ഗര്‍ഭിണിയായിരിക്കെ മുന്‍കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ചു; ആന്റണിയെ പുറത്താക്കി ബ്രസീല്‍

ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ഫോര്‍വേഡായ ആന്റണിയെ ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (CBF) ടീമില്‍നിന്ന് പുറത്താക്കി. ഗര്‍ഭിണിയായിരിക്കെ മുന്‍ കാമുകിയെ ക്രൂരമായി മര്‍ദിച്ചെന്ന ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

വാര്‍ത്താകുറിപ്പിലൂടെയാണ് സിബിഎഫ് ഇക്കാര്യം അറിയിച്ചത്. ഇരയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു താരത്തെ ദേശീയ ടീമില്‍നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

ആന്റണിയുടെ മുന്‍ കാമുകി ഗബ്രിയേല കവാലിന്‍ നടത്തിയ ആരോപണങ്ങള്‍ ബ്രസീലിയന്‍ മാധ്യമമായ യുഒഎല്‍ ആണ് വെളിച്ചത്ത് കൊണ്ടുവന്നത്. ആന്റണി തന്നെ ശാരീരികമായി ആക്രമിച്ചുവെന്ന് കാവാലിന്‍ ആരോപിച്ചു. എന്നാലിത് ആന്റണി ശക്തമായി നിഷേധിച്ചു.

സാവോ പോളോയിലും ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലും ആന്റണിക്കെതിരെ ഗബ്രിയേല കവാലിന്‍ പരാതി നല്‍കി. മാഞ്ചസ്റ്ററിലെ ഹോട്ടലില്‍ വച്ചും യാത്രയ്ക്കിടയിലും ഉള്‍പ്പെടെ നിരവധി തവണ ശാരീരികമായി ആക്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. മാഞ്ചസ്റ്ററിലെ മുറിയില്‍ വച്ച് ആന്റണി തലകൊണ്ട് ഇടിക്കുകയും മര്‍ദിക്കുകയും ചെയ്തു.

ഗ്ലാസ് കൊണ്ട് നടത്തിയ ആക്രമണത്തില്‍ വിരല്‍ മുറിഞ്ഞു. കൊലപ്പെടുത്തുമെന്ന് ആന്റണി നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇവര്‍ പരാതിയില്‍ പറയുന്നു. ആന്റണിയെ ബ്രസീല്‍ പുറത്താക്കിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തിരിച്ചടിയായിരിക്കുകയാണ്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ താരത്തെ മാറ്റിനിര്‍ത്തേണ്ട അവസ്ഥയിലാണ് ക്ലബ്ബ്.