റയലിനെ തീർത്ത് ഈ വർഷം ലീഗ് അടിക്കാൻ ബാഴ്‌സയ്ക്ക് പുതിയ എഞ്ചിൻ, സൂപ്പർ താരം ജനുവരിയിൽ ടീമിലെത്തും; നടന്നാൽ വമ്പൻ ലാഭം

ചെൽസി സൂപ്പർ താരം എൻഗോലോ കാന്റെ ബാഴ്‌സലോണയുമായി വിപുലമായ ചർച്ചകളിലാണെന്നും ജനുവരിയിൽ ഒരു പ്രാഥമിക കരാർ ഒപ്പിടാൻ താൽപ്പര്യമുണ്ടെന്നും സ്പാനിഷ് ഔട്ട്‌ലെറ്റ് സ്‌പോർട്ട് റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്‌ഫീൽഡറുമാരിൽ ഒരാളായ കാന്റെയെ ടീമിൽ കിട്ടിയാൽ ബാഴ്‌സയ്ക്ക് അത് വലിയ ഗുണം ആകുമെന്ന കാര്യത്തിൽ സംശയം ഇല്ല.

കഴിഞ്ഞ രണ്ട് സീസണുകളിൽ പരിക്കിന്റെ ആശങ്കകൾ കാരണം പലപ്പോഴും ടീമിൽ വന്നുപോകുന്ന അതിഥി മാത്രം ആയിരുന്നിട്ടും മിഡ്ഫീൽഡറിൽ ബാഴ്‌സയ്ക്ക് താൽപ്പര്യമുണ്ട്. സാവി പരിശീലകനായി എത്തിയതോടെ വലിയ തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ ബാഴ്‌സ.

സെർജിയോ ബുസ്‌ക്വെറ്റ്‌സിന്റെ ഭാവി അന്തരീക്ഷത്തിലായതിനാൽ, കളി നിയന്ത്രിക്കാൻ കഴിയുന്ന ഒരു മിഡ്‌ഫീൽഡറെ ചേർത്ത് ടീം സെറ്റ് ആക്കാനാണ് ബാഴ്സയുടെ ഇഷ്ടം. ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിലും 2018 ലെ ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിലും നിർണായക പങ്ക് താരം വഹിച്ചിരുന്നു.

കാന്റെയ്ക്കും കാറ്റലോണിയയിലേക്ക് വരാൻ താൽപ്പര്യമുണ്ടെന്നും ജനുവരിയിൽ ഒരു മുൻകൂർ കരാർ ഒപ്പിടാൻ ആഗ്രഹിക്കുന്നുവെന്നും പറയുന്നു. ഇതുവരെയുള്ള സംഭാഷണങ്ങൾ പോസിറ്റീവ് ആണെന്ന് റിപ്പോർട്ടുണ്ട്.