ഡിബ്രൂയന്റെ മികച്ച അഞ്ചു താരങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ല ; നെയ്മറും മെസ്സിയും വാന്‍ജിക്കും

ലോകത്തെ ഏറ്റുവും മികച്ച അഞ്ചു ഫുട്‌ബോള്‍ താരങ്ങളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഭൂരിഭാഗം വിട്ടുകളയാത്ത പേരാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയുടേത്. എന്നാല്‍ ഇന്ന് കളിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയന്റെ ഏറ്റവും മികച്ച അഞ്ചുപേരില്‍ ക്രിസ്ത്യാനോ ഇല്ല.

അതേസമയം ക്രിസ്ത്യാനോയുടെ മുഖ്യഎതിരാളിയായ ലിയോണേല്‍ മെസ്സിയും നെയ്മറും ഉണ്ട് താനും. തന്നെ പോലും ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ പെടുത്താത്ത ഡിബ്രൂയന്‍ മാഞ്ചസ്റ്റര്‍ സിറ്റി സഹതാരമായ ബെര്‍ണാഡോ സില്‍വ, ചെല്‍സി മിഡ്ഫീല്‍ഡര്‍ എന്‍ഗോളോ കാന്റെ, ലിവര്‍പൂള്‍ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡൈക്ക് എന്നിവരെയാണ് തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഡി ബ്രൂയന്റെ ഫൈവ്-എ-സൈഡ് ടീമിലാണ് ഈ അഞ്ചുപേരുമുള്ളത്.

ഗോള്‍കീപ്പറെ ഒഴിവാക്കി ഏറ്റവും മികച്ചതായി കരുതുന്ന അഞ്ചു താരങ്ങളുടെ ടീമിനെ തിരഞ്ഞെടുക്കാന്‍ റിയോ ഫെര്‍ഡിനാന്‍ഡ് നടത്തിയ ഒരു ചാറ്റിലാണ് താരത്തോട് ആവശ്യപ്പെട്ടത്. ലിവര്‍പൂളിന്റെ ഹോളണ്ട് താരം വിര്‍ജില്‍ വാന്‍ ഡൈക്കിനെ ബെല്‍ജിയന്‍ താരം പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

ടീമിനെ തിരഞ്ഞെടുത്തതിനു ശേഷം പരിക്കിനു മുന്‍പ് അവിശ്വസനീയമായ പ്രകടനം നടത്തിയിരുന്ന താരം ഇപ്പോള്‍ വീണ്ടും തന്റെ നിലവാരത്തിലേക്ക് എത്തിയെന്നും റൂബന്‍ ഡയസ് അടക്കമുള്ള താരങ്ങള്‍ക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച മൂന്നു പ്രതിരോധതാരങ്ങളില്‍ ഒരാളാണ് വാന്‍ ഡൈക്കെന്നും കെവിന്‍ ഡി ബ്രൂയ്ന്‍ പറഞ്ഞു.