എംബപ്പേയുടെ കാര്യത്തിൽ വമ്പൻ ട്വിസ്റ്റ്, റയലിനൊപ്പം ശ്രമം നടത്തി രണ്ട് വമ്പന്മാരും; ആകാംഷയിൽ ആരാധകർ

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുമായുള്ള എംബപ്പേയുടെ കോൺട്രാക്ട് ഉടൻ തന്നെ അവസാനിക്കാൻ പോകുകയാണ്. ഈ കോൺട്രാക്ട് താരം പുതുക്കില്ല എന്നുള്ളത് നേരത്തെ തന്നെ ചില റിപ്പോർട്ടുകളിൽ നിന്നും വ്യക്തമായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ കാര്യത്തിൽ ഒരു വമ്പൻ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. താൻ പി.എസ്.ജി വിടാൻ ഒരുങ്ങുകയാണെന്ന് താരം ക്ലബ്ബിനെ അറിയിച്ചുകഴിഞ്ഞിരിക്കുന്നു. റയൽ മാഡ്രിഡിലേക്ക് ചേരുന്നതിന്റെ വക്കിലാണ് ഇപ്പോൾ എംബപ്പേ എന്നാണ് മനസിലാക്കുന്നത്.

തനിക്ക് ഇനി ക്ലബ്ബിൽ തുടരാൻ താത്പര്യം ഇല്ലെന്ന് താരം അറിയിച്ചുകഴിഞ്ഞിരിക്കുന്നു. ഫ്രീ ഏജന്റ് താരം ക്ലബ് വിടാൻ ഒരുങ്ങുമ്പോൾ താരത്തെ സ്വന്തമാക്കാൻ റയൽ മുന്നിലാണ്. പല തവണ താരത്തെ സ്വന്തമാക്കുന്നതിന്റെ വക്കത്ത് എത്തിയിട്ട് റയലിന് അത് സാധിച്ചില്ല. അതിനാൽ തന്നെ ഇപ്പോഴില്ലെങ്കിൽ ഇനി ഒരിക്കലും ഇല്ല എന്ന നിലയിലാണ് റയൽ താരത്തിനായി ശ്രമിക്കുന്നത്. റയൽ കൂടാതെയും ചില ടീമുകൾ താരത്തിനായി നോക്കി ഇരിപ്പുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.

സൂപ്പർ ക്ലബ്ബുകളിൽ ഒന്നായ ബാഴ്സലോണ താരത്തിൽ താൽപര്യം പ്രകടിപ്പിക്കുകയും അന്വേഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് വീർപ്പുമുട്ടുന്ന ബാഴ്സക്ക് താരത്തെ സ്വന്തമാക്കാൻ ബുദ്ധിമുട്ടാകും. മാത്രമല്ല ഒരുപാട് നിയന്ത്രണങ്ങളും ഇപ്പോൾ ടീമിന് ഉണ്ട്.

ഇംഗ്ളീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്സണലും താരത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയും വില്ലൻ സാമ്പത്തിക ബുദ്ധിമുട്ട് തന്നെയാണ്. അതിനാൽ തന്നെ റയൽ തന്നെ താരത്തെ സ്വന്തമാക്കും എന്ന് ഉറപ്പാണ്.