ഒറ്റ ഫ്രീകിക്ക് മതി മുഖത്തിന്റെ ഷേപ്പ് മാറി മറിയാൻ, റൊണാൾഡോയുടെ പവർ ഫ്രീകിക്ക് കൊണ്ടത് ക്യാമറാമാന്റെ മുഖത്ത്; അൽ നാസർ ജയത്തിനിടയിലും റൊണാൾഡോക്ക് ട്രോൾ

സൗദി പ്രൊ ലീഗിൽ അൽ നാസർ തങ്ങളുട വിജയകുതിപ്പ് തുടരുന്ന കാഴ്ചയാണ് . അൽ റഈദിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അൽ നാസർ തകർത്തെറിഞ്ഞത്. സമീപകാലത്തായി തുടരുന്ന മികച്ച ഫോം ടീമും റൊണാൾഡോയും ഇന്നലെയും തുടരുന്ന കാഴ്ചയാണ് ഇന്നലെയും കണ്ടത്.

സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിലെ ഇഞ്ചുറി ടൈമിൽ സെനഗൽ താരം സാദിയോ മാനെയിലൂടെയാണ് അൽ നസർ മുന്നിലെത്തിയത്. പെനാൽറ്റി ബോക്‌സിന് ഉള്ളിൽ നിന്നാണ് മാനെ ലക്ഷ്യത്തിലേക്ക് തൊടുത്തുവിട്ടത്. രണ്ടാം പകുതിയിലെ 49ാം മിനിട്ടിൽ ടാലിസ്കോയിലൂടെ അൽ നാസർ വീണ്ടും ഗോൾ കണ്ടെത്തി. പെനാൽറ്റി ബോക്സിന്റെ പുറത്ത് നിന്നും തന്റെ ഇടം കാലിൽ നിന്നും തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് അൽ റഈദിന്റെ പോസ്റ്റിലേക്ക് തുളച്ചുകയറുകയായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ പിറന്നത് 78 ആം മിനിറ്റിലാണ്. ബോക്‌സിന് ഉള്ളിൽ നിന്നാണ് താരം ലക്ഷ്യത്തിലേക്ക് പായിച്ചത്.

മത്സരത്തിൽ റൊണാൾഡോ ഗോളടിച്ച് തിളങ്ങി എങ്കിലും താരത്തിന്റെ മറ്റൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അവിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്ക് ഗോൾപോസ്റ്റിന് തൊട്ടുപിന്നിൽ നിൽക്കുക ആയിരുന്ന ക്യാമറ മാനെ താഴെ വീഴ്‌ത്തുന്ന വിഡിയോയാണ് പ്രചരിച്ചത്. റൊണാൾഡോ ഫ്രീ കിക്ക് എടുക്കുമ്പോൾ ക്യാമറമാൻ അത് സും ചെയ്യുന്നത് കാണാമായിരുന്നു.  ശക്തമായ അടി ക്രോസ് ബാറിന് മുകളിലൂടെ അദ്ദേഹത്തിന്റെ മുഖത്ത് തന്നെ പതിക്കുക ആയിരുന്നു. അദ്ദേഹം താഴെ വീഴുന്നതും വിഡിയോയിൽ കാണാം.

എന്തായാലും റൊണാൾഡോ പഴയത് പോലെ മികച്ച ഫോമിൽ കളിക്കുമ്പോൾ അത് ടീമിന് സന്തോഷം നൽകും.