ബാലന്‍ ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ബാലന്‍ ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദുബായിലെ ഗ്ലോബല്‍ സോക്കര്‍ പുരസ്‌കാര ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഒരു പോര്‍ച്ചുഗീസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വിമര്‍ശനം.

ഒരു തരത്തില്‍ ഈ അവാര്‍ഡുകള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെടുന്നതായി ഞാന്‍ കരുതുന്നു. നമ്മള്‍ മുഴുവന്‍ സീസണും വിശകലനം ചെയ്യണം. മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ അതിന് അര്‍ഹരല്ലെന്നല്ല പറയുന്നത്. ഞാന്‍ ഇനി ഈ അവാര്‍ഡുകളില്‍ വിശ്വസിക്കുന്നില്ല.

അത് ഞാന്‍ ഗ്ലോബ് സോക്കര്‍ വിജയിച്ചതുകൊണ്ടല്ല. പക്ഷേ ഇവ വസ്തുതകളാണ്, കണക്കുകളാണ്, കണക്കുകള്‍ കള്ളംപറയില്ല. അവര്‍ക്ക് ഈ നമ്പറുകളുടെ ട്രോഫി എന്നില്‍ നിന്ന് എടുക്കാന്‍ കഴിയില്ല, കാരണം ഇത് ഒരു യാഥാര്‍ഥ്യമാണ്, അതിനാല്‍ ഇത് എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു, കാരണം എന്റെ നമ്പറുകള്‍ സത്യമാണ്- റൊണാള്‍ഡോ പറഞ്ഞു.

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് അടുത്തിടെ ഈ രണ്ടു പുരസ്‌കാരങ്ങളും സ്വന്തമാക്കിയത് എന്നിരിക്കെ റൊണാല്‍ഡോയുടെ വിമര്‍ശനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാലണ്ടിനെയും പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയും പിന്നിലാക്കിയായിരുന്നു മെസ്സി ഇരു പുരസ്‌കാരങ്ങളും സ്വന്തമാക്കിയത്.

അതേസമയം 2023 കലണ്ടര്‍ വര്‍ഷത്തിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയത് അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 54 ഗോളുകളാണ് 2023ല്‍ റൊണാള്‍ഡോ നേടിയത്.