെ തള്ളിമാറ്റി റൊണാള്‍ഡോ; വീഡിയോ വൈറല്‍

സൗദി പ്രോ ലീഗ് മത്സരത്തിന് ശേഷം ഗ്രൗണ്ടില്‍നിന്ന് മടങ്ങും നേരം സെല്‍ഫിയെടുക്കാനെത്തിയ എതിര്‍ ടീമിന്റെ സ്റ്റാഫിനെ തള്ളിമാറ്റി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ നസറും അല്‍ ഖലീജുമായി നടന്ന മത്സരത്തിന് ശേഷമാണ് സംഭവം.

മത്സരം അവസനിച്ചതിന് പിന്നാലെയാണ് അല്‍ ഖലീജ് സ്റ്റാഫിലെ ഒരാള്‍ സെല്‍ഫിയെടുക്കാന്‍ റൊണാള്‍ഡോയുടെ സമീപത്തെത്തിയത്. ഫോട്ടോയെടുക്കാന്‍ വിസമ്മതിച്ച റൊണാള്‍ഡോ ഇയാളെ തള്ളിനീക്കിയ ശേഷം ഗ്രൗണ്ട് വിട്ടു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

മത്സരം 1-1 ന് സമനിലയിലാണ് പിരിഞ്ഞത്. അല്‍ ഖലീജിനെതിരെ വിജയിച്ചിരുന്നെങ്കില്‍ റൊണാള്‍ഡോ നയിക്കുന്ന അല്‍ നസറിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താമായിരുന്നു. മത്സരം തുടങ്ങി നാലാം മിനിറ്റില്‍ ഫാബിയോ മാര്‍ട്ടിന്‍സിന്റെ ഹെഡറിലൂടെയാണ് ഖലീജ് ലീഡ് നേടിയത്.

എന്നാല്‍ 17ാം മിനിറ്റില്‍ അല്‍വാരോ ഗോണ്‍സാലസിലൂടെ അല്‍ നസര്‍ സമനില പിടിച്ചു. കൂടുതല്‍ ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ അല്‍ നസറിന് സാധിച്ചില്ല.