പുതിയ ക്ലബ് ഏതെന്ന് ഉറപ്പിച്ച് ക്രിസ്റ്റ്യാനോ; മെസിയുടെ പിഎസ്ജി പ്രവേശം മനസുതകര്‍ത്തു

സ്പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ നിന്നുള്ള ലയണല്‍ മെസിയുടെ കൂടുമാറ്റം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മനസ് തകര്‍ത്തെന്ന് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഈ സീസണില്‍ തന്നെ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് വിട്ടുപോകാനാണ് ക്രിസ്റ്റ്യാനോയുടെ നീക്കം. ഇതിനായുള്ള ചര്‍ച്ചകള്‍ താരവും ക്ലബ്ബും ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ് ക്രിസ്റ്റ്യാനോയുടെ മനസിലുള്ളത്. ടോട്ടനത്തില്‍ നിന്നും ഹാരി കെയ്‌നിനെ വാങ്ങാനാണ് സിറ്റിയുടെ ശ്രമം. എന്നാല്‍ ഗോളടിമികവ് കുറഞ്ഞിട്ടില്ലാത്ത ക്രിസ്റ്റിയാനോയെ അത്ര വലിയ തുകയൊന്നും നല്‍കാതെ ടീമിലെത്തിക്കാന്‍ സാധിച്ചാല്‍ സിറ്റിക്കത് നേട്ടമാകും. റോണോയുടെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബദ്ധ വൈരികളാണ് മാഞ്ചസ്റ്റര്‍ സിറ്റി. എന്നാല്‍ അതൊന്നും സിറ്റിയില്‍ ചേക്കേറുന്നതില്‍ നിന്ന് ക്രിസ്റ്റ്യാനോയെ പിന്തിരിപ്പിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

മെസി മികച്ച പ്രതിഫലത്തോടെ, താന്‍ കണ്ണുവച്ചിരുന്ന പിഎസ്ജിയിലേക്ക് പോയത് ക്രിസ്റ്റ്യാനോയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ട്. യുവന്റസില്‍ താരം ഒട്ടും സംതൃപ്തനുമല്ല. മെസിയുടെ കൂടുമാറ്റശേഷം യുവന്റസിലെ സഹതാരങ്ങളോടും കോച്ച് മാസിമിലിയാനോ അല്ലെഗ്രിയോടും ക്രിസ്റ്റ്യാനോ കാര്യമായി സംസാരിക്കാറില്ലെന്നും ക്ലബ്ബുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.