ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തില്‍ ദുഖം രേഖപ്പെടുത്തി മലയാളി സൂപ്പര്‍ താരം സികെ വിനീത്. ഗോളടിക്കാതെ രണ്ട് ഹോം മാച്ച് പിന്നിട്ടതില്‍ വിഷമമുണ്ടെന്നും മുംബൈ സിറ്റിക്കെതിരായ അടുത്ത മാച്ചില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും സികെ വിനീത് ഉറപ്പ് നല്കി.
ആദ്യ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം വളരെ മോശമായിരുന്നുവെന്ന് വിനീത് തുറന്ന് സമ്മതിച്ചു. പന്തുമായി എതിര് പെനാല്‍റ്റിബോക്സില്‍ കടക്കുന്നതില്‍ ബ്ലാസ്റ്റേഴ്സ് പലപ്പോഴും പരാജയമായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ടീമിനെയും തന്നെ വ്യക്തിപരമായും സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കുന്നതില്‍ കടുത്ത വിഷമമുണ്ടെന്നും വിനീത് പറയുന്നു.
തന്റെ പ്രകടനത്തില്‍ വ്യക്തിപരമായി സന്തുഷ്ടനല്ലെന്ന് പറഞ്ഞ വിനീത് അടുത്ത മത്സരത്തോടെ കൂടുതല്‍ ഗോളുകളും മുന്നേറ്റവും നടത്താമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. ബെര്‍ബറ്റോവിനെ പോലെയുള്ള സൂപ്പര്‍താരങ്ങള്‍ പന്ത് ലഭിക്കുന്നതിന് മുന്‍പായി തന്നെ അടുത്ത നീക്കം മനസ്സില്‍ കാണാന്‍ കഴിവുള്ളവരാണ്. അതേ നിലവാരത്തിലേക്ക് മറ്റുള്ള താരങ്ങള്‍ക്ക് ഉയരാന്‍ ഇതുവരെ സാധിക്കാത്തതാണ് ബ്ളാസ്റ്റേഴ്സിന്റെ പ്രതിസന്ധിയെന്നാണ് വിനീതിന്റെ വിലയിരുത്തല്‍.
Read more
വന്‍ താരനിരയും വലിയ പ്രതീക്ഷയുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യ രണ്ട് മത്സരങ്ങളില്‍ ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. ഐഎം വിജയനടക്കമുള്ള പ്രമുഖര്‍ ആദ്യ രണ്ടുകളികളിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവരികയും ചെയ്തിരുന്നു.