യുണൈറ്റഡ് തോറ്റെങ്കിലും ക്രിസ്റ്റ്യാനോയ്ക്ക് സന്തോഷം; കളത്തില്‍ തീര്‍ത്തത് പുതിയ കണക്ക്

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സ്വിസ് ടീം യങ് ബോയ്‌സിനോട് തോറ്റതിന്റെ നാണക്കേടിലാണ് ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചുവന്ന ചെകുത്താന്‍മാരെ സ്വിസ് പട ഞെട്ടിച്ചത്. ടീം തോറ്റെങ്കിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചില നേട്ടങ്ങള്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തു.

ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന സ്പാനിഷ് ഗോള്‍ കീപ്പിംഗ് ഇതിഹാസം ഇകര്‍ കസിയസിന്റെ റെക്കോഡിനെയാണ് ക്രിസ്റ്റ്യാനോ ഒപ്പംപിടിച്ചത്. ഇരുവരും 177 മത്സരങ്ങളില്‍ വീതം ബൂട്ടുകെട്ടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്കായാണ് സിആര്‍7 ഇത്രയും മത്സരങ്ങള്‍ കളിച്ചത്. കസിയസ് വിരമിച്ചതിനാല്‍ റോണോ അധികം വൈകാതെ റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാക്കുമെന്നത് ഉറപ്പാണ്.

യങ് ബോയ്‌സിനെതിരെ മാഞ്ചസ്റ്റര്‍ യുണൈഡിന്റെ ഏക സ്‌കോററായ ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗിലെ ആകെ ഗോള്‍ നേട്ടം 135 ആയി ഉയര്‍ത്തുകയും ചെയ്തു. 120 ഗോളുകളോടെ റോണോയുടെ പ്രധാന എതിരാളി പിഎസ്ജിയുടെ അര്‍ജന്റൈന്‍ ഫോര്‍വേഡ് ലയണല്‍ മെസിയാണ് ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളുടെ കാര്യത്തിലും ക്രിസ്റ്റ്യാനോയ്ക്ക് പിന്നിലാണ് മെസി. 149 മത്സരങ്ങള്‍ ഇതുവരെ മെസി കളിച്ചിട്ടുണ്ട്.